തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ്. പെണ്‍കുട്ടിയുടെ വിവാഹം നടന്ന സമയത്ത് 18 വയസ് പൂര്‍ത്തിയായിരുന്നു. വിവാഹത്തില്‍ നിയമപരമായ യാതൊരുവിധ വീഴ്ചകളും സംഭവിച്ചിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. വിവാഹത്തിനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപി തള്ളിക്കളഞ്ഞു. സമര്‍പ്പിച്ച രേഖകളെല്ലാം ആധികാരികമാണെന്ന് പരിശോധനയില്‍ വ്യക്തമായതായും ഡിജിപി കൂട്ടിച്ചേര്‍ത്തു.
വിഷയവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ബോധിപ്പിക്കാന്‍ ഡിജിപി നാളെ ഡല്‍ഹിയിലെ ദേശീയ പട്ടികവര്‍ഗ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരാകും. കേസിന്റെ നിലവിലെ അവസ്ഥയും രേഖകളുടെ നിജസ്ഥിതിയും അദ്ദേഹം കമ്മീഷനെ ബോധിപ്പിക്കും. തനിക്ക് പോലീസ് സംരക്ഷണം ആവശ്യമാണെന്നും വിവാഹം നിയമപരമാണെന്നും കാണിച്ച് പെണ്‍കുട്ടി നേരത്തെ തന്നെ അധികൃതരെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കരുതെന്ന അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് ഡിജിപിയുടെ ഈ വെളിപ്പെടുത്തല്‍. നേരത്തെ, പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

