ഐപിഎല്ലിൽ റെക്കോഡുകൾ കടപുഴക്കി കെ.എൽ. രാഹുലിന്റെ തകർപ്പൻ വെടിക്കെട്ട്. പഞ്ചാബിനെതിരായ മത്സരത്തിൽ 67 പന്തിൽ പുറത്താകാതെ 152 റൺസ് അടിച്ചുകൂട്ടിയ രാഹുൽ, ഐപിഎൽ ചരിത്രത്തിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന നേട്ടം സ്വന്തമാക്കി. അഭിഷേക് ശർമയുടെ (141 റൺസ്) റെക്കോഡ് മറികടന്ന് ഐപിഎല്ലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചു.
ക്രിസ് ഗെയ്‌ൽ (175), ബ്രണ്ടൻ മക്കെല്ലം (158) എന്നിവർക്ക് ശേഷം ഐപിഎല്ലിൽ 150 റൺസ് പിന്നിടുന്ന മൂന്നാമത്തെ താരമായി രാഹുൽ മാറി. ഐപിഎല്ലിലെ സെഞ്ചുറികളുടെ എണ്ണത്തിൽ സഞ്ജു സാംസണെ (5 സെഞ്ചുറി) രാഹുൽ മറികടന്നു. ആറ് സെഞ്ചുറികളാണ് ഇപ്പോൾ രാഹുലിന്റെ പേരിലുള്ളത്. പഞ്ചാബ്, ലഖ്‌നൗ, ഡൽഹി എന്നീ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികൾക്കായി രണ്ട് സെഞ്ചുറികൾ വീതം നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടവും രാഹുൽ കൈവരിച്ചു. ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 357 റൺസുമായി നിലവിൽ സീസണിലെ റൺവേട്ടക്കാരിൽ രാഹുലാണ് ഒന്നാമത്. രാഹുലിന്റെ 152 റൺസ് പ്രകടനത്തിന്റെ കരുത്തിൽ ഡൽഹി നിശ്ചിത 20 ഓവറിൽ 264 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 16 ഫോറുകളും 9 സിക്‌സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.

