തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം ഔദ്യോഗികമായി അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം 7.30 വരെയുള്ള കണക്കുകൾ പ്രകാരം 77.62 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് സമയം അവസാനിച്ച ആറ് മണിക്ക് ശേഷവും പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായതിനാൽ ക്യൂവിലുള്ളവർക്ക് ടോക്കണുകൾ വിതരണം ചെയ്തു. അന്തിമ കണക്കുകൾ വരുമ്പോൾ പോളിംഗ് ശതമാനം 90 ലേക്ക് എത്തിയേക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പ്രതീക്ഷിക്കുന്നത്.
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എറണാകുളം ജില്ലയാണ് പോളിംഗിൽ മുന്നിൽ നിൽക്കുന്നത് (79.46%). ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ് (70.43%). മണ്ഡലാടിസ്ഥാനത്തിൽ എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (83.63%) രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ 80.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇവിടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി, യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ എന്നിവർ തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
രാവിലെ മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ ചലച്ചിത്ര താരങ്ങളും വോട്ട് രേഖപ്പെടുത്തി. വികസനത്തുടർച്ച ഉണ്ടാകുമെന്നും എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ യു ഡി എഫ് 100 ലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു. എൻ ഡി എ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി ജെ പി നേതാക്കളും പ്രതികരിച്ചു.
ചിലയിടങ്ങളിൽ നിന്നു വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറും കള്ളവോട്ട് ആരോപണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർകോട് പാഴ്വാളിക പഞ്ചായത്തിലെ ഒരു ബൂത്തിൽ പ്രവാസിയായ സഹോദരന് വേണ്ടി ഒരാൾ വോട്ട് ചെയ്തതായി ആരോപണം ഉയർന്നു. തൃശൂരിലെ വടക്കാഞ്ചേരിയിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് ഒരാൾക്ക് വോട്ട് നിഷേധിച്ചതിനെ തുടർന്ന് എൻ ഡി എ സ്ഥാനാർത്ഥി ഉല്ലാസ് ബാബു പ്രതിഷേധിച്ചു. മലപ്പുറത്തെ നിലമ്പൂരിലും പത്തനംതിട്ടയിലെ ഇലന്തൂരിലും യന്ത്രത്തകരാർ മൂലം വോട്ടിംഗ് തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിച്ചു.
സംസ്ഥാനത്തെ ആകെ 2.71 കോടി വോട്ടർമാർക്കായി 30,495 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. സുരക്ഷാ ചുമതലയ്ക്കായി 76,000 സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.

