Tue. Apr 7th, 2026

തിരുവനന്തപുരം: സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെപ്പോലും അപമാനിക്കുന്ന രീതിയിലേക്ക് ജി. സുധാകരൻ അധപതിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നശിക്കാൻ തീരുമാനിച്ച് ശത്രുപക്ഷത്ത് ചേർന്നാൽ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലെത്തുമെന്നും അതിന്റെ ഉദാഹരണമാണ് ജി. സുധാകരന്റെ വാക്കുകളെന്നും മുഖ്യമന്ത്രി വിമർശിച്ചു.

1976-ൽ പന്തളം എൻഎസ്എസ് കോളേജിൽ വെച്ച് ഭുവനേശ്വരൻ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് ജി. സുധാകരനും നാടിനും അറിയാം. അന്ന് തൊട്ട് പറഞ്ഞു വന്ന കാര്യങ്ങൾക്ക് വിരുദ്ധമായി ഇപ്പോൾ സംസാരിക്കുന്നത് രാഷ്ട്രീയ അധപതനമാണ്. സി.എസ്. സുജാതയ്‌ക്കെതിരായ ജി. സുധാകരന്റെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ഒരു സ്ഥാനാർത്ഥി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള സുധാകരന്റെ പ്രസ്താവനകൾ അമ്പലപ്പുഴയിൽ വിലപ്പോകില്ല. ശത്രു പാളയത്തെ പ്രീതിപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

സഹോദരൻ ഭുവനേശ്വരനെ കൊലപ്പെടുത്താൻ വഴിയൊരുക്കിയത് എസ്.എഫ്.ഐയും സി.പി.ഐ.എമ്മും ആണെന്ന സുധാകരന്റെ പുതിയ വാദമാണ് വിവാദത്തിന് തിരികൊളുത്തിയത്. “കോളേജ് കലുഷിതമായിരുന്നപ്പോൾ പോകണ്ട എന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ നിർബന്ധിച്ച് അവനെ അങ്ങോട്ട് അയച്ചത് സി.പി.ഐ.എം നേതാക്കളാണ്” എന്നായിരുന്നു ജി. സുധാകരന്റെ പ്രസ്താവന. കെ.എസ്.യു പ്രതിസ്ഥാനത്തുള്ള ഈ കൊലപാതക കേസിൽ വർഷങ്ങൾക്ക് ശേഷം ജി. സുധാകരൻ നിലപാട് മാറ്റിയത് ഇടത് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. സി.എസ്. സുജാത നായർ വീടുകളിൽ മാത്രമേ കയറുന്നുള്ളൂ എന്ന സുധാകരന്റെ ജാതീയമായ പരാമർശവും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *