ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളജ് മൈതാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മ്മല സീതാരാമന്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ എന്നിവര്‍ പങ്കെടുത്തു.
അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎല്‍എയുമായ അതുല്‍ ബോറ, ബിപിഎഫിന്റെ പ്രതിനിധി ചരണ്‍ ബോറോ, മുന്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎല്‍എയുമായ അജന്ത നിയോഗ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
126 അംഗ അസം നിയമസഭയില്‍ 102 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം മൂന്നാം തവണയും അധികാരം പിടിച്ചെടുത്തത്. മുതിര്‍ന്ന ബിജെപി നേതാവ് രഞ്ജിത് കുമാര്‍ ദാസ് നിയമസഭ സ്പീക്കറാകുമെന്നാണ് സൂചന.

