Mon. Apr 20th, 2026

ചേർത്തല: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മറുപടിയായി മറ്റൊരു വിദ്വേഷ പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെയും ചേര്‍ത്തല പോലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിയായ രതീഷ് പണിക്കര്‍ക്കെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

വിഷുദിനത്തില്‍ ചേര്‍ത്തലയിലെ ‘മെഹര്‍ മന്തി’ എന്ന റെസ്റ്റോറന്റ് പുറത്തിറക്കിയ ഒരു പരസ്യ പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ കുഴിമന്തി വെച്ചുകൊണ്ടുള്ള ആശംസയായിരുന്നു റെസ്റ്റോറന്റ് പങ്കുവെച്ചത്. ഇത് ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്നതാണെന്നാരോപിച്ച് പ്രതിഷേധം ഉയരുകയും, അഭിഭാഷകന്റെ പരാതിയില്‍ ഹോട്ടല്‍ ഉടമയായ ഹര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഹോട്ടല്‍ ഉടമയ്‌ക്കെതിരെയുള്ള നടപടിക്ക് പിന്നാലെയാണ് രതീഷ് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു മുസല്ല്യാര്‍ക്ക് മുന്നില്‍ പന്നിയിറച്ചി ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രീകരണം. റംസാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഈ പോസ്റ്റ്. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂര്‍വ്വമായ പ്രകോപനത്തിനാണ് രതീഷിനെതിരെ കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടില്ല.

ആലപ്പുഴ ജില്ലയില്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയ വഴിയുള്ള മതസ്പര്‍ദ്ധ വളര്‍ത്തുന്ന നീക്കങ്ങള്‍ക്കെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിൻറെ പേരിൽ വിദ്വേഷം പടര്‍ത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *