തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം നേതാക്കളെ ന്യായീകരിച്ച് എംഎ ബേബി രംഗത്ത്. നേതാക്കള്‍ക്ക് സ്വയംവിമര്‍ശനം നടത്തേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളം അഭയം പ്രാപിക്കാന്‍ കഴിയുന്ന സംസ്ഥാനമാണെന്നും അതുകൊണ്ടാണ് ഇരുവരും കേരളത്തിലെത്തിയതെന്നും എം എ ബേബി പറഞ്ഞു. മിശ്രവിവാഹങ്ങളെ പിന്തുണക്കുന്നത് സിപിഎമ്മിന്റെ രീതിയാണെന്നും, അത്തരത്തില്‍ എല്ലാ സാങ്കേതികത്വങ്ങളും പരിശോധിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സാങ്കേതിക പരിശോധനയ്ക്ക് ഇത് സഹായകരമാകുമെന്നും പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പറയുമ്പോൾ നയിച്ചയാളെക്കുറിച്ച് പറയുന്നത് സ്വാഭാവികമാണ്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.സതീശന് മുഖം കാണിക്കാനുള്ള തള്ളലാണ്. സതീശനും സുധാകരനും തമ്മിൽ പറഞ്ഞത് കേട്ടതാണല്ലോ. പ്രതിപക്ഷത്ത് മുഖങ്ങളുടെ മത്സരമാണ്. മറ്റ് മുഖം വേണ്ടെന്നാണ് ഓരോരുത്തരും പറയുന്നത്. ഇടതുപക്ഷത്ത് കൂട്ടായ്മയാണുള്ളത്’- എം എ ബേബി പറഞ്ഞു.
ഇന്നലെയാണ് കുംഭമേള വൈറൽ ഗേളിന് വിവാഹസമയത്ത് പ്രായപൂർത്തിയായിട്ടില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടർന്ന് മദ്ധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുക്കുകയും ചെയ്തു.
ദേശീയ പട്ടികവർഗ കമ്മിഷന്റെ മേൽനോട്ടത്തിലാണ് പൊലീസ് കേസന്വേഷിക്കുന്നത്. പെൺകുട്ടി പർദ്ധി ഗോത്ര വിഭാഗത്തിലെ അംഗമായതിനാൽ എസ്.സി/എസ്.ടി നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തിയിട്ടുണ്ട്. പിതാവ് ജയ് സിംഗ് ഭോസ്ലെ മദ്ധ്യപ്രദേശ് സർക്കാരിനും ദേശീയ പട്ടികവർഗ കമ്മിഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

