അലഹബാദ്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്നാരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി പിന്മാറി. ഹർജിക്കാരനായ ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിരൻ കോടതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് രൂക്ഷമായി വിമർശിച്ച ശേഷമാണ് ജഡ്ജിയുടെ പിന്മാറ്റം.
ഹർജിക്കാരൻ രാഷ്ട്രീയ നേട്ടത്തിനായി കോടതിയെ ഉപയോഗിക്കുകയാണെന്നും ജഡ്ജിയെന്ന നിലയിൽ നൽകേണ്ട മാന്യത നൽകിയില്ലെന്നും ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി നിരീക്ഷിച്ചു. കേസിന്റെ വസ്തുതകൾ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് കോടതി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ആരോപണവിധേയനായ വ്യക്തിക്ക് നോട്ടീസ് നൽകാതെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ നടപടി പിന്നീട് മരവിപ്പിച്ചു. കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിരനാണ് ഹർജിക്കാരൻ.

