Sat. May 16th, 2026

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി. മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് ആണ് ഇക്കാര്യം ഉന്നയിച്ച് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന് കത്തു നല്‍കിയത്.

എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് കത്തില്‍ പറയുന്നു.ജനാധിപത്യ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നടപടി ആവശ്യമാണെന്നും കത്തിലുണ്ട്.

വെള്ളിയാഴ്ചയാണ് പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവര്‍ എഎപിയില്‍ നിന്ന് രാജിവെച്ചത്. പിന്നീട് ഇവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.

രാജ്യസഭയില്‍ എഎപിക്ക് 10 എംപിമാരാണ് ഉള്ളത്. ഇതില്‍ ഏഴുപേരാണ് കൂറുമാറിയത്. ആകെയുള്ളതില്‍ മൂന്നില്‍ രണ്ടുപേര്‍ കൂട്ടത്തോടെ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ലെന്നാണ് രാഘവ് ഛദ്ദയുടെ നിലപാട്.കൂറുമാറിയ ഏഴില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എംപിമാരാണ്. ഇവര്‍ വിജയിച്ചത് എഎപി ടിക്കറ്റിലാണ്. ഇവര്‍ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് ജനങ്ങളുടെ ഹിതത്തെ വഞ്ചിക്കുന്നതാണെന്ന് എഎപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *