Mon. Apr 20th, 2026

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ വിജയത്തിനൊപ്പം വ്യക്തിഗത നേട്ടത്തിന്റെ തിളക്കത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ വരുൺ ചക്രവർത്തി. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ, ടി20 ക്രിക്കറ്റിൽ 200 വിക്കറ്റുകൾ തികയ്ക്കുന്ന വേഗമേറിയ ഇന്ത്യൻ സ്പിന്നർ എന്ന റെക്കോർഡ് സ്വന്തമാക്കി.

വെറും 155 ഇന്നിങ്‌സുകളിൽ നിന്നാണ് വരുൺ ഈ ചരിത്രനേട്ടം കൈവരിച്ചത്. 160 ഇന്നിങ്‌സുകളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട കുൽദീപ് യാദവിന്റെ റെക്കോർഡാണ് വരുൺ മറികടന്നത്. ഇന്ത്യൻ താരങ്ങളിൽ മൊത്തത്തിലുള്ള കണക്കെടുത്താൽ അർഷ്ദീപ് സിംഗിന് (151 ഇന്നിങ്‌സ്) തൊട്ടുപിന്നിലായി വേഗമേറിയ രണ്ടാമത്തെ താരമാണ് വരുൺ ചക്രവർത്തി. ജയദേവ് ഉനദ്കട്ട് (162), മുഹമ്മദ് ഷമി (165) എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് ശേഷിക്കെ കൊൽക്കത്ത മറികടന്നിരുന്നു. പരാജയഭീതിയിൽ നിന്ന് 53 റൺസുമായി പുറത്താവാതെ നിന്ന റിങ്കു സിംഗാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. രാജസ്ഥാൻ നിരയിൽ 46 റൺസെടുത്ത വൈഭവ് സൂര്യവംശിയാണ് ടോപ് സ്കോറർ.

Leave a Reply

Your email address will not be published. Required fields are marked *