Thu. Apr 16th, 2026

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ മറ്റൊരാൾക്ക് മെസേജ് അയക്കാനോ കോൺടാക്റ്റിൽ ചേർക്കാനോ ഫോൺ നമ്പർ പങ്കുവെക്കേണ്ടതില്ല. പകരം പ്രത്യേക യൂസർനെയിം ഉപയോഗിക്കാം. ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളിൽ നിലവിലുള്ള ഈ സൗകര്യം വരുന്നതോടെ, അപരിചിതർക്ക് ഫോൺ നമ്പർ നൽകുന്നത് ഒഴിവാക്കാൻ സാധിക്കും എന്നത് വലിയ സുരക്ഷാ നേട്ടമായി മാറും.

യൂസർനെയിമിന് പുറമെ മെസേജുകൾക്കായി വ്യൂ വൺസ് ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. നേരത്തെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ സൗകര്യം ഇനി സാധാരണ ടെക്സ്റ്റ് മെസേജുകൾക്കും ലഭ്യമാകും. ഈ മോഡിൽ അയക്കുന്ന സന്ദേശങ്ങൾ വായിച്ചാലുടൻ തനിയെ ഡിലീറ്റ് ആയി പോകും. സംഭാഷണങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്കും സ്വകാര്യവിവരങ്ങൾ കൈമാറുന്നവർക്കും ഇത് ഏറെ ഉപകാരപ്രദമാണ്.

ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് വാട്സ്ആപ്പിന്റെ ഈ നീക്കം. മെസേജുകൾ എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ഗൂഗിൾ, ആപ്പിൾ ക്ലൗഡ് സ്റ്റോറേജുകളിലെ ബാക്കപ്പുകൾ സുരക്ഷിതമല്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഏകദേശം 95 ശതമാനം മെസേജുകളും എൻക്രിപ്ഷൻ ഇല്ലാതെയാണ് ക്ലൗഡിൽ സൂക്ഷിക്കപ്പെടുന്നത് എന്ന് ടെലിഗ്രാം മേധാവി പാവൽ ദുറോവ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വെല്ലുവിളികൾക്കിടയിലാണ് പുതിയ ഫീച്ചറുകളിലൂടെ ഉപയോക്താക്കളുടെ വിശ്വാസം നിലനിർത്താൻ വാട്സ്ആപ്പ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *