തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും അഴിമതിയും പരിഹരിക്കാൻ എൻ.ടി.എ പിരിച്ചുവിടണമെന്നും, പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഇതിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും സ്വപ്നങ്ങളും വച്ച് പന്താടുന്ന ഇത്തരം പ്രവണതകൾ അത്യന്തം ഗുരുതരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ നീതിപൂർവമായ അവസരങ്ങളാണ് മാഫിയകളുടെ ഇടപെടൽ മൂലം നഷ്ടപ്പെടുന്നത്. ചോദ്യപേപ്പർ ചോർച്ചയിലും അഴിമതിയിലും സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പ്രവേശന പരീക്ഷകൾ പ്രഹസനമാക്കി വിദ്യാർത്ഥികളുടെ ആത്മവിശ്വാസം തകർക്കരുതെന്നും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

