സാംസങ് ഗാലക്‌സി സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ നാളായി ആഗ്രഹിച്ചിരുന്ന തത്സമയ ഇന്റർനെറ്റ് വേഗത അറിയാനുള്ള ഫീച്ചർ ഒടുവിൽ ഔദ്യോഗികമായി ലഭ്യമായി തുടങ്ങി. മുൻപ് ഷവോമി, വിവോ, ഐകൂ തുടങ്ങിയ മറ്റ് ബ്രാൻഡുകളിൽ എളുപ്പത്തിൽ ലഭിച്ചിരുന്ന ഈ സൗകര്യത്തിനായി സാംസങ് ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി ആപ്പുകളെയോ റൂട്ടിംഗ് പോലുള്ള സങ്കീർണ്ണമായ വഴികളെയോ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. സാംസങിന്റെ ഔദ്യോഗിക കസ്റ്റമൈസേഷൻ ടൂളായ ഗുഡ് ലോക്ക് ആപ്പിലെ ‘ക്വിക്ക്സ്റ്റാർ’ മോഡ്യൂളിലൂടെ ഈ ഫീച്ചർ ഇപ്പോൾ ലളിതമായി സ്വന്തമാക്കാം.
വൺ യുഐ 9 അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് ഈ പുതിയ ഫീച്ചർ ലഭ്യമാകുന്നത്. നിലവിൽ ഗാലക്‌സി S26, ഗാലക്‌സി S25 സീരീസുകളിലെ വൺ യുഐ 9 ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ക്വിക്ക്സ്റ്റാറിന്റെ ഏറ്റവും പുതിയ വേർഷനിലൂടെ (11.0.03.15 അല്ലെങ്കിൽ അതിനു മുകളിൽ) ഇത് ആക്ടിവേറ്റ് ചെയ്യാം. ഈ ഫീച്ചർ ഓൺ ചെയ്യുന്നതോടെ ഫോണിന്റെ സ്റ്റാറ്റസ് ബാറിൽ വൈ-ഫൈ, മൊബൈൽ ഡാറ്റ എന്നിവയുടെ കൃത്യമായ അപ്‌ലോഡ്-ഡൗൺലോഡ് വേഗതകൾ കെബി/സെക്കൻഡ് അല്ലെങ്കിൽ എംബി/സെക്കൻഡ് കണക്കിൽ തത്സമയം കാണാൻ സാധിക്കും. വീഡിയോ ബഫറിംഗും ഫയൽ ഡൗൺലോഡ് വൈകുന്നതും നെറ്റ്‌വർക്ക് പ്രശ്നം കൊണ്ടാണോ എന്ന് തിരിച്ചറിയാൻ ഇത് ഏറെ സഹായിക്കും.
ഈ ഫീച്ചർ നിങ്ങളുടെ ഫോണിൽ സെറ്റ് ചെയ്യുന്നതിനായി ആദ്യം ഗാലക്‌സി സ്റ്റോറിൽ നിന്ന് ‘ഗുഡ് ലോക്ക്’ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ആപ്പ് തുറന്ന് അതിലെ പ്ലഗിൻ വിഭാഗത്തിൽ നിന്ന് ‘ക്വിക്ക്സ്റ്റാർ’ മോഡ്യൂൾ ഡൗൺലോഡ് ചെയ്യണം. തുടർന്ന് ക്വിക്ക്സ്റ്റാർ ഓപ്പൺ ചെയ്ത് മെയിൻ ടോഗിൾ ഓൺ ചെയ്ത ശേഷം, ‘വിസിബിലിറ്റി ഓഫ് ഇൻഡിക്കേറ്റർ ഐക്കൺസ്’ എന്ന ഓപ്ഷനിലേക്ക് പോകുക. അവിടെ കാണുന്ന ‘നെറ്റ്‌വർക്ക് സ്പീഡ്’ (Network Speed) ടോഗിൾ കൂടി ഓൺ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ മുകളിൽ ഇന്റർനെറ്റ് വേഗത തെളിഞ്ഞു വരും. ആവശ്യമെങ്കിൽ ഇതേ രീതിയിൽ തന്നെ ഇത് ഓഫ് ചെയ്യാനും സാധിക്കും.

