Thu. Jun 11th, 2026

തൃശൂര്‍: 6 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മൂന്നു വധശ്രമക്കേസ് അടക്കം വലപ്പാട് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വക്കാണം കുട്ടു എന്ന നാട്ടിക ചെമ്മാപ്പിള്ളി വെള്ളാഞ്ചേരി വീട്ടില്‍ നിതിനെ (32) ആണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ നല്‍കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി ഐ ജി നാരയണന്‍ ടി ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട്, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമക്കേസുകള്‍ നിതിനെതിരെയുണ്ട്. ലഹരിക്കടിമപ്പെട്ട് മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച ഒരു കേസും ഇയാള്‍ക്കെതിരെയുണ്ട്.

പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ ഒരു കേസ്, മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസ്, ആയുധ നിയമപ്രകാരമുള്ള രണ്ടു കേസ്, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്, നാല് അടിപിടിക്കേസുകള്‍ എന്നിങ്ങനെ 16 കേസുകളില്‍ പ്രതിയാണ് നിതിന്‍.

കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും വലപ്പാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, എഎസ്‌ഐ ഹരി, എസ് സി പി ഒ സുബി എന്നിവര്‍ പ്രധാന പങ്ക് വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *