ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി നല്‍കി ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയ്ക്ക് എതിരായ കേസുകള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഡല്‍ഹി പോലീസും ഇ ഡിയും ചുമത്തിയ കേസുകളാണ് റദ്ദാക്കിയത്.
ഇഡിക്ക് എതിരെ ഡല്‍ഹി ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം നടത്തി. ഇ ഡി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിനെതിരെയാണ് ഇ ഡി അധികാരം ദുര്‍വിനിയോഗം ചെയ്തതെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
ഒമ്പതു കോടിയുടെ നിക്ഷേപം അനധികൃതമായി സ്വീകരിച്ചു എന്നായിരുന്നു കേസ്. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നു കോടതി കണ്ടെത്തി. വിദേശ ഫണ്ട് സ്വീകരിച്ചതില്‍ ന്യൂസ് ക്ലിക്ക് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഐ ആന്‍ഡ് ബി മന്ത്രാലയം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു 2020 ഡല്‍ഹി പോലീസ് കേസെടുത്തത്. പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ഓഫീസുകള്‍ അടക്കം വ്യാപക റെയിഡുകള്‍ നടന്നു. ഇതിന്റെ തുടർച്ചയായാണ് ഇഡിയും അന്വേഷണം ഏറ്റെടുത്തത്.
എന്നാൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. മാധ്യമപ്രവർത്തകരെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന സൂചനയാണ് കോടതിയുടെ നിരീക്ഷണത്തിലുള്ളത്. പ്രബീർ പുർകായസ്തയ്ക്ക് നൽകിയ ഈ ആശ്വാസം, മാധ്യമലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.

