ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബില്ലിനെക്കുറിച്ച് പാർലമെന്റിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ സ്ത്രീകളെ ആദരിക്കുന്നത് രാജ്യത്തെ തന്നെ ആദരിക്കുന്നതിന് തുല്യമാണെന്നും, സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സർക്കാർ ഉറച്ച നിലപാടോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിലാണ് ഈ സുപ്രധാന ഭേദഗതി പരിഗണിക്കുന്നത്. ഓരോ സഹോദരിമാരുടെയും മക്കളുടെയും അഭിലാഷങ്ങളെയാണ് ഈ ബിൽ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ 131-ാം ഭേദഗതി സർക്കാർ അവതരിപ്പിക്കുന്നത്. ബില്ലിന്റെ ഭാഗമായി ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ നിന്ന് 850 ആയി വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മൂന്നിലൊന്ന് ഭാഗം (ഏകദേശം 273 സീറ്റുകൾ) സ്ത്രീകൾക്കായി സംവരണം ചെയ്യും. സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകളുമാണ് പുതിയ പദ്ധതി പ്രകാരം അനുവദിക്കുക. മണ്ഡല പുനർനിർണ്ണയവുമായി (ഡിലിമിറ്റേഷൻ) ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ഡെലിമിറ്റേഷൻ കമ്മീഷനായിരിക്കും കൈക്കൊള്ളുക.

