Wed. Jun 10th, 2026

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൗത്ത് 24 പർഗാനസിലെ സോനാർപൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഒരു സംഘം ആളുകൾ എം.പിക്ക് നേരെ അക്രമാസക്തരായത്. ചീമുട്ടയെറിഞ്ഞും വസ്ത്രങ്ങൾ വലിച്ചുകീറിയും അക്രമികൾ അഭിഷേകിനെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഹെൽമെറ്റ് ധരിപ്പിച്ച് ബൈക്കിൽ കയറ്റി മാറ്റാൻ ശ്രമിച്ചെങ്കിലും അക്രമികൾ തടയുകയും മർദ്ദിക്കുകയും ചെയ്തു.

പരിക്കേറ്റ അഭിഷേകിനെ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ സന്ദർശിച്ച മുൻ മുഖ്യമന്ത്രി മമത ബാനർജി, ഭരണാധികാരികൾ കൊലപാതകികളായി മാറിയെന്ന് ആരോപിച്ചുകൊണ്ട് ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ആക്രമണത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കൾ ശക്തമായി അപലപിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് മൗനം പാലിച്ച ബി.ജെ.പി നേതൃത്വം, ഇത് ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണെന്നാണ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *