ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി‘യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മാവീരൻ‘ എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ ഗാനത്തിൽ ആയുധ പരിശീലകന്റെ വേഷത്തിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. പീരീഡ് ഡ്രാമ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഈ ഗാനം പുറത്തിറങ്ങിയ നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
‘ക്വീൻ‘, ‘ജന ഗണ മന‘, ‘മലയാളി ഫ്രം ഇന്ത്യ‘ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്സ് ബിജോയിയും വീണ്ടും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇതിനോടകം തന്നെ 15 മില്ല്യണിലധികം വ്യൂസ് സ്വന്തമാക്കിയ ‘കാട്ടുച്ചെമ്പകം‘ എന്ന ആദ്യ ഗാനത്തിന്റെ വിജയത്തിന് പിന്നാലെയാണ് ‘മാവീരനും‘ എത്തുന്നത്. ജോബ് കുര്യന്റെ കരുത്തുറ്റ ശബ്ദത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി‘ ഈ വർഷത്തെ ഏറ്റവും വലിയ വിഷു റിലീസുകളിൽ ഒന്നാണ്. ഏപ്രിൽ 10ന് അഞ്ച് ഭാഷകളിലായി ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങിയ വലിയ താരനിരയും ടൊവിനോയ്ക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.

