Mon. Apr 13th, 2026

പാലാ: പി സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ അതിരൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്നും മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള ഇത്തരം കടന്നാക്രമണങ്ങൾ സഭ വെച്ചുപൊറുപ്പിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും എല്ലാക്കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മെത്രാന്മാരും വൈദികരും എല്ലാ സമയത്തും നിഷ്പക്ഷരായിരിക്കണം എന്ന് പറയാൻ ആർക്കും സാധിക്കില്ലെന്ന് ബിഷപ്പ് പറഞ്ഞു. ചാനലുകൾക്ക് വേണ്ടിയോ, കയ്യടി കിട്ടുന്നതിന് വേണ്ടിയോ സമുദായ നേതാക്കളെയും വൈദികരെയും അവഹേളിക്കുന്ന ശൈലി ശരിയല്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വികാരത്തെ കൂടി മാനിക്കണം. ചാനൽ ഭാഷ ഉപയോഗിച്ച് സഭയുടെ അന്തസ്സ് കെടുത്താൻ ശ്രമിക്കുന്നവർ ആരായാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദായ അംഗങ്ങൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനെ സഭ എപ്പോഴും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാൽ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മതനേതാക്കളെ മാന്യതയില്ലാതെ വിമർശിക്കുന്നത് നീതീകരിക്കാനാവില്ല. സഭയും പിസി ജോർജും മകൻ ഷോൺ ജോർജും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *