Tue. Apr 7th, 2026

തൃശൂർ: കേരളത്തിലെ ഇടത് സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽ ഗാന്ധി. കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യമാണെന്നും തന്നെ നയിക്കാൻ മറ്റാരുമില്ലെന്ന പ്രചാരണമാണ് പിണറായി വിജയൻ നടത്തുന്നതെന്നും ഇത് മോദി ശൈലിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്ത് വെറുപ്പ് പരത്തുന്ന ബിജെപിയും കേരളത്തിലെ സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ മാളയിൽ ത്രിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ഇപ്പോൾ ഇടതുപക്ഷ നയങ്ങളല്ല, മറിച്ച് മുതലാളിത്ത നയങ്ങളാണ് പിന്തുടരുന്നത്. രാജ്യത്തെ തങ്ങൾ തന്നെ ഭരിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നതുപോലെ, കേരളം തങ്ങളുടെ കൈപ്പിടിയിലായിരിക്കണമെന്ന് സിപിഎമ്മും കരുതുന്നു. ബിജെപിയും ആർഎസ്എസും തന്നെ നിരന്തരം ആക്രമിക്കുമ്പോൾ എന്തുകൊണ്ടാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ചോദ്യം ചെയ്യാത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കേസുകളുടെ പേര് പറഞ്ഞ് മോദി പിണറായിയെ കെണിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി തന്നെത്താൻ രാജ്യത്തെ രാജാവായി കാണുമ്പോൾ, പിണറായി വിജയൻ കേരളത്തിലെ രാജാവാണെന്നാണ് സ്വയം കരുതുന്നത്. മുഖ്യമന്ത്രിയുടെ അഹങ്കാരം സഹിക്കാൻ കഴിയുന്നില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയുന്നു. നിലവിൽ എൽഡിഎഫിലെ പഴയ നേതാക്കളെല്ലാം യുഡിഎഫിനൊപ്പമാണെന്നും കേരളത്തിൽ ഇടത് അനുഭാവികൾക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *