Fri. Apr 17th, 2026

കോഴിക്കോട്: മൂഴിക്കലില്‍ 16കാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നസ്രീനയെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അദ്‌നാന്‍ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിലയിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.

കൊലപാതകം നടന്ന ദിവസം വൈകിട്ട് 7.30ഓടെ അദ്‌നാന്‍ നസ്രീന്റെ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാര്‍ പടക്കം പൊട്ടിക്കുന്നതിനിടെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് അദ്‌നാന്‍ അകത്ത് കയറിയത്. വീട്ടിലെ മിക്ക സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നുവെങ്കിലും അടുക്കള ഭാഗത്തെ കാമറയില്‍ പ്രതി എത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി.

മോഷണത്തിനുള്ള സൂചനകള്‍ സംഭവസ്ഥലത്തുനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. നസ്രീനയുടെ വല്യുമ്മ ഈ താക്കോല്‍ ഉപയോഗിച്ച് വീട്ടിലെ അലമാരകളും മറ്റും തുറക്കാന്‍ ശ്രമിച്ചതായും തെളിവുകളുണ്ട്. ഉറങ്ങിക്കിടക്കുമ്പോള്‍ അവരുടെ തലയണയ്ക്കടിയില്‍ നിന്ന് താക്കോല്‍ മോഷ്ടിക്കാന്‍ അദ്നാന്‍ ശ്രമിച്ചിരുന്നു. മോഷണശ്രമം തടയാന്‍ ശ്രമിച്ചപ്പോഴാണോ നസ്രീന കൊല്ലപ്പെട്ടത് എന്ന കാര്യത്തില്‍ പോലീസ് കൂടുതല്‍ വ്യക്തത തേടുന്നുണ്ട്.കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ പകയും കാരണമായിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

നസ്രീനയുടെ മാതാവിന്റെ സഹോദരിയുടെ മകനാണ് അദ്‌നാന്‍. പ്രതി നേരത്തെ ഇതേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ അദ്നാന്റെ മോഷണ സ്വഭാവത്തെക്കുറിച്ച് നസ്രീന വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിലുള്ള പകയാകാം പെണ്‍കുട്ടിയെ വകവരുത്താന്‍ അദ്‌നാനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *