Tue. Apr 14th, 2026

✍️ ലിബി സി എസ്

കേരളത്തിലെ ആദ്യകാല യുക്തിവാദികളിൽ അധികവും അവർണ്ണരായിരുന്നു സഹോദരൻ അയ്യപ്പന് മുൻപേ പുലയന് കുഞ്ഞമ്പു ആയ; കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കെത്തിയ ശ്രീനാരായണ ഗുരുവിന് ആഥിത്യമരുളിയ ശേഷം ” ഞാൻ ഒരു യുക്തിവാദിയായതിനാൽ ഈ ചടങ്ങിൽ പങ്കെടുക്കില്ല” എന്ന് പറഞ്ഞു മാറി നിന്ന പോത്തേരി കുഞ്ഞമ്പു മുതൽ അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി യുക്തിവാദികൾ അവർണ്ണ സമുദായത്തിൽ ഉണ്ടായിരുന്നതായി കാണാം. അത് ആ സമുദായങ്ങൾക്കുണ്ടായിരുന്ന ബുദ്ധമത ബന്ധത്തിൻറെ സ്വാധീനം കൊണ്ടുകൂടിയായിരുന്നു. പിന്നീട് കാലാന്തരത്തിൽ സവർണ്ണ വിഭാഗത്തിൽനിന്നും പലരും യുക്തിവാദികളായി രംഗത്തുവരുകയുണ്ടായി.

അത്തരത്തിലെ ഒരു ആദ്യകാല ‘അസവർണ്ണ’ യുക്തിവാദിയായിരുന്നു കെപി വള്ളോനും. “അസവർണ്ണ യുക്തിവാദി” എന്നപ്രയോഗം കണ്ട് ആരും നെറ്റിചുളിക്കണ്ട. ‘സഖാവ് ‘ എന്നവാക്കുപോലെ മലയാള ഭാഷയ്ക്ക് സഹോദരൻ അയ്യപ്പൻ സംഭാവന ചെയ്ത വാക്കാണ് ‘അസവർണ്ണർ’ വർണ്ണാശ്രമ വ്യവസ്ഥിതിക്ക് പുറത്തുള്ള ജാതി സമൂഹത്തെയാണ് അസവർണ്ണർ എന്ന ഒറ്റവാക്കിൽ അദ്ദേഹം വിവക്ഷിച്ചത്. തിയ്യർ, പാണർ, ഗണകർ, പുള്ളുവർ, ഈഴവർ, വണ്ണാൻ, മണ്ണാൻ, വേലൻ, ഭരതർ, കുലാലർ ധീരവർ, പുലയർ, പറയർ എന്നീ ജാതികളെയും, മലയൻ, കാടൻ, പണിയൻ, അടിയൻ, കുറുമൻ, കുറിച്യർ, കാട്ടുനായ്ക്കർ തുടങ്ങിയ ആദിവാസി ഗോത്രങ്ങളെയും ചേർത്ത് ഒറ്റവാക്കായി ഒരു സമൂഹമായി കണ്ടാണ് സഹോദരൻ ഈ വാക്ക് ഉപയോഗിച്ചത്.

സ്വന്തം വീട്ടുവളപ്പിൽ പൂർവികർ വച്ചാരാധിച്ചുവന്ന കല്ലും കരിങ്കുറ്റിയും പിഴുതെറിഞ്ഞ് സ്വന്തം വീട്ടിലെ അനാചാരങ്ങൾക്ക് എതിരേ പ്രതിഷധിച്ച, സാമൂഹികപ്രവർത്തനം മാത്രമല്ല വ്യക്തിജീവിതവും ആദർശനിഷ്ഠമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന നിരീശ്വരവാദിയായിരുന്നു കൊച്ചി കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങന്റെയും മാലയുടെയും മകനായ കെ.പി. വള്ളോൻ (1894 – 1940).

കൊച്ചിയിലെ പിന്നാക്ക വിഭാഗങ്ങളുടെ നവോത്ഥാനപ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ സന്ധിയില്ലാ സമരം ചെയ്ത, മർദ്ദനങ്ങളെ മർദ്ദനം കൊണ്ടെതിർത്ത ധീരനായ പോരാളികൂടിയായിരുന്നു അദ്ദേഹം.

തന്റെ സമുദായത്തിലെയും വീട്ടിലെയും ആരാധനാ കേന്ദ്രങ്ങള് നശിപ്പിച്ചുകൊണ്ട് സമുദായത്തെ വരിഞ്ഞുമുറുക്കിയിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കാന് തയ്യാറായ വള്ളോൻ 1924 ഓടുകൂടിയാണ് സമുദായ നേത്വത്വത്തിലേക്ക് ഉയര്ന്നുവന്നത്. ആദ്യകാലത്ത് ശ്രീനാരയണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് സഹോദര സംഘവുമായി ബന്ധപ്പെടുകയും യുക്തിവാദിയായി മാറുകയുമായിരുന്നു. പക്ഷെ അദ്ദേഹത്തെ വെറും സമുദായ നേതാവ് മാത്രമായി ചുരുക്കികാണുകയാണ് മലയാളി ചെയ്തത്.

സഹോദര സംഘം1921 ൽ സാഹോദര്യം പുലരാൻ വർണ്ണാശ്രമ ധർമ്മം വലിച്ചെറിയുക എന്നാഹ്വാനം ചെയ്തുകൊണ്ട് ആലുവയിൽ സംഘടിപ്പിച്ച “സമസ്ത കേരള സഹോദര സമ്മേളനം” ത്തിൻറെ സംഘാടകരിൽ കെപി വള്ളോനും ഉണ്ടായിരുന്നു. “സാഹോദര്യം സർവത്ര” എന്ന എന്ന ഒരു സൂക്തമാണ് അതിൻറെ പ്രവേശന കവാടത്തിൽ എഴുതിവെച്ചിരുന്നത്. നാരയണഗുരുവാണ് അതെഴുതിയത്. ഗുരുവിൻറെ നിർദ്ദേശപ്രകാരമാണ് അതവിടെ സ്ഥാപിച്ചതും. ആ സമ്മേളനത്തിൻറെ വിജയമാണ് ഗുരുവിന് സർവ്വമത സമ്മേളനം നടത്താൻ പ്രചോദനമായത് എങ്കിലും മതക്കാർ തനിക്കൊണം കാണിച്ചെന്നു മാത്രം.

1924 ൽ എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് കൂടിയ കൊച്ചി പുലയ മഹാസഭയുടെ വാർഷികത്തിൽ ആണ് അദ്ദേഹം സമുദായ നേതാവായി മാറിയത്. കൊച്ചിയിലെ അയ്യൻകാളി എന്നാണ് വള്ളോൻ അറിയപ്പെട്ടിരുന്നത്.

പറയത്തക്ക ഔപചാരിക വിദ്യാഭ്യാസമൊന്നും നേടാതിരുന്ന വള്ളോൻ സ്വപ്രയത്നത്താൽ ലോകപരിചയം നേടി. ഒരു മേസൻ പണിക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം 1931-ൽ അധകൃത വിഭാഗത്തിന്റെ പ്രതിനിധിയായി കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതോടെ അദ്ദേഹം “വള്ളോൻ എംഎൽസി” എന്നറിയപ്പെട്ടു. അധികാര വർഗ്ഗത്തിന്റെ ഉറക്കം കെടുത്തുന്നവയായിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങൾ.

കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കണമെങ്കിൽ ബിരുദമോ, കരംതിരിവോ ആവശ്യമായിരുന്നു. എങ്കിൽ മാത്രമെ എന്തിനെ പ്രതിനിധീകരിച്ചാണെങ്കിലും അംഗമാകാൻ കഴിയുമായിരുന്നുള്ളു. അത്തരം ഒരാളെ ലഭിക്കുക വളരെ അപൂർവ്വമായിരുന്നുള്ളു. തിരുവിതാംകൂർ പ്രജാസഭയിൽ പുലയരെ പ്രതിനിധീകരിച്ച് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെ നിയമിച്ചത് പോലെ കൊച്ചിയിൽ പണ്ഡിറ്റ് കെ.പി. കറുപ്പനെയാണ് പുലയരുടെ പ്രതിനിധിയായി നോമിനേറ്റ് ചെയ്തിരുന്നത്. കറുപ്പൻ മാസ്റ്റർ തനിക്ക് ലഭിച്ച സ്ഥാനം കൊണ്ട് പുലയരുടെ ഉന്നതിക്കായി വലിയ സേവനങ്ങൾ ചെയ്തതയാളാണെന്നത് നിസ്തർക്കമാണ്.

