കറാച്ചി: വനിതാ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറി ഇനി പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സ്വന്തം. സിംബാബ്‌വെ വനിതകൾക്കെതിരായ മൂന്നാം ടി20 മത്സരത്തിലാണ് വെറും 15 പന്തിൽ അർധസെഞ്ച്വറി തികച്ച് ഫാത്തിമ സന ലോകറെക്കോർഡ് കുറിച്ചത്. മത്സരത്തിൽ ആകെ 19 പന്തുകൾ മാത്രം നേരിട്ട താരം 10 ഫോറുകളും 2 സിക്സറുകളും ഉൾപ്പെടെ 62 റൺസോടെ പുറത്താകാതെ നിന്നു. 326.31 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു പാക് നായികയുടെ ഈ ബാറ്റിംഗ് വിരുന്ന്.
വെറും 18 പന്തിൽ അർധസെഞ്ച്വറി നേടിയ ഇന്ത്യയുടെ റിച്ച ഗോഷ്, ന്യൂസിലൻഡിന്റെ സോഫി ഡിവൈൻ, ഓസ്‌ട്രേലിയയുടെ ഫോബ് ലിച്ച്ഫീൽഡ് എന്നിവരുടെ സംയുക്ത റെക്കോർഡാണ് ഫാത്തിമ സന തകർത്തത്. ഇതോടെ പുരുഷ-വനിതാ ഭേദമന്യേ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ അർധസെഞ്ച്വറി നേടുന്ന പാക് താരം എന്ന റെക്കോർഡും ഫാത്തിമയുടെ പേരിലായി. 2019-ൽ നിദ ദാർ കുറിച്ച 20 പന്തിലെ അർധസെഞ്ച്വറിയായിരുന്നു ഇതിനുമുമ്പ് ഒരു പാക് വനിതാ താരത്തിന്റെ ഏറ്റവും ഉയർന്ന വേഗതയേറിയ നേട്ടം.
അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമെ, ആഭ്യന്തര വനിതാ ടി20 ഫോർമാറ്റിലെ ഏറ്റവും വേഗതയേറിയ അർധ ശതകമെന്ന റെക്കോർഡിനൊപ്പവും ഫാത്തിമ സന എത്തി. 2022-ൽ വാർവിക്ഷെയറിനായി മേരി കെല്ലിയും, 2025-ൽ ഒട്ടാഗോയ്ക്കായി ലോറ ഹാരിസും 15 പന്തിൽ അർധസെഞ്ച്വറി നേടിയിട്ടുണ്ട്. ഈ വർഷം മികച്ച ഫോമിലുള്ള സന തന്നെയാണ് 5 ഇന്നിങ്സുകളിൽ നിന്ന് 229 റൺസോടെ പാകിസ്ഥാന്റെ ടോപ്പ് സ്കോറർ. ഇതേ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 41 പന്തിൽ 90 റൺസ് നേടിയതാണ് കരിയറിലെ സനയുടെ ഏറ്റവും മികച്ച സ്കോർ.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഫാത്തിമ സനയുടെയും സെയ്‌റ ജബീന്റെയും (50*) അർധസെഞ്ച്വറി കരുത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെ വെറും 90 റൺസിന് എല്ലാവരും പുറത്തായി. 133 റൺസിന്റെ കൂറ്റൻ ജയത്തോടെ ടി20 പരമ്പരയും ഏകദിന പരമ്പരയ്ക്ക് പിന്നാലെ പാകിസ്ഥാൻ തൂത്തുവാരി.

