Wed. Apr 15th, 2026

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ പ്രശസ്തമായ സെറീന പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് നടന്ന ഇറാൻ-അമേരിക്ക ചർച്ചയ്ക്ക് പിന്നാലെ പാക്കിസ്ഥാൻ നാണംകെട്ട അവസ്ഥയിൽ. ചർച്ചകൾക്ക് വേദിയൊരുക്കിയ ഹോട്ടലിലെ ബില്ലുകൾ അടയ്ക്കുന്നതിൽ പാക്കിസ്ഥാൻ സർക്കാർ പരാജയപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ ബില്ലടയ്ക്കാൻ തയ്യാറാകാതെ വന്നതോടെ ഹോട്ടൽ ഉടമ നേരിട്ട് ഇടപെടുകയും പണം നൽകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ലോകരാജ്യങ്ങൾ ഉറ്റുനോക്കിയ അതിപ്രധാനമായ ഒരു നയതന്ത്ര ചർച്ചയ്ക്ക് ആതിഥേയത്വം വഹിച്ചിട്ടും പ്രാഥമികമായ കാര്യങ്ങൾ നിർവഹിക്കുന്നതിൽ പാക്കിസ്ഥാന് വലിയ വീഴ്ച പറ്റിയതായാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം പിഴവുകൾ രാജ്യത്തിന്റെ അന്തസ്സിനെ ആഗോളതലത്തിൽ ബാധിച്ചതായും വിമർശനമുയരുന്നുണ്ട്. ഏപ്രിൽ 10 മുതൽ 12 വരെ അതീവ സുരക്ഷയിലാണ് ചർച്ചകൾ നടന്നതെങ്കിലും ബില്ലിന്റെ കാര്യത്തിൽ സർക്കാർ കാണിച്ച അനാസ്ഥ ചർച്ചയാവുകയാണ്.

ഇറാൻ-അമേരിക്ക രണ്ടാംഘട്ട ചർച്ചകൾ ഈയാഴ്ച ഇസ്‍ലാമാബാദിൽ വീണ്ടും നടക്കാനിരിക്കുകയാണ്. ഏപ്രിൽ 21-ന് നിലവിലെ വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെ, അതിനു മുൻപ് പുതിയ ധാരണയിലെത്താനാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ വീണ്ടും ഒത്തുചേരുന്നത്. ആദ്യ ചർച്ചയിൽ ബില്ലടയ്ക്കാതെ വിവാദമുണ്ടാക്കിയ പാക്കിസ്ഥാൻ സർക്കാർ, അടുത്ത ഘട്ടത്തിലെങ്കിലും ഇത്തരം നാണക്കേടുകൾ ഒഴിവാക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *