✍️ ലിബി. സി.എസ്
സഹോദരൻ അയ്യപ്പൻ പങ്കെടുത്ത ഒരു യോഗത്തിൽ വച്ച് പി കെ ബാലകൃഷ്ണൻ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു, സഹോദരനെപ്പോലുള്ള സമുദായവാദികൾ കാലഹരണപ്പെട്ടെന്നാണ് അന്ന് പി കെ ബാലകൃഷ്ണൻ സഹോദരനെ വേദിയിൽ ഇരുത്തിക്കൊണ്ട് തുറന്നടിച്ചത്.
എന്നാൽ വളരെ സൗമ്യമായിട്ടായിരുന്നു ഈ ആരോപണത്തിന് സഹോദരന്റെ മറുപടി. പികെബിയുടെ തന്റേടം ഇഷ്ടമായ സഹോദരൻ, നല്ല മിടുക്കനായ ചെറുപ്പക്കാരനെന്നാണ് തന്നെ വിമർശിച്ച ബാലകൃഷ്ണനെ വിശേഷിപ്പിച്ചത്. സഹോദരൻ മറുപടി പറഞ്ഞു-
“ബാലകൃഷ്‌ണന്റെ തന്റേടം എനിക്ക് ഇഷ്ടമായി. നല്ല മിടുക്കനായ ചെറുപ്പക്കാരനാണ്. ബാലകൃഷ്ണന്റെ പ്രസംഗത്തിൽ നല്ല ആദർശബോധത്തിന്റെ തുടിപ്പുണ്ട്. എന്നാൽ അടിസ്ഥാനപരമായ വീക്ഷണം തകരാറിലാണ്. നിങ്ങൾ പറയുന്നത് ദേശീയ ബോധത്തെപ്പറ്റി ആയിരിക്കും. ഇന്ത്യയുടെ ജീനിയസ് എന്ന് പറയുന്നത് എന്താണ്? സമുദായങ്ങളുടെ സമാഹാരമാണ് ഇന്ത്യൻ സമൂഹം. അതു കാണാത്ത ദേശീയത്വം ശാസ്ത്ര ബോധമോ ചരിത്രബോധമോ സാമൂഹ്യബോധമോ ഉള്ളതല്ല. സാമുദായിക താൽപര്യങ്ങൾ സംരക്ഷിക്കാൻ വൈമുഖ്യം കാണിക്കുന്ന ദേശീയത്വം ദേശീയത്വം അല്ല. മൂടുപടമിട്ട വർഗീയതയാണ്. ഇപ്പോൾ തന്നെ പല കമ്മിറ്റിക്കാരുടെയും നിയമനങ്ങളെപ്പറ്റി പരാതികളില്ലെ? യഥാർത്ഥ പരാതി എന്താണ്? കമ്മറ്റി നിയമനങ്ങൾ സമുദായ നീതി പാലിക്കുന്നില്ല. ഈ രാജ്യത്ത് സമുദായനീതി പാലിച്ച് ഏതു തുറയിൽ വേണമെങ്കിലും കമ്മറ്റി ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല എന്നിരിക്കെ അത് ചെയ്യാതെ മറ്റു മാനദണ്ഡങ്ങൾ സ്വീകരിക്കുന്നു എന്നു പറയുന്നവർ യഥാർത്ഥത്തിൽ സ്വീകരിക്കുന്ന മാനദണ്ഡം വർഗ്ഗ മേധാവിത്വമാണ്. ഇതൊക്കെ പലരും നേരെ പറയാത്തത് ജാതിവാദിയെന്നും വർഗീയവാദിയെന്നും മുദ്രയടിച്ചുപോകുമെന്ന ഭയം കൊണ്ടാണ്. അതേ ആ അർത്ഥത്തിൽ ഞാൻ വർഗീയവാദിയാണ്. വർഗ്ഗങ്ങളെല്ലാം വളരണമെന്നാണ് എൻറെ വാദം. ആ വാദത്തിൽ എന്നെ ഞാൻ ജനിച്ച എൻറെ സമുദായം പോലും എതിർത്തിട്ടുണ്ട്. ഞാൻ അവരോട് പടപൊരുതിയവൻ ആണ്. എന്നെ സമുദായ ഭ്രഷ്ട് കൽപ്പിക്കാൻ വരെ അവർ തയ്യാറായി. ആരെന്തുപറഞ്ഞാലും ഞാൻ എല്ലാ സമുദായങ്ങളുടെയും സാമുദായ പ്രാധിനിധ്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി നിലകൊള്ളും എന്ന് പറയാൻ ഒരു മടിയും ഭയവും എനിക്കില്ല. എല്ലാ സമുദായങ്ങളും സാമൂഹ്യ ഉന്നതിക്കുവേണ്ടി പൊരുതണം. ആ പോരാട്ടത്തിലൂടെ മാത്രമേ ജാതി ഇല്ലാതാകൂ. ജാതികളെല്ലാം നിലനിൽക്കുകയും ജാതിക്കുശുമ്പ് എല്ലാ തുറകളിലും പ്രകടമാക്കുകയും ചെയ്യുന്ന ഒരു മണ്ഡലത്തിൽ നിന്നും ദേശീയത്വം പറഞ്ഞതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.”
തന്നെ നിശിതമായി വിമർശിച്ചപ്പോഴും അയ്യപ്പൻ തിരിച്ചുകാണിച്ച ആ വിശാലമനസ്കതയാണ് ബാലകൃഷ്ണനെ പിന്നീട് സഹോദരൻ അയ്യപ്പനിലേക്ക് കൂടുതൽ അടുപ്പിച്ചത്.
ഗാന്ധിയെ മലയാളത്തിൽ ആദ്യമായി വിമർശിച്ചത് മിതവാദി കൃഷ്ണൻ ആയിരുന്നെങ്കിലും സഹോദരൻ അയ്യപ്പനും പികെ ബാലകൃഷ്ണനുമാണ് ഗാന്ധിയെയും ഗാന്ധിസത്തെയും നിശിത വിമർശനത്തിന് വിധേയമാക്കിയിട്ടുള്ളത്.
സഹോദരനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പി. കെ.ബാലകൃഷ്ണൻ പിന്നീട് സഹോദരൻറെ പാതയിലേക്ക് തന്നെ എത്തി. അദ്ദേഹം എഴുതുന്നത് നോക്കൂ- “ബ്രിട്ടീഷുകാർക്കെതിരായി നടന്ന ദേശീയസ്വാതന്ത്ര്യസമരത്തിന്റെ അവധ്യോപാധിയായി, ഇന്ത്യാ ഉപഭൂഖണ്ഡത്തിൻ്റെ ചരിത്രത്തെപ്പറ്റി സമൂലം തെറ്റായ ഒരു ഭാഷ്യം നാം വിശ്വാസപൂർവം പുലർത്തുകയും പ്രഖ്യാപിക്കുകയും ചെയ്‌തു. ശത്രുവിനെതിരായ വികാരങ്ങൾ ശക്തമാ ക്കാൻ അന്ന് ആ നുണച്ചരിതം പ്രയോജനപ്പെടുകയും ചെയ്തു. അതുപോ ലെതന്നെ ഹിന്ദുമതം എന്നറിയപ്പെടുന്ന ബ്രാഹ്മണമതത്തെപ്പറ്റിയും, ആ മതവും ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയവുമായുള്ള ബന്ധത്തെപ്പറ്റിയും ദേശീയാവേശത്തിൻ്റെ ലഹരിയിൽ തെറ്റായ പല കാര്യങ്ങളും നാം വിശ്വ സിക്കുകയും വീറോടെ പ്രഖ്യാപിക്കുകയും ചെയ്തു. ഈ രണ്ടു തെറ്റിദ്ധാരണകളുടെയും ജീവൽപ്രതീകമായിരുന്നു മഹാത്മാഗാന്ധി.
മതാന്ധവിശ്വാസത്തെ രാഷ്ട്രീയത്തിനുവേണ്ടി ചൂഷണം ചെയ്യുന്നതി നൂപകരം രാഷ്ട്രീയത്തെയാകെത്തന്നെ അന്ധാനുഷ്‌ഠാനഭരിതമാക്കിയ ഒരു വ്യക്തിയാണദ്ദേഹം. ഹിന്ദുഭജനസംഘങ്ങൾ നടത്തുന്ന ഭജനതന്നെയാണ് ഗാന്ധിയും നിത്യേന നടത്തിയിരുന്നതെങ്കിലും ‘രഘുപതിരാഘവരാജാറാം’ എന്ന ശ്ലോകപാദത്തിൻ്റെ കൂടെ ‘ഈശ്വര അല്ലാഹ് തേരെ നാം’ എന്ന പാദം കൂടി കൂട്ടിച്ചേർത്തപ്പോൾ അത് സർവമതസാരസർവസമെന്നു നമ്മുടെ ദേശീയത വിശ്വസിച്ചു. ഗാന്ധിജിയാവുന്ന കാണപ്പെട്ട ഹിന്ദുദൈവത്തിൻ്റെ ഭജന യോഗങ്ങളിൽ പതിനായിരക്കണക്കിനു ഹിന്ദുമതാന്ധവിശ്വാസികൾ പങ്കെടുക്കുകയും ആ പുണ്യപുരുഷൻ്റെ ദർശനത്തിൽ ആത്മനിർവൃതി അനുഭവിക്കുകയും ചെയ്‌തു. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ഭാരതീയ ബഹുജനങ്ങളുടെ മുന്നേറ്റമാണെന്നു നാം വിശ്വസിക്കുകയും, ഈ ഹിന്ദു പുണ്യവാളൻ്റെ നിത്യഭജനകൾ മതേതര ബഹുജനമനോഭാവത്തിന്റെ സാര സർവ്വസ്വമാണെന്നു വിശ്വാസപൂർവം നാം ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്തു.
ഈ രീതിയിൽ ഹിന്ദുമതത്തിൻ്റെ ഗാന്ധിയൻ പ്രകൃതഭേദം മതാതീത സാർവലൗകികതയാണെന്ന് വിശ്വസിക്കാൻ കഴിയാഞ്ഞവർ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിങ്കരന്മാരാണെന്ന് സ്വാഭാവികമായും നാം വിശ്വസിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്വന്തം സഹിഷ്‌ണുതയിൽ സ്വയം ഉറച്ചു വിശ്വസിച്ച നാം, നമ്മുടെ വിശ്വാസത്തിൽ പങ്കുപറ്റാത്ത നേതാക്കളോടും ഈ വിഭാഗങ്ങളോടും സഹിഷ്‌ണുത കാണിക്കുന്നതുപോയിട്ട് അങ്ങനെ ഒരു വിയോജിപ്പ് സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു കാഴ്‌ചപ്പാടിന് അടിമ കളായിത്തീർന്നു. ഈ കാഴ്‌ചപ്പാടിൻ്റെ ഫലമാണ് ഇന്ത്യാ വിഭജനം എന്നു പറഞ്ഞാൽ കഥയവസാനിക്കുന്നില്ല. മുസ്ലിം രാഷ്ട്രമായി വിഭജിച്ചു പിരിയുന്ന ഇന്ത്യ രാജ്യഭാഗങ്ങൾ എത്രയും കുറച്ചു മാത്രമായിരിക്കണമെ ന്നുള്ള ശാഠ്യത്തിലും ഈ കഥ അവസാനിക്കുന്നില്ല. ഇങ്ങനെ വിഭജിച്ചു പിരിയുന്ന പ്രദേശങ്ങളുമായി സംഘടനാപരമായി ഒരു തലത്തിലും ഒരു ബന്ധവും പാടില്ലെന്നു നീക്കുപോക്കില്ലാതെ, ശഠിക്കാൻ കഴിയുന്നത്ര ശക്തമായ ഒരു മാനസിക വ്യഥയായിരുന്നു ഗാന്ധിയൻ ദേശീയതയാവുന്ന മാന സികവ്യഥ. “
നോവലിസ്റ്റ്, ചരിത്രകാരൻ, സാഹിത്യവിമർശകൻ, സർവോപരി നിശിതമായ നിലപാടുകളും സ്വതന്ത്രബുദ്ധിയുള്ള സ്വതന്ത്രചിന്തകൻ എന്നീ നിലകളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് പി.കെ.ബാലകൃഷ്ണൻ. ക്വിറ്റ് ഇന്ത്യാപ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലാവുകയും കോളേജിൽനിന്നും പുറത്താക്കപ്പെടുകയും ചെയ്തു. അടിയുറച്ച സോഷ്യലിസ്റ്റ് ആദർശവാദിയും മാനവികതാവാദിയുമായിരുന്നു.
‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവലും ‘ജാതിവ്യവസ്ഥതിയും കേരളവും’ എന്ന ചരിത്രപഠനഗ്രന്ഥവും കൊണ്ടുതന്നെ മലയാളസാഹിത്യരംഗത്ത് അദ്ദേഹം നിത്യസ്മരണീയനായി നിൽക്കുന്നു. അങ്ങേയറ്റം വിമർശനാത്മകമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ സമീപനങ്ങൾ.
1926 മാർച്ച് 2-ന് എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തിലാണ് ജനനം. എടവനക്കാട്ടും ചെറായിയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കോളർഷിപ്പും ഒന്നാം സ്ഥാനത്തിനുള്ള സ്വർണമെഡലും നേടിയാണ് പത്താം തരം ജയിച്ചത്. എറണാകുളം മഹാരാജാസ് കോളെജിലായിരുന്നു തുടർപഠനം.
സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ അദ്ദേഹം അന്നത്തെ കൊച്ചി രാജ്യത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഘടകമായ പ്രജാമണ്ഡലത്തിലും പിന്നീട് കേരള സോഷ്യലിസ്റ്റ് പാർട്ടിയിലും മുഴുവൻ സമയ പ്രവർത്തകനായി. പാർട്ടിയുടെ മുഖപത്രമായി 1949-ൽ ആരംഭിച്ച സോഷ്യലിസ്റ്റ് വാരികയുടെ പത്രാധിപരായി. ശക്തനായ പ്രഭാഷകനായിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിൽ ഗണ്യമായ പങ്കുവഹിച്ചു. പാർട്ടിയിൽനിന്നു പിരിഞ്ഞ ഒരു വിഭാഗം ആർ.എസ്.പി. രൂപവത്കരിച്ചപ്പോൾ മത്തായി മാഞ്ഞൂരാനൊപ്പം മാതൃസംഘടനയിൽ തന്നെ അദ്ദേഹം ഉറച്ചുനിന്നു. 1947-ൽ വിദ്യാർത്ഥി കോൺഗ്രസിന്റെ മുഖപത്രമായി തുടങ്ങിയ ‘ആസാദ്’ വാരികയുടെ അമരക്കാരൻ ബാലകൃഷ്ണനായിരുന്നു.
പിന്നീട് രാഷ്ട്രീയം വിട്ട അദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിനോടൊപ്പവും തനിച്ചും എറണാകുളത്ത് പുസ്‌തകശാല നടത്തി. കോഴിക്കോട്ടുനിന്ന് ‘ദിനപ്രഭ’ എന്ന പത്രം തുടങ്ങിയപ്പോൾ അതിൻ്റെ പത്രാധിപത്യം ഏറ്റെടുക്കാൻ വേണ്ടി പുസ്തകവ്യാപാരം അവസാനിപ്പിച്ചു.
പത്രപ്രവർത്തനത്തിലൂടെയാണ് സാഹിത്യജീവിതം ആരംഭിച്ചത്. 1960-ൽ തിരുവനന്തപുരത്ത് കേരളകൗമുദി ദിനപത്രത്തിൽ പത്രാധിപസമിതിയംഗമായി. ദീർഘകാലം അവിടെ പ്രവർത്തിച്ച അദ്ദേഹം പിന്നീട് പിരിച്ചുവിടപ്പെട്ടു. മാധ്യമം ദിനപത്രം ആരംഭിച്ചപ്പോൾ ആദ്യത്തെ ചീഫ് എഡിറ്ററായതും അദ്ദേഹമായിരുന്നു.
നാരായണഗുരു, ടിപ്പു സുൽത്താൻ, ചന്തുമേനോൻ-ഒരു പഠനം, കാവ്യകല കുമാരനാശാനിലൂടെ, നോവൽ: സിദ്ധിയും സാധനയും, എഴുത്തച്ഛൻ്റെ കല, നിദ്രാസഞ്ചാരങ്ങൾ, മായാത്ത സന്ധ്യകൾ (പഠനഗ്രന്ഥങ്ങൾ), പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ (നോവൽ) തുടങ്ങിയവയാണ് മറ്റു പ്രധാന രചനകൾ.
1974-ൽ ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡും 1978ൽ വയലാർ അവാർഡും നേടി. സാമൂഹിക ചിന്തകനെന്ന നിലയിലുള്ള ബാലകൃഷ്‌ണന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന കൃതിയാണ് ‘ജാതിവ്യവസ്ഥയും കേരളവും’.
വ്യക്തിജീവിതത്തിലും എഴുത്തുകാരൻ എന്ന നിലയിലും എന്നും റിബലായിരുന്ന പി.കെ.ബാലകൃഷ്ണൻ 1991 ഏപ്രിൽ 3-ന് അന്തരിച്ചു.

