Sat. May 16th, 2026

✍️ ലിബി.സി.എസ്

“ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും…”

കവി ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ ‘ഗൌരി’യെന്ന കവിതയിലെ വരികളാണ് ഇവ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പുനർ വായന അർഹിക്കുന്ന കവിത ആണിതെന്ന് തോന്നി.

“കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.“

കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വലപ്രഭാവമായിരുന്ന ഗൌരിയമ്മയെക്കുറിച്ചാണ് ഈ കവിത. കവിയുടെ ചെറുപ്പത്തിൽ ഗൌരിയമ്മയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ ധാരാളം ഉണ്ടായിരുന്നു. ജാതിയ്ക്കും മതത്തിനും എതിരായി നിലകൊണ്ട കമ്മ്യൂണിസ്റ്റ്. സ്വന്തം ജീവിതത്തിലും അതൊക്കെ പകർത്തിക്കാണിച്ച ധീര സഖാവ്.. ഇതിൽ ഈ ബിംബമൊക്കെ ഭദ്രകാളിയാണ് അത് കവി മനപ്പൂർവ്വം ഉപയോഗിച്ചതാണോ എന്ന് അറിയില്ല..

കലികൊണ്ടു നിൽക്കുന്ന ഭദ്രകാളി… ഒരു തരം ഫ്യൂഡൽ ബോധത്തിന്റെ ഉപമയാണിത്… !
എന്തായാലും ഗൌരിയമ്മയെപ്പോലെ ഒരു കമ്മ്യൂണിസ്റ്റുകാരിയെ ഭദ്രകാളിയെന്ന് കവി വിശേഷിപ്പിച്ചത് അത്ര നല്ല ഉദ്ദേശ്യത്തോടെയല്ല… ! ഒരുതരം അവിഞ്ഞ ഹൈന്ദവ വിചാരം അതിലുണ്ട്..

“നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.“

ഈ കൊടുപ്പ് കവി കൊടുത്തിരിക്കുന്നത് സഖാവ് ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടിനിട്ടാണ്. അത് നന്നായി പേരിനൊപ്പം വാലുവെച്ചു നടന്ന ശങ്കരൻ നമ്പൂരിയ്ക്ക് അത് കിട്ടണം. ലോകത്തിലെ വേറെ എല്ലാ കാര്യങ്ങളും മനസിലാകുമെങ്കിലും അത് മാത്രം ജാതിയാണെന്ന് മനസിലാകാത്തവർ ഇന്നും ധാരാളം ഉണ്ടല്ലോ? ഒപ്പം കേരളത്തിൽ ഇപ്പോൾ ജാതിയുണ്ടോ എന്ന് സന്ദേഹിക്കുന്നവരും!

കലഹത്തിനെന്നും അടിയാത്തി പോരും എന്ന വാക്കുകളിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ജാതിയാണ് കവി ചൂണ്ടിക്കാണിക്കുന്നത്. ഈ കവിതയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനുശേഷമുള്ള കാര്യമാണ് എഴുതിയിരിക്കുന്നത് എന്നതുകൊണ്ട് ജാതിവിവേചനം സി.പി.എം പാർട്ടിയിലെന്ന് കവി അടിവരയിട്ട് പറയുന്നുണ്ടല്ലോ?

“ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി“
കാറൽ മാക്സിനെയാണ് ഇവിടെ ഗുരു എന്ന് പറഞ്ഞിരിക്കുന്നത്. മാർക്സിനെ ലഘുവാക്യമാക്കി അതിലൂടെ അധികാരത്തിലെത്തി…
ഈ അതിബുദ്ധിമാന്മാർ ആരെന്ന് കവി പറയാതെ പറയുന്നുണ്ട്.

“തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും“
ഈ വരികളാണ് നിലവിൽ ഏറ്റവും പ്രസക്തമായ വരികൾ. ഇവിടെയാണ് ഇത് ശരിയ്ക്കുള്ള മുദ്രാവാക്യക്കവിതയായി മറുന്നത്.
കാമ്യുവിന്റെ ചിന്തയും ഈ വാക്കുകളിലുണ്ട്…
അതിനാൽ തന്നെ ലോകോത്തരമായൊരു ചിന്തയാണ് കവി ഈ വാക്കുകളിലൂടെ ധ്വനിപ്പിച്ചിരിക്കുന്നത്..

“വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.“
ഇതൊക്കെ ഒരുമാതിരി ജ്ഞാനപ്പാന ശൈലിയിൽ എഴുതിയ വരികൾ പോലെയൊക്കെ ഉണ്ടെങ്കിലും ചിന്തിച്ചാൽ വളരെയധികം അർത്ഥം കണ്ടെത്താൻ കഴിഞ്ഞേക്കും..

ബ്രാഹ്മണിസ്റ്റിന് ഒരിക്കലും ബ്രാഹ്മണൻ ആകാൻ കഴിയില്ല അവന് ബ്രാഹ്മണിസ്റ്റ് ആകാൻ മാത്രമേ കഴിയൂ എന്ന് പറയുംപോലെയാണ് തൊഴിലാളി വർഗ്ഗത്തിൻറെ അധികാരം എന്ന സങ്കൽപ്പവും എന്ന് കവി തുറന്നു പറയുന്നുണ്ട്. അധികാരം കിട്ടിയാൽ മൂന്നാമത് ഒരു പാർട്ടി വർഗ്ഗം ഉദയം ചെയ്യുകയും ചൂഷണമൊക്കെ അവർ ഏറ്റെടുക്കുന്നതുമായിട്ടാണ് കണ്ടുവരുന്നത്.

“അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം“
ഇതും എന്നും വിളിക്കാൻ പറ്റുന്ന മുദ്രാവാക്യമാണ്…

“അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൌരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൌരീ തളരുന്ന ഗൌരീ
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.“

ഇവിടെ ഗൌരിയമ്മയെ വീണ്ടും കൊണ്ടുവന്ന് നിർത്തുകയാണ്..
കൊടുങ്ങാല്ലൂർ ചെന്ന് കാവു തീണ്ടാം എന്നൊക്കെ പറഞ്ഞുവെക്കുന്നു.
കമ്മ്യൂണിസ്റ്റുകാരിയുടെ അധഃപ്പതനം ഇതിൽ കൂടുലതൊന്നും ആഘോഷമായി പറയാൻ കഴിയില്ലെങ്കിലും തൊട്ടടുത്ത വരിയിൽ ഇതൊക്കെ പറഞ്ഞ കവിയും ആത്മീ‍യാന്വേഷണത്തിന്റെ ഗിരിശൃംഗത്തിലേക്കാണ് കയറുന്നത് എന്ന് കാണാം.

“ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും“ ഈ വരികൾ.

ചിതയിലെ വെളിച്ചമായി ഗൌരിയമ്മ അസ്തമിച്ച് പോകട്ടെ എന്നാണ് കവിയുടെ ആഗ്രഹം…
കവിയുടെ ഉള്ളിൽ അറിയാതെ അധിനിവേശിച്ച ഹിന്ദുത്വബോധത്തിൻറെ ചില്ലറ അസ്കിതകളൊക്കെ മാറ്റിവെച്ചാൽ കവിത അകെ മൊത്തം ടോട്ടൽ കുഴപ്പമില്ല അല്ലേ?

ഗൗരി വക്കീൽ, കേരളത്തിലെ ഈഴവസമുദായത്തിലെ പ്രഥമവനിതാ വക്കീലാണ്…
അന്നേ മനുസ്മൃതി കത്തിക്കണമെന്നുപറഞ്ഞ ഗൗരിയമ്മ.അറിയപ്പെടുന്നത് ഭൂപരിഷ്കരണ ബില്ലിൻറെ പേരിലും കാർഷിക ബില്ലിൻറെ പേരിലുമൊക്കെയാണെങ്കിലും പോലീസ് സേനയിലും നഴ്സുമാരിലും നിലനിന്നിരുന്ന സ്ത്രീവിവാഹ വിലക്കവസാനിപ്പിച്ചതും സ്ത്രീകൾക്ക് സ്‌കൂളുകളിൽ പ്രധാനാധ്യാപികമരാവാൻ കഴിയാതിരുന്ന പുരുഷാധ്യാപക മേൽക്കോയ്മക്കറുതിവരുത്തിയതും ഗൗരിയമ്മയാണ്.

എങ്കിലും പിന്നീട് അക്കാദമിക് ചരിത്രത്തിലെ കേരള നവോത്ഥാന നായകരായി മാറിയ ചിലരുടെ നേതൃത്വത്തിൽ ഗൗരിയമ്മയ്‌ക്കെതിരെ അന്തസോടെ നടുറോഡിൽ വിളിച്ചുപറഞ്ഞ ഇതിലും പ്രസിദ്ധമായ ചില മുദ്രാവാക്യങ്ങൾകൂടി അനുസ്മരിച്ചുകൊണ്ട് നിർത്തുന്നു. മലയാളിയുടെ സ്ത്രീകളോടുള്ള മനോഭാവം ഇതിനപ്പുറമൊന്നും ഇന്നും വളർന്നിട്ടില്ല എന്നതാണ് വാസ്തവവും.

‘ഗൗരിച്ചോത്തി പെണ്ണല്ലെ പുല്ലു പറിയ്ക്കാൻ പൊയ്ക്കൂടെ’
‘ഗൗരിച്ചോത്തിയുടെ കടിമാറ്റാൻ കാച്ചിയതാണീ മുക്കൂട്ട്!’

”വാടീ ഗൗരീ ചായ കുടി,
കേറിയിരുന്നൊരു ബീഡി വലീ…
ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടുഭരിക്കും നമ്പൂരീ…
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ…
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ലുപറിക്കാൻ പൊയ്ക്കൂടേ…
നാടുഭരിക്കാൻ അറിയില്ലെങ്കിൽ
വാടീ ഗൗരീ കയറുപിരിക്കാൻ…
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ…
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ…
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും
തമ്പ്രാനെന്ന് വിളിപ്പിക്കും..
പാളേൽ കഞ്ഞി കുടിപ്പിക്കും….
മന്നം ചാക്കോ ശങ്കർ പട്ടം
മമ്മതുകോയ സിന്ദാബാദ്…”

Leave a Reply

Your email address will not be published. Required fields are marked *