Mon. Jun 15th, 2026

ഹോണ്ടയുടെ അപ്‌ഡേറ്റഡ് സിറ്റി മിഡ്-സൈസ് സെഡാന് ഇന്ത്യൻ വിപണിയിൽ വൻ ഡിമാൻഡ്. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം ഈ ജനപ്രിയ മോഡലിന്റെ 1,227 യൂണിറ്റുകളാണ് വിറ്റുപോയത്. തൊട്ടുമുമ്പത്തെ മാസമായ ഏപ്രിലിൽ വെറും 177 യൂണിറ്റുകൾ മാത്രം വിറ്റഴിക്കപ്പെട്ട സ്ഥാനത്താണിത്. ഒറ്റ മാസം കൊണ്ട് വില്പനയിൽ 593.22 ശതമാനത്തിന്റെ വമ്പൻ വളർച്ചയാണ് കാർ സ്വന്തമാക്കിയത്. രണ്ടര വർഷത്തിനിടയിലെ ഹോണ്ടയുടെ ഏറ്റവും വലിയ രണ്ടാമത്തെ സെയിൽസ് റെക്കോർഡാണിത്. ഇതിനുമുമ്പ് 2023 നവംബറിലാണ് വണ്ടിയുടെ വില്പന 1,000 കടന്നത് (1,336 യൂണിറ്റുകൾ). അതിനുശേഷം ഇപ്പോഴാണ് ഹോണ്ട സിറ്റി വീണ്ടും ആയിരത്തിന് മുകളിൽ വില്പന രേഖപ്പെടുത്തി വിപണിയിൽ തരംഗം സൃഷ്ടിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഡിസൈനിലും ഫീച്ചറുകളിലും വൻ മാറ്റങ്ങളുമായി പുതിയ ഹോണ്ട സിറ്റി നിരത്തിലിറങ്ങിയത്. മുൻഭാഗത്തെ പുത്തൻ ഷേപ്പ്, പുതിയ ബ്ലേഡ് ഐ ലൈറ്റിങ് സിസ്റ്റം, ഗ്രിൽ ലൈറ്റ് ബാർ, പരിഷ്കരിച്ച ബമ്പർ ഡിസൈൻ, പുതിയ അലോയ് വീലുകൾ എന്നിവയാണ് പുറംമോടിയിലെ പ്രധാന ആകർഷണങ്ങൾ. പിന്നിൽ എൽഇഡി ടെയിൽ ലാമ്പുകളും പുതിയ ബമ്പർ ഗാർണിഷും നൽകിയിട്ടുണ്ട്. കാറിനുള്ളിൽ 10.1 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ കണക്ടിവിറ്റി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, മുൻ-പിൻ സീറ്റുകളിലായി ടൈപ്പ്-സി ചാർജിങ് പോർട്ടുകൾ എന്നിവയും യാത്രക്കാർക്കായി ഹോണ്ട ഒരുക്കിയിരിക്കുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും ഹോണ്ട വിട്ടുവീഴ്ച ചെയ്തിട്ടില്ല. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, കൂട്ടിയിടി ഒഴിവാക്കാനുള്ള പ്രീ-കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയിൻ കീപ്പ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ വാഹനത്തിലുണ്ട്. പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ് ഓപ്ഷനുകളിൽ ലഭ്യമാകുന്ന പുത്തൻ ഹോണ്ട സിറ്റിയുടെ വിപണി വില 12 ലക്ഷം രൂപ മുതൽ 21 ലക്ഷം രൂപ വരെയാണ്. ആകർഷകമായ ലുക്കും മികച്ച ഇന്ധനക്ഷമതയും ഒത്തുചേർന്നതാണ് വണ്ടിയെ ചുരുങ്ങിയ കാലം കൊണ്ട് ഇത്ര വലിയ ഹിറ്റാക്കി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *