✍️ സുരേഷ്. സി ആർ
‘ഒരു സ്ത്രീയ്ക്ക് പണവും, അവളുടേതായ ഒരു മുറിയും വേണം. അവൾ നോവൽ എഴുതാൻ പോവുകയാണെങ്കിൽ..’ -എ റൂം ഓഫ് വൺസ് ഓൺ.
ആധുനിക നോവലിന്റെയും സ്ത്രീവാദ സാഹിത്യത്തിന്റെയും മുഖഛായ മാറ്റിയ എഴുത്തുകാരിയാണ് വിർജീനിയ വൂൾഫ് (1882 – 1941). ഉപന്യാസകാരി എന്ന നിലയിലും പ്രശസ്തയാണ്. ടു ദ ലൈറ്റ് ഹൗസ്, മിസ്സിസ് ഡാലൊവെ, ദ വേവ്സ് തുടങ്ങിയ നോവലിലൂടെയാണ് വൂൾഫ് ആധുനിക നോവലിന് പുതുദിശ നൽകിയത്. ഒരു വ്യക്തിഗത ബോധതലം അപ്രധാനമായ സംഗതികളെക്കുറിച്ച് ആലോചിക്കുന്നതിന്റെ വ്യക്തമായ ആലങ്കാരിക അവതരണത്തിലൂടെ ഒരു മുഴുവൻ ജീവിതത്തെയും ഒരു മുഴുവൻ ചരിത്രകാലഘട്ടത്തെയും ചിത്രീകരിക്കുന്നവയാണ് ഈ കൃതികൾ.
സ്ത്രീയുടെ പദവിയെക്കുറിച്ചും സ്ത്രീ എഴുത്തുകാരുടെ പദവിയെക്കുറിച്ചും പ്രത്യേകിച്ചും ചർച്ച ചെയ്യുന്ന അവരുടെ ‘ഒരാളുടെ സ്വന്തം മുറി’ (എ റൂം ഓഫ് വൺസ് ഓൺ) എന്ന പ്രബന്ധമാണ് സ്ത്രീവാദസാഹിത്യത്തിന് അടിത്തറ പാകിയത്. സ്ത്രീകൾക്ക് പുരുഷന്മാരുടെയത്ര ബൗദ്ധികനിലവാരമില്ലെന്ന അതുവരെയുള്ള സൈദ്ധാന്തികധാരണകളെ വെല്ലുവിളിച്ച പുസ്തകമാണിത്.
ലണ്ടനിൽ ജനനം. പത്രപ്രവർത്തകനും സാഹിത്യവിമർശകനും പണ്ഡിതനുമായിരുന്നു അച്ഛൻ ലെസ്ലി സ്റ്റീഫൻ. ഇംഗ്ലീഷിലെ പ്രശസ്തമായ ‘ഡിക്ഷ്ണറി ഓഫ് നാഷണൽ ബയോഗ്രഫി’യുടെ ആദ്യത്തെ എഡിറ്റർ ഇദ്ദേഹമായിരുന്നു. കുട്ടികാലം മുതൽ മാനസിക തകർച്ചയുടെ ലക്ഷണങ്ങൾ വൂൾഫിൽ ഉണ്ടായിരുന്നു. പിന്നീട് ജീവിതത്തിൽ പല തവണ അത് ആവർത്തിക്കുകയും ചെയ്തു.
1905-ൽ ടൈംസ് ലിറ്റററി സപ്ലിമെന്റിൽ എഴുതിക്കൊണ്ട് സാഹിത്യ ജീവിതം ആരംഭിച്ചു. 1915-ൽ പുറത്തു വന്ന ‘ദ വോയേജ് ഔട്ട്’ ആണ് ആദ്യ നോവൽ. 1922-ൽ പുറത്തുവന്ന ‘ജേക്കബ്സ് റൂം’ പുതിയ ശൈലിക്കു തുടക്കം കുറിച്ചു. ഒർലാൻഡോ, ഫ്ലാഷ്, ദ ഇയേഴ്സ്, ത്രീ ഗിനീസ്, ദ കോമൺ റീഡർ, ദ ഡത്ത് ഓഫ് ദ മോത്, ദ ക്യാപ്ടൻസ് ഡെത്ത് ബെഡ്, ഗ്രാനൈറ്റ് റെയ്ൻ ബോ, ചെറുകഥകളുടെ ഏക സമാഹാരം എ ഹോണ്ടട് ഹൗസ് എന്നിവയാണ് പ്രശസ്തമായ മറ്റു കൃതികൾ. അവരുടെ കത്തുകൾ ആറ് വാല്യങ്ങളായും ഡയറികൾ അഞ്ചു വാല്യങ്ങളായും പുറത്തുവന്നിട്ടുണ്ട്. വിർജീനിയയുടെ പ്രശസ്തമായ പല കൃതികളും പുറത്തുവന്നത് മരണാനന്തരമാണ്.
ആധുനിക കവിതയുടെ മുഖച്ഛായ മുഴുവനും മാറ്റിയെഴുതിയ ടി എസ് എലിയറ്റിന്റെ ‘തരിശുഭൂമി’ എന്ന കാവ്യത്തിന്റെ പ്രസാധനം വൂൾഫും ഭർത്താവായ പ്രശസ്ത എഴുത്തുകാരൻ ലിയൊനാർഡും ചേർന്നായിരുന്നു. തത്വചിന്തകൻ ജി.ഇ.മൂർ, ധനശാസ്ത്രജ്ഞൻ ജെ.എം.കെയ്ൻസ്, എഴുത്തുകാരായ ലിറ്റൻ സ്ട്രാച്ചി, ഇ.എം.ഫോസ്റ്റർ തുടങ്ങിയവർ അംഗങ്ങളായ ബ്ലൂംസ്ബറി ഗ്രൂപ്പ് ആവിർഭവിച്ചത് വിർജീനിയ വൂൾഫ് സഹോദരങ്ങൾക്കൊപ്പം മാറി താമസിച്ച ബ്ലൂംസ്ബറിയിലാണ്. വീടിനടുത്തുള്ള ഔസ് നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

