Sat. May 16th, 2026

✍️ ലിബി.സി.എസ്

ഇപ്പോഴും ഓർമ്മയിൽ ഉണ്ട് ആ രംഗം, ഫ്രാൻസിസ് സാറും സുമനൻ സാറിനും ഒപ്പമാണ് ആ സെമിനാറിന് പോയത്.സ്‌കൂളിൽ നിന്നും മറ്റ് ടീച്ചർമാരെ ഏൽപ്പിച്ച് ഉച്ചയ്ക്ക് ആണ് ആലപ്പുഴയിലേക്ക് പോയത്…

വേദി ആലപ്പുഴ പഴവങ്ങാടി കാര്‍മല്‍ ഹാള്‍. 2013 മെയ് 9, വ്യാഴാഴ്ച ഫെറോനാ വര്‍ഷാചരണ സമിതി സംഘടിപ്പിച്ച തച്ചില്‍ മാത്തു തരകന്‍ അനുസ്മരണ സെമിനാര്‍. ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അദ്ദേഹം വേദിയില്‍ നി്ന്ന് യാത്രപറഞ്ഞു പിരിഞ്ഞു. അധ്യക്ഷന്‍, ചരിത്രകാരനായ ഡോ. എം എസ് ജയപ്രകാശിനെ ‘സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ തച്ചില്‍ മാത്തു തരകന്റെ നിസ്തുല സംഭാവനകള്‍’ എന്ന (അവസാന!) പ്രബന്ധാവതരണത്തിന് ക്ഷണിച്ചു.

“സംഘാടകര്‍ എനിക്കനുവദിച്ച സമയം 35 മിനിറ്റാണ്” എന്ന് പറഞ്ഞായിരുന്നു പ്രസംഗം തുടങ്ങിയത് (പക്ഷേ അദ്ദേഹത്തിന് അഞ്ചുമിനിറ്റ് സമയം കൂടിയേ ഭൂമിയിൽ ബാക്കിയുണ്ടായിരുന്നുള്ളൂ!) ചരിത്രത്തെക്കുറിച്ച് കണിശമായ സമയബോധവും വര്‍ത്തമാനത്തെ, കാലികതയെ നിരീക്ഷിക്കുതില്‍ സദാ കണിശമായ ചരിത്രബോധവും പുലര്‍ത്തിപ്പോന്നിരുന്നു, എം എസ് എന്ന് ചിലര്‍ ചുരുക്കി വിളിക്കുന്ന ഡോ. എം എസ് ജയപ്രകാശ്.

സമയക്കുറവിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും വ്യാകുലനാവുക പതിവാണ്. തന്റെ പ്രഭാഷണ ഖണ്ഡങ്ങള്‍, ദീര്‍ഘകാലം അധ്യാപകനായ അദ്ദേഹത്തിനു പക്ഷേ, ക്ലാസ് അവറിന്റെ ചതുരന്‍ സമയനിഷ്ഠയില്‍ നിബന്ധിക്കാനാവുമായിരുന്നു. എന്നാല്‍, എപ്പോഴും, ‘ഇനിയുമുണ്ടായിരുന്നു ചിലതുകൂടി’ എന്നദ്ദേഹം ഖിന്നനായി.

ഡോ. എം. എസ് ജയപ്രകാശ് പ്രബന്ധാവതരണം തുടങ്ങി. ‘ആധുനിക തിരുവിതാംകൂറിന്റെ ശില്‍പി പല അക്കാദമിക് ചരിത്രകാരന്മാരും കരുതിപ്പോരുന്നതുപോലെ, മാര്‍ത്താണ്ഡവര്‍മയല്ല!.’ സാമ്പ്രദായിക ചരിത്രവായനയെ നിരാകരിക്കുന്ന എം എസ് ശൈലി, അനേകം വേദികളില്‍ മലയാളി കൗതുകത്തോടെ കേട്ടുപോന്നതു, ഒരിക്കല്‍ക്കൂടി, അവസാനമായി. തലയിളക്കി, സരസമായ ചിരിവിരിയിച്ച്, ഒരു മ്യൂസിക് കമ്പോസറുടെയെന്നപോലെ അദൃശ്യതരംഗങ്ങളുടെ താളാത്മകതയില്‍ വലതുകൈ ഉയര്‍ത്തി, ഭാവമധുരമായ ശബ്ദത്തില്‍ ഹാളില്‍ ഡോ. എം എസ് ജയപ്രകാശിൻറെ ശബ്ദം മുഴങ്ങി. മൈക്കിന്റെ ശബ്ദ സ്വീകാര്യപരിധി ഉല്ലംഘിച്ച് പ്രസംഗിക്കുന്ന സാറിൻറെ ശരീരഭാഷ, അതിനാല്‍ ശബ്ദതരംഗങ്ങളുടെ വ്യത്യസ്ത മോഡുലേഷനുകളില്‍ ശ്രോതാവിന് അനുഭവേദ്യമായി. എഴുതി തയ്യാറാക്കിയ പ്രബന്ധത്തില്‍ വ്യക്തതയാവശ്യപ്പെടുന്ന ഭാഗം പേപ്പര്‍ മാറ്റിവച്ച് ലളിതമായി വിശദീകരിച്ചു.

സദസ്യര്‍ കാതുകൂര്‍പ്പിച്ചു. ‘മാര്‍ത്താണ്ഡ വര്‍മയല്ല, ഡച്ച് സൈന്യാധിപനായ വലിയ കപ്പിത്താന്‍ ഡിലനോയ് ആണ് തിരുവിതാംകൂറിന്റെ ശില്‍പി എന്ന സ്ഥാനത്തിന് കൂടുതല്‍ അര്‍ഹന്‍!’. എം എസ് അക്കാദമിക്-സവര്‍ണ ചരിത്രകാരന്മാരെ പ്രകോപിപ്പിക്കുകയാണ്. അതിന് തെളിവുമൂല്യങ്ങളുടെ പിന്‍ബലവുമുണ്ടന്ന് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണ ഉപാധികള്‍ സവിശേഷമായിരുന്നു. നൂറ്റാണ്ടുകള്‍ കേരളത്തിന്റെ മണ്ണില്‍ പുതഞ്ഞുകിടുന്ന വിസ്മൃതിയിലായ ബുദ്ധസ്മൃതികള്‍ എം എസ് പുറത്തുകൊണ്ടുവന്നു പൊടിതട്ടി വീണ്ട്ടെത്തു. അത് ഷോകേസ് ചെയ്ത് വില്‍പ്പന നടത്തി ‘ആളാ’വാനുള്ള അവസരങ്ങള്‍ ‘കളഞ്ഞുകുളിച്ചു’.

സാറിൻറെ അവസാന പ്രബന്ധം തുടരുന്നു…

‘ആലപ്പുഴ തുറമുഖ പട്ടണാമാക്കുക എന്ന ആശയം മുന്നോട്ടുവച്ചതും അത് നടപ്പാക്കിയതും തച്ചില്‍ മാത്തു തരകനായിരുന്നു. ഇതിന്റെ തെളിവാണ് ആലപ്പുഴയിലെ ചുങ്കം മുതല്‍ കടപ്പുറം വരെ നീളുന്ന വാണിജ്യപ്രാധാന്യമുണ്ടായിരുന്ന തോടിന്റെ പേര് മാത്തു തരകന്‍ തോട് എന്നറിയപ്പെട്ടിരുന്നതു’.

ഒരിക്കല്‍ നേരി’ട്ടു തന്നെചോദിച്ചിട്ടുണ്ട് സാർ എന്തിനാണിങ്ങനെ ഫാര്‍സ്‌ട്രെച്ച്ഡ്, സെക്ടേറിയന്‍ സ്റ്റാന്റെടുക്കുന്നത്? എന്ന്. ‘പുറത്ത് ലെനിനും അകത്ത് പൂന്താനവുമായി ഇരട്ട ജീവിതം സാധിക്കുന്നവരുടെ ഗണത്തിൽപ്പെട്ടയാൾ അല്ല ഞാൻ’ എന്ന അദ്ദേഹത്തിൻറെ സ്ഥിരം പല്ലവി ആയിരുന്നു മറുപടി.

ചരിത്രത്തോട് അപായകരമാം വിധം സത്യസന്ധത അദ്ദേഹം പുലര്‍ത്തി. സ്വാതന്ത്ര്യ സമരസേനാനി എം ശ്രീധരപ്പണിക്കരുടെ മകനും മഹാകവി എം പി അപ്പന്റെ ചെറുമകനുമായ എം എസിന് ആ ആര്‍ജ്ജവം ജനിതകമായി കിട്ടിയതാണ്. അവര്‍ണ-പിന്നാക്ക രാഷ്ട്രീയം കേരളത്തില്‍ ഡിബേറ്റാക്കിയതില്‍ എം എസ് വഹിച്ച ഭാഗധേയം ചെറുതായിരുന്നില്ല. പിന്നാക്കജനതയുടെ സാമൂഹികമുന്നേറ്റേത്തില്‍ പ്രധാന പങ്കു വഹിച്ച നിവര്‍ത്തനപ്രക്ഷോഭം, ‘തിരുവിതാംകൂറിലെ സാമൂഹിക പ്രതിരോധം- സി കേശവനെ പ്രത്യേകം അടയാളപ്പെടുത്തി’, എതായിരുന്നു പി.എച്ച്.ഡിക്ക് ജയപ്രകാശ് സാർ തിരഞ്ഞെടുത്ത വിഷയം.

ജയപ്രകാശ് സാറിന് തീര്‍ത്തുവായിക്കാന്‍ കഴിയാതിരുന്ന അവസാന പ്രബന്ധമിങ്ങനെ തുടരുന്നു;
‘ഡച്ചുകാരുമായുള്ള 1741ലെ കുളച്ചല്‍ യുദ്ധം നട കാലത്താണ് മാത്തു തരകന്‍ ജനിക്കുന്നത്. 1729ല്‍ അധികാരമേറ്റ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് പിടിച്ചെടുക്കാന്‍ കഴിയാത്ത പ്രദേശങ്ങള്‍ വലിയ കപ്പിത്താനായി നിയമിതനായ ഡിലനോയിയുടെ പടയോട്ടം കൊണ്ടാണ് പിന്‍കാലത്ത് പിടിചെടുത്തത്. ഡിലനോയിയുടെ ഉറ്റസുഹൃത്തായ മാത്തു തരകനുമായിച്ചേര്‍ന്നാണ് വൈപ്പിന്‍ തുരുത്ത് മുതല്‍ ആനമല വരെ 30 മൈല്‍ നീളമുള്ള കോട്ടകെട്ടി തിരുവിതാംകൂറിനെ വിദേശാക്രമണത്തില്‍ നിന്നും രക്ഷിച്ചത്. ഡിലനോയിയുടെ നേതൃത്വം ഉണ്ടായിരുന്നില്ലെങ്കില്‍ ഇടവാ വരെയുള്ള അതിര്‍ത്തിയില്‍ തിരുവിതാംകൂര്‍ ചുരുങ്ങുമായിരുന്നു’.

പോര്‍ച്ച്ഗീസുകാരും, ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമായിരുന്നു ഡച്ചുകാരുടെ തകര്‍ച്ചയ്ക്ക് കാരണമായത്, മാര്‍ത്താണ്ഡ വര്‍മ്മ ആയിരുന്നില്ല. വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തിന്റെ ശില്‍പ്പിയായിരുന്നു മാര്‍ത്താണ്ഡവര്‍മ. 1924ല്‍പോലും സഞ്ചാരസ്വാതന്ത്ര്യത്തിനായി വൈക്കത്ത് സമരം നടന്ന രാജ്യമാണ് തിരുവിതാംകൂര്‍. എന്നാല്‍, അത് പരാജയപ്പെടുകയായിരുന്നു’. ചരിത്രത്തിന് വേറിട്ട’ വായനയും വ്യാഖ്യാനവും സാധിതമാക്കിയ പി കെ ബാലകൃഷ്ണന്റെയും സി കെ കരീമിന്റെയും എന്‍ കെ ജോസിന്റെയുമൊക്കെ ഗാലറിയില്‍ വ്യതിരിക്തമായിരുന്നു എം എസിന്റെ കാഴ്ചപ്പാട്.

‘നായാടി മുതല്‍ നമ്പൂരി’ വരെയെന്ന വെള്ളാപ്പള്ളി മോക്കറിയെ കണക്കിനു കളിയാക്കാന്‍ എല്ലാ വേദികളും സാർ ഉപയോഗിച്ചിരുന്നു. മണ്‍ വെട്ടിയെ മണ്‍ വെട്ടിയായും വെള്ളാപ്പള്ളിയെ വെള്ളാപ്പള്ളിയായും തന്നെ അടയാളപ്പെടുത്തണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ശ്രീനാരായണ തത്വചിന്തകരിലും ചരിത്രകാരന്മാരിലും അദ്ദേഹത്തിന്റെ വഴി വേറിട്ടതായിരുന്നു. ഒരുപാടു വിഷയങ്ങളില്‍, വിവാദമായ തന്റെ കാഴ്ചപ്പാടുകള്‍, ഒരു കാലിഡോസ്‌കോപ്പിലെന്നവണ്ണം കൗതുകകരമായി തന്റെ അനുവാചകര്‍ക്ക് സാർ കാട്ടിക്കൊടുത്തു പോന്നു.

യുക്തിരേഖയിലോ കേരളശബ്ദത്തിലോ പച്ചക്കുതിരയിലോ തേജസിലോ സ്ഥിരമായി വരാറുള്ള തന്റെ ലേഖനം വായിച്ചുവോ എന്നദ്ദേഹം അടുപ്പമുള്ളവരെ വിളിച്ചുചോദിക്കുമായിരുന്നു. ‘ഈ വീക്ഷണകോണില്‍ ഒന്നുനോക്കൂ’ എന്ന് അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. തനിക്ക് യോജിപ്പുള്ളതും അല്ലാത്തതുമായ നിലപാടുകളുള്ള സുഹൃത്തുക്കളായ യുക്തിവാദികളെയും അല്ലാത്തവരെയും പരമാവധി വിളിച്ച് പിന്തുണച്ചും കലഹിച്ചും തന്റെ ചരിത്രവായനയെ സാർ അപ്‌ഡേറ്റ് ചെയ്തു.

വേട്ടക്കാരന്റെ വീരേതിഹാസങ്ങളും നാട്ടുരാജാക്കന്മാരുടെ ഭരണ പരിഷ്കാരങ്ങളും മാത്രമല്ല ചരിത്രമെന്നും, ഇരയുടെ വേദന കൂടി പകർത്തപ്പെടുമ്പോഴേ ചരിത്രം പൂർണ്ണമാകുകയുള്ളൂ എന്നും മലയാളിയെ പഠിപ്പിച്ച ചരിത്രകാരൻ ആയിരുന്നു ഡോ.എം.എസ്.ജയപ്രകാശ്. അദ്ദേഹത്തെ സ്മരിക്കുന്നതും വിസ്മരിക്കുന്നതും ചരിത്രത്തോട് അദ്ദേഹം പുലര്‍ത്തിയ സമീപനത്തെ മുന്‍നിറുത്തിയാണ്.History

ഒടുവില്‍, ആലപ്പുഴയിലും അഞ്ചുമിനിറ്റില്‍ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അത് തീര്‍ച്ചയായും അദ്ദേഹം വര്‍ഷങ്ങളായി പറയുന്ന കാര്യങ്ങളായിരുന്നു. നടപ്പു വ്യവഹാരങ്ങളെയും അംഗീകൃത ചരിത്ര വായനയെയും എം എസ് നിര്‍ദ്ദയം നിരാകരിച്ചു. അതുകൊണ്ടെന്ത്? മുഖ്യധാര എം.സ്.ജയപ്രകാശിനെ അത്രതന്നെ അവഗണിക്കുകയും ചെയ്തു.

ജാതിക്കെതിരെ നില കൊണ്ടതിനാൽ ജാതിവാദി സർട്ടിഫിക്കറ്റ് കിട്ടിയ യുക്തിവാദിക്ക് ഒരു ജാതിവാദിയുടെ ഓർമ്മപ്പൂക്കൾ!

Leave a Reply

Your email address will not be published. Required fields are marked *