തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയും മുന്‍ പോലീസ് ഉദ്യോഗസ്ഥയുമായി ആര്‍ ശ്രീലേഖക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം എം പി. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ ഇതു കണ്ടില്ലെന്ന് നടിക്കുകയാണെന്നുമുള്ള ശ്രീലേഖയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് റഹീം പറഞ്ഞു. കേരളത്തെ അപമാനിക്കുകയും മുസ്‌ലിം വിഭാഗത്തെ അധിക്ഷേപിക്കുകയും ചെയ്യുകയാണ് ബോധപൂര്‍വമായ ഇത്തരം പ്രചാരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും റഹീം കുറ്റപ്പെടുത്തി.
സമൂഹത്തില്‍ സാമുദായിക വൈരം വളര്‍ത്താനായി സംഘ്പരിവാര്‍ നടത്തുന്ന നീക്കത്തിന് തെളിവാണ് ശ്രീലേഖയുടെ പ്രസ്താവന. എന്നാല്‍, ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റഹീം പ്രതികരിച്ചു.
ശാസ്തമംഗലത്ത് നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം. ലൗ ജിഹാദ് ആരോപണത്തിനു പുറമെ, സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു പോലീസ് ഓഫീസറായ തനിക്കുപോലും ദുരനുഭവമുണ്ടായി. എന്നിട്ടും സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ല. മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായിട്ടും ഇതുതന്നെയാണ് സ്ഥിതിയെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

