✍️ ലിബി. സി.എസ്
“ചാത്തൻ പുലയൻ മന്ത്രി ആയിരിക്കുന്ന നാട്ടിൽ ജീവിക്കുന്നത് എങ്ങിനെ?”- നവകേരളാചാര്യൻ മന്നത്തപ്പൻ.
“പാളേകഞ്ഞി കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ “
അധികാരത്തിന്റെ ഹജൂർകച്ചേരിയിൽ കറുത്ത തൊലിയുള്ളവർക്ക് പതിത്വം കൽപ്പിച്ച, ഇന്നും തുടരുന്ന അഴുകിയ ഫ്യൂഡൽ പ്രതിപത്തിയുടെ പുളിച്ചുതികട്ടലാണ് ഈ മുദ്രാവാക്യങ്ങളിൽ!
സ്ത്രീകളോട് അതും കുലയല്ലാത്ത സ്ത്രീകളോടുള്ള ഇവരുടെ സമീപനം നോക്കൂ…
”വാടീ ഗൗരീ ചായ കുടി,
കേറിയിരുന്നൊരു ബീഡി വലീ…
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ…
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ലുപറിക്കാൻ പൊയ്ക്കൂടേ…
നാടുഭരിക്കാൻ അറിയില്ലെങ്കിൽ
വാടീ ഗൗരീ കയറുപിരിക്കാൻ…
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ…
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും
തമ്പ്രാനെന്ന് വിളിപ്പിക്കും..
പാളേൽ കഞ്ഞി കുടിപ്പിക്കും….
ഗൗരിച്ചോത്തിയുടെ കടിമാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്!
മന്നം ചാക്കോ ശങ്കർ പട്ടം
മമ്മതുകോയ സിന്ദാബാദ്…
പ്രബുദ്ധമെന്ന് വീമ്പിളക്കുന്ന കേരളത്തിന്റെ വർത്തമാന സാമൂഹ്യജീവിതത്തിലും
ആ പുളിച്ചു തികട്ടലിന്റെ അവശിഷ്ടം ഇപ്പോഴുമുണ്ടെന്നുള്ളതിന്റെ ലക്ഷണങ്ങളാണ്
ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും മുഖ്യമന്ത്രിയുടെ കുലതൊഴിൽ ചികഞ്ഞെടുത്തു സുഖിക്കുന്നവരിലും ‘ചോ കൂ മോനെ’ എന്നെല്ലാം വിളിക്കുന്നവരിലും, മുൻമേയർ ആര്യരാജേന്ദ്രന്റെ അച്ഛൻറെ തൊഴിലിന്റെ പേരിൽ നടന്ന അധിക്ഷേപിക്കലിലും എല്ലാം കാണുന്നത്. ഇപ്പോഴത്തെ കൂലിപ്പണി രാജൻ വിളിയിലും വി.എൻ വാസവൻ ഷാപ്പിലെ കറി കച്ചവടക്കാരൻ ആണെന്ന് പറയുന്നതിലുമെല്ലാം അത് തന്നെയാണ് ഉള്ളത്. ഇതിൽ അവർണ്ണരാണെങ്കിൽ ജാതിയുടെ പേരിലുള്ള അധിക്ഷേപവും കൂടി ഉൾപ്പെടും എന്നുമാത്രം.
ഇവിടെ തമ്പ്രാന്മാരും പാരമ്പര്യമായി വരുന്ന നാടുവാഴികളെപ്പോലുള്ള നേതാക്കളും മാത്രം മതിയെന്ന് ചിന്തിക്കുന്നവർ ധാരളമുണ്ട്. അതുകൊണ്ടാണല്ലോ നെഹ്രുവിന്റെ അപ്പൻ കോൺഗ്രസ് പ്രസിഡന്റ്, പിന്നെ മോൻ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും. പിന്നെ നെഹ്റുവിന്റെ മോൾ അതേ പോസ്റ്റുകൾ. പിന്നെ മകളുടെ മോൻ. പിന്നെ മോൻറെ ഭാര്യ, ഇപ്പോൾ മോൻറെ ഭാര്യയും രണ്ടു മക്കളും എംപിമാർ…. നമ്മുടെ കേരളത്തിലും ഇതുപോലുള്ള പാരമ്പര്യ നാടുവാഴികൾ ധാരാളമുണ്ടല്ലോ ഇവരൊക്കെയാണ് ജനാധിപത്യത്തെ കുറിച്ച് വാചാലരാകുന്നത് എന്നതാണ് കോമഡി. ഇങ്ങനൊക്കെ ബിജെപിക്കാർ പോലും ചെയ്യാറില്ലല്ലോ?
ഇഎംഎസ് നെപ്പോലെ തന്നെ ചാത്തൻമാസ്റ്ററും സമുദായ പ്രവർത്തനങ്ങളിൽ നിന്നും തുടങ്ങി കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകൃഷ്ടനായ ആളാണ്. എന്നാൽ ഇഎംഎസ് ഉം അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചാത്തൻമാസ്റ്ററും ഗൗരിഅമ്മയും നേരിട്ട ജാതീയ അധിക്ഷേപം ഇഎംഎസ് നു നേരിടേണ്ടി വന്നിട്ടില്ല.
ഇതിൽ മന്ത്രി കെ രാജനോ അദ്ദേഹത്തിൻറെ മാതാപിതാക്കളോ കൂലിപ്പണി ചെയ്തിട്ടുണ്ടോ എന്നറിയില്ല. അതിന് സാധ്യത കുറവാണ് എങ്കിലും ആ തൊഴിലാളികളോടുള്ള സമീപനമാണ് പ്രയോഗത്തിൽ ഉള്ളത്.
എന്തായാലും നിലവിലെ മുഖ്യമന്ത്രിയുടെ അപ്പനും അമ്മയും തൊഴിലാളികൾ ആയിരുന്നു. അതിന് മുൻപ് മുഖ്യമന്ത്രി ആയിരുന്ന വിഎസ് ൻറെ അപ്പനും അമ്മയും മാത്രമല്ല അദ്ദേഹവും ഒരു തയ്യൽ തൊഴിലാളി ആയിരുന്നു….
അങ്ങിനെ തൊഴിലാളിയുടെ മക്കളോ തൊഴിലാളികളോ അവർണ്ണ ജാതിക്കാരോ ഒക്കെ അധികാര സ്ഥാനങ്ങളിൽ വരുന്നതിന്റെ സൂക്കേട് എല്ലാവരും ധരിച്ചിരിക്കുന്നത് പോലെ ഹിന്ദു സവർണ്ണ വിഭാഗങ്ങൾക്ക് മാത്രമൊന്നുമല്ല.ക്രിസ്ത്യാനികളും അക്കാര്യത്തിൽ മോശക്കാർ അല്ല. അത് സവർണ്ണ ക്രിസ്ത്യാനികൾ മാത്രമല്ല മാമോദീസ മുങ്ങിയതോടെ വിശിഷ്ട ജന്മങ്ങൾ ആയെന്ന് കരുതുന്ന അവർണ്ണ ക്രിസ്ത്യാനികളും അക്കൂട്ടത്തിൽ പെടും. വിഎസ് മാരാരിക്കുളത്ത് മത്സരിച്ചപ്പോൾ വിഎസ് നെ തോൽപ്പിക്കണമെന്നും ഇല്ലെങ്കിൽ ഈഴവൻ മുഖ്യമന്ത്രി ആകുന്ന ഗതികേട് കാണേണ്ടിവരുമെന്നും ക്രിസ്ത്യൻ വീടുകളിൽ കയറി പച്ചയ്ക്ക് ജാതിപറഞ്ഞ ഒബിസി ക്രിസ്ത്യാനികളും മാരാരിക്കുളത്ത് ഉണ്ട്. അല്ലാതെ സിപിഎമ്മിലെ ഗ്രൂപ്പ് കളി കൊണ്ട് മാത്രമല്ല വിഎസ് തോറ്റത്. അത്തരം മനോഭാവം ഉള്ളവർ മാരാരിക്കുളത്ത് മാത്രമല്ല എല്ലാ സ്ഥലത്തും ഉണ്ട്.
എന്തിന് എൻറെ വീട്ടിലേക്ക് വരാനായി വഴിചോദിച്ച സഹോദരിയുടെ ഫ്രണ്ട്സ് ആയ രണ്ട് കന്യാത്രീമാരോട് നിങ്ങൾ ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ അവർ മാടക്കൽ എത്തിയെന്ന് ലൊക്കേഷൻ പറഞ്ഞത് “ഇവിടെ ഒരു കുളിര് നാണു മൂടിപ്പുതച്ച് ഇരിപ്പുണ്ട് അവിടെ എത്തി” എന്നണ്, ആദ്യം എനിക്ക് മനസിലായില്ല. പിന്നീട് അവർ വിശദീകരിച്ചപ്പോഴാണ് മടക്കൽ എത്തിയെന്നും നാരയണഗുരുവിനെയാണ് ഉദ്ദേശിച്ചതെന്നും. ഇത്തരം അച്ചന്മാരും കന്യാസ്ത്രീകളുമൊക്കെ ഇവിടെ ഉണ്ട്. ഞാൻ പറഞ്ഞു നിങ്ങളുടെ വെള്ള നൈറ്റി പോലെ അത് വിശുദ്ധ വസ്ത്രമൊന്നുമല്ല. മറിയത്തിൻറെ ഫാൻസി ഡ്രസുമല്ല, അദ്ദേഹം സാധാരണ മനുഷ്യരെപ്പോലെ ഒരു വെള്ളമുണ്ടും തോർത്തുമാണ് ഉപയോഗിച്ചിരുന്നത്, അത് കുളിരുകൊണ്ടാണ് എങ്കിൽ ഈ ചൂടുകാലത്ത് ഈ ളോഹയിൽ കയറി നടക്കുന്ന നിങ്ങളെ എന്താണ് വിളിക്കേണ്ടത് എന്ന്! നാരയണഗുരുവിൻറെ ജാതിയോടുള്ള അവജ്ഞയാണ് അതിൽ ഉള്ളത്.
ആദ്യമന്ത്രിസഭയിലെ ഇഎംഎസ് നെപ്പോലെ തന്നെ ചാത്തൻമാസ്റ്ററും സമുദായ പ്രവർത്തനങ്ങളിൽ നിന്നും തുടങ്ങി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ ആളാണ് എന്നാൽ ചാത്തൻമാസ്റ്ററും ഗൗരിഅമ്മയും നേരിട്ട ജാതീയ അധിക്ഷേപം മുഖ്യമന്ത്രി ആയിരുന്നിട്ടും ഇഎംഎസ് നു നേരിടേണ്ടി വരാതിരുന്നതും പിണറായി വിജയൻ നേരിട്ട ജാതീയ അധിക്ഷേപം കോടിയേരി ബാലകൃഷ്‌ണന് നേരിടേണ്ടി വരാതിരുന്നതും അതുകൊണ്ടാണ്.
അദ്ധ്യാപകൻ ആയിരുന്ന ആർ ശങ്കറെ തൊപ്പിപ്പാളക്കാരൻ എന്ന് ഇതേ മന്നത്തപ്പൻ വിളിച്ചിരുന്നതും വേറെ ഒന്നും കൊണ്ടല്ല. അദ്ദേഹത്തിന്റെ ജാതിയെയും അവരുടെ തൊഴിലിനേയും അപമാനിക്കൽ തന്നെയാണ് ഉദ്ദേശം.
സവർണ്ണതയുടെ ഈ പുളിച്ചുതികട്ടലുകളെ പ്രതിരോധിക്കുന്നതിന് പകരം വരേണ്യതയെ പുൽകുകയും അഗ്രഹാര ദാരിദ്ര്യത്തിൽ വേവലാതിപ്പെടുന്നതും സവർണ്ണ സംവരണം ഏർപ്പെടുത്തി ജാതി സംവരണം അട്ടിമറിക്കുന്നതിലും വ്യാപൃതരായിരിക്കുന്നവരായി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാറിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ചാത്തൻ മാസ്റ്ററുടെ പ്രസ്ഥാനവും ഉൾപ്പെടും.
ചരിത്രം രേഖപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നേതാവായിരുന്നു ചാത്തന്‍ മാസ്റ്റര്‍. അതുകൊണ്ട് മാസ്റ്റര്‍ നടത്തിയ സമരങ്ങളും തന്റെ വര്‍ഗ്ഗത്തിന് വേണ്ടി ചെയ്ത സേവനങ്ങളും പുതുതലമുറക്ക് ഇന്ന് അജ്ഞാതമായിരിക്കുന്നു.
കല്ലറ സുകുമാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ “കേരളത്തില്‍ ചാത്തന്‍ മാസ്റ്ററുടെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഒരു രോമം ചായ്ക്കാന്‍ പറ്റിയ നേതാക്കള്‍ കേരളത്തില്‍ വേറെയില്ല. ‘തമ്പുരാൻ ഇങ്ങോട്ട് തല്ലിയാൽ തിരിച്ച് തല്ലിക്കൊ കേസ് ഞാൻ നടത്തിക്കൊള്ളാം’ എന്ന് വ്യംഗ്യാർത്ഥത്തില് പട്ടിക ജാതി വർഗ വിഭാഗത്തോട് ഉദ്ബോദിപ്പിച്ച പി.കെ ചാത്തൻ മാസ്റ്റർ അധികാരത്തെ എങ്ങനെ സമുദായത്തോട് ചേർത്ത് നിർത്താം എന്ന് കാണിച്ച ഭരണധികാരിയാണ്. ദലിത് ആത്മഭിമാന പോരാട്ട ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപെട്ട പേരാണ് പികെ ചാത്തൻ മാസ്റ്റർ.”
1957- ലെ കമ്മുണിസ്റ്റ് മന്ത്രി സഭയിലെ പ്രഗര്ഭനായ മന്ത്രിയായിരുന്നു ശ്രീ ചാത്തന്മാസ്റ്റര്‍. 1957ലെ പ്രതാപം മനസ്സില്‍സൂക്ഷിച്ച ശ്രീ ചാത്തന്മാസ്റ്റര്‍1967 ല്‍ ചാലക്കുടിയില്‍ മത്സരിച്ചസമയത്ത് ഒരുപട്ടികജതിക്കാരന്‍ ജനറല്‍ സീറ്റില്‍ മത്സരിച്ച ഏക കാരണത്താല്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയുണ്ടായി. കേരളത്തില്‍ കോണ്ഗ്രസ്സിനെ വെറും ഒന്പതു സീറ്റിൽ കേരളനിയമസഭയിലെ മൂലയിൽ ഒതുക്കി
മുഴുവന്‍ സീറ്റുകളും തൂത്ത് വാരുമ്പോളും ഒരുപട്ടികജാതിക്കാരിയുടെ ഉദരത്തില്‍ ജനിച്ചുപോയതുകൊണ്ട് ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭയിലെ പ്രഗൽഭനായ മന്ത്രി ശ്രീ ചാത്തന്മാസ്റ്റര്‍ വിജയിച്ചില്ല.
ചാത്തൻ മാഷ് ഒരു സമുദായ പരിഷ്കർത്താവാണ്, എന്നാൽ, ആത്യന്തികമായി കമ്മ്യൂണിസ്റ്റുമാണ്.
മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ
ആ നവോത്ഥാനനായകന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു.

