മലപ്പുറം: തവനൂർ, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി എത്തിയ പ്രിയങ്ക ഗാന്ധി എംപി, സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് വഴങ്ങുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് അറിയാമെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. അഴിമതിയുടെ കാര്യത്തിൽ ബിജെപിയും സിപിഎമ്മും ഒരുപോലെയാണ്. കേന്ദ്രത്തിലെ പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ കീഴ്പ്പെട്ടു നിൽക്കുമ്പോൾ, കേരള മുഖ്യമന്ത്രി മോദിക്ക് മുന്നിൽ വിധേയനായി നിൽക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വർണ്ണക്കവർച്ചയെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടാത്തത് ഈ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക ആരോപിച്ചു.
തിരുവമ്പാടിയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും ഓരോ വർഷവും നിരവധി പേർക്ക് ജീവൻ നഷ്ടമാകുന്നുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. വയനാട് എംപി എന്ന നിലയിൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ ഒട്ടും സഹകരിക്കുന്നില്ല. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രശ്നം സങ്കീർണ്ണമാക്കുകയാണെന്നും അവർ പറഞ്ഞു. സർക്കാരിന്റെ ഓരോ നീക്കത്തിലും അഴിമതിയുടെ നിഴലാണുള്ളതെന്നും കരാറുകൾ നൽകുന്നതിൽ പോലും സുതാര്യതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തവനൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടെയുള്ള എംഎൽഎ തയ്യാറായില്ലെന്ന് വി.എസ്. ജോയിയുടെ പ്രചാരണ കൺവെൻഷനിൽ പ്രിയങ്ക പറഞ്ഞു. വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലിയില്ലാത്തതിനാൽ കേരളം വിടേണ്ടി വരുന്ന സാഹചര്യം ദൗർഭാഗ്യകരമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും പലസ്തീൻ വിഷയത്തിലും കർഷകരുടെ പ്രശ്നങ്ങളിലും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അവർ വിമർശിച്ചു. ഏറനാട് സ്ഥാനാർത്ഥി പി.കെ. ബഷീറിന് വേണ്ടിയുള്ള പ്രചാരണത്തിലും ഇതേ ആരോപണങ്ങൾ പ്രിയങ്ക ഗാന്ധി ആവർത്തിച്ചു.