1915 ൽ ലെജിസ്ളേറ്റീവ് കൗൺസിൽ അംഗമായി തെരഞ്ഞെടുത്ത കറുപ്പൻ മാസ്റ്ററുടെ കാലാവധി കഴിഞ്ഞു വീണ്ടും നോമിനേറ്റ് ചെയ്യാൻ തീരുമാനങ്ങളുണ്ടായപ്പോൾ മാസ്റ്റർ തന്നെ പുതിയ നിർദ്ദേശവുമായി മുന്നോട്ടുവന്നു. ഇനി കൊച്ചിയിലെ അവശ സമുദായത്തെ പ്രതിനിധീകരിക്കാൻ ആ സമുദായത്തിലെ തന്നെ ആളുണ്ടെന്നും അതിനായി തിരുകൊച്ചി പുലയർ മഹാസഭയുടെ നേതാവായ പി.സി.ചാഞ്ചനെ നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി. 1926 ൽ കാലാവധി പൂർത്തിയാക്കിയ ചാഞ്ചന് ശേഷം 1931 ആഗസ്റ്റിൽ ശ്രീ.വള്ളോനെ ലെജിസ്ളേറ്റീവ് അംഗമായി നോമിനേറ്റ് ചെയ്യുകയായിരുന്നു.

തുടർന്നുള്ള വർഷത്തേക്കും വള്ളോനെ തെരഞ്ഞെടുത്തെങ്കിലും 1940 നവംബർ വരെ സഭയിൽ ഹാജരായിട്ടില്ലെന്ന് സഭ രേഖകൾ ഉദ്ധരിച്ചുകൊണ്ട് ചെറായി രാമദാസ് രേഖപ്പെടുത്തുന്നു.

യുക്തിവാദിയോ നിരീശ്വരവാദിയോ ആണെന്നു പറഞ്ഞതുകൊണ്ട് തനിക്ക് നിയമത്തിൻറെ മുന്നിൽ സവർണ്ണ യുക്തിവാദികളെപ്പോലെയുള്ള അവകാശങ്ങളൊന്നും ലഭിക്കില്ലെന്നും അവർണ്ണൻ അല്ലാതെ ആകാൻ കഴിയില്ലെന്നും അദ്ദേഹത്തിന് മനസിലായി. ഇൻഡ്യൻ ഭരണഘടന നിലവിൽ വരുന്നതിന് മുൻപ് പൗരാവകാശങ്ങൾ ഒന്നുമില്ലായിരുന്നു.

ഹിന്ദുരാജ്യത്ത്, യുക്തിവാദിയായ രാമവർമ്മ തമ്പാനോ പനമ്പിള്ളി ഗോവിന്ദമേനോനോ യുക്തിവാദി ആയാലും താനോ സഹോദരൻ അയ്യപ്പനോ ഒന്നും യുക്തിവാദി ആയാലും ഒരുപോലെ അല്ലെന്ന യാഥാർഥ്യം അദ്ദേഹം തിരിച്ചറിഞ്ഞു. മറ്റുള്ള അസവർണ്ണ യുക്തിവാദികളെപ്പോലെ അദ്ദേഹവും1935 ൽ ബുദ്ധമതം സ്വീകരിച്ചുകൊണ്ട് ഹിന്ദുത്വത്തിന് പുറത്തുകടന്നു.

‘അധഃകൃതൻ’ എന്ന പേരിൽ ആഴ്ചപ്പത്രം ആരംഭിച്ച വള്ളോൻ ആയിരുന്നു ദ്വീപിലെ ആദ്യ പത്രാധിപർ. പത്രത്തിന്റെ പേര് പിന്നീട് ‘ഹരിജൻ’ എന്ന് മാറ്റി. ദ്വീപിലെ അറിയപ്പെട്ട ആദ്യ യുക്തിവാദിയും അദ്ദേഹം ആയിരുന്നു. മാളയിൽവച്ച് വസൂരി ബാധിതരുടെയിടയിൽ പ്രവർത്തിക്കവെ വസൂരി പിടിപ്പെട്ടാണ് അദ്ദേഹം മരണമടഞ്ഞത്.

ജാതിക്കെതിരെ പ്രവർത്തിച്ചതിനാൽ ജാതിവാദി സർട്ടിഫിക്കറ്റ് കിട്ടിയ കെപി വള്ളോൻ എന്ന യുക്തിവാദിക്ക് ഒരു ജാതിവാദിയുടെ ഓർമ്മപ്പൂക്കൾ!

Leave a Reply

Your email address will not be published. Required fields are marked *