✍️ ലിബി.സി.എസ്
പോത്തേരി കുഞ്ഞമ്പുവിനെയൊക്കെപ്പോലെ യുക്തിവാദികൾ കേരളത്തിൽ നേരത്തെ ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒരു സംഘടിത രൂപം ഒന്നുമില്ലായിരുന്നു, 1917 ഏപ്രിൽ 29 ന് ആയിരുന്നു അവർക്ക് ഒരു സംഘടിത രൂപം ഉണ്ടായത്. അന്നാണ് കൊച്ചിയിൽ കെ. അയ്യപ്പൻ സഹോദര സംഘത്തിന് രൂപം നൽകിയത്.
ആലുവയിൽ വെച്ച് ഗുരു ചോദിച്ച ‘അയ്യപ്പൻ നന്നായി കവിതയെഴുതും, നന്നായി ഉപന്യാസമെഴുതും. നന്നായി പ്രസംഗം പറയും പക്ഷേ ഇങ്ങനെ പ്രസംഗിച്ചു നടന്നിട്ട് എന്ത് കാര്യം ആയപ്പാ? നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യണ്ടേ?’ എന്ന ആ ചോദ്യമാണ് അയ്യപ്പനെക്കൊണ്ട് കാര്യമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ തന്നെ തീരുമാനിപ്പിച്ചത്. അങ്ങിനെയാണ് സഹോദര സംഘം രൂപീകരിക്കുന്നത്.
മിശ്രഭോജനം, മിശ്രവിവാഹം, അധ:കൃതവർഗോദ്ധാരണം, സ്ഥിതിസമത്വവാദം ജാതി നശീകരണം എന്നിവ സഹോദര സംഘത്തിൻറെ പ്രവർത്തന പരിപാടികളായിരുന്നു. ഈ സംഘത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ഒരു മാസത്തിന് ശേഷം നാരായണ ഗുരു മതവും ജാതിയും ഉപേക്ഷിച്ചതിൻറെ വാർഷികദിനത്തിൽ 1917 മെയ് 29-ന് ചെറായിയിൽ കേരളം രുചിച്ച സാമൂഹ്യവിപ്ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്.
സഹോദര സംഘം നടത്തിയ മിശ്ര ഭോജനത്തിൽ പങ്കെടുക്കാൻ പോലും അന്ധവിശ്വാസം മൂലം അന്ന് ചെറായിയിൽ ഒരുദലിതനും തയ്യാറാകാതിരുന്നപ്പോൾ സധൈര്യം മുന്നോട്ടുവന്ന വിപ്ലവകാരികൾ. പുലയ സമുദായത്തിൽ പെട്ട ചെറായി പള്ളിപ്പുറത്തുള്ള കോരശ്ശേരി വീട്ടിലെ അയ്യരും മകൻ കണ്ണനും ആണ്. കണ്ണൻ ആണ് കേരള ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നവോത്ഥാന പോരാളിയും.
മിശ്രഭോജനം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിലുള്ളതുപോലെ പന്തിയിൽ ഒരുമിച്ചിരുത്തി ഉണ്ണുകയായിരുന്നില്ല സഹോദരൻ ചെയ്തത്. ഒരു പടികൂടി കടന്ന് സഹോദര സംഘക്കാർ സമ്മേളനം നടത്തിയശേഷം ഈ കോരാശ്ശേരി കണ്ണൻ കറി കൂട്ടി കുഴച്ച ചോറ് ആ ഇലയിൽ നിന്ന് അയ്യപ്പനും സുഹൃത്തുക്കളും എടുത്ത് കഴിക്കുകയായിരുന്നു. ഭോജനത്തെ എങ്ങനെ മനുഷ്യരെ ഒരുമിപ്പിക്കാൻ വിനിയോഗിക്കാമെന്ന് ആ സംഭവം കേരളത്തിന് കാട്ടിക്കൊടുത്തു.
അല്ലാതെ അത് വെറുമൊരു പന്തിഭോജനം ആയിരുന്നില്ല, സഹോദരൻറെ മിശ്രഭോജത്തിന് മുൻപും ശേഷവും വേറെയും പന്തിഭോജനങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും സഹോദരൻ നടത്തിയ ഇടപെടലിനെ അവയൊന്നുമായി താരതമ്യപ്പെടുത്താവുന്നതല്ലാതാക്കുന്നത് അതാണ്.
മിശ്രഭോജനത്തിനു ശേഷം സഹോദരൻ അയ്യപ്പൻ അതിൽ പങ്കെടുത്തവരെക്കൊണ്ട് ഒരു പ്രതിജ്ഞ കൂടി ചെയ്യിച്ചിരുന്നു. സഹോദരന് മുൻപോ ശേഷമോ നടന്ന പന്തിഭോജന സദ്യകളിലൊന്നും ആരും ഇങ്ങനൊരു പ്രതിജ്ഞ ചൊല്ലിച്ചിരുന്നില്ല. ഇന്ന് ആ പ്രതിജ്ഞക്കാണ് പ്രസക്തി സദ്യക്കല്ല. പ്രതിജ്ഞാ വാചകം ശ്രദ്ധിച്ചു വായിച്ചാൽ മനസിലാകും ഇത് മറ്റു പന്തിഭോജനങ്ങളുടെ ഗണത്തിൽ പെട്ടത് ആയിരുന്നില്ല എന്ന്.
”ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും മനുഷ്യത്വ വിരുദ്ധവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ നിയമവിരുദ്ധമല്ലാത്ത വിധം എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നതാണ്” എന്നായിരുന്നു പ്രതിജ്ഞാവാചകം.
“ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധമാണ്” അയ്യപ്പൻ സയൻസുമായി അതിനെ ലിങ്ക് ചെയ്തുകൊണ്ട്. സയൻസിന്റെ രീതിശാസ്ത്രത്തിലൂടെ പരിശോധിക്കുമ്പോൾ ജാതി വ്യത്യാസം സമ്പൂർണ്ണ അസംബന്ധവും മനുഷ്യവിരുദ്ധവും ആണ് എന്നാണ് പ്രതിജ്ഞ ചെയ്യിക്കുന്നത്, ദൈവത്തെ പ്രതിയല്ല.
ചെറായിലെ വിവാദമായ മിശ്രഭോജനത്തിന് ശേഷം സഹോദര സംഘം തന്നെ പലസ്ഥലത്തും ഇത് സംഘടിപ്പിച്ചിരുന്നു. ചേർത്തലയിൽ മാത്രം കെസി കുട്ടൻറെ നേതൃത്വത്തിൽ 5 തവണ മിശ്രഭോജനം നടത്തിയിരുന്നു. അവയിലെല്ലാം ഭക്ഷണം കഴിക്കൽ മാത്രമല്ല ചെയ്തത്.
മിശ്രഭോജനം സഹോദരനയ്യപ്പന് നേടിക്കൊടുത്തത് പുലയൻ അയ്യപ്പനെന്ന ബഹുമതിയാണ്. പക്ഷേ, അദ്ദേഹം എല്ലാ വിമർശനങ്ങളെയും ധീരമായി നേരിട്ടു. അദ്ദേഹത്തോടൊപ്പം മിശ്രഭോജനത്തിൽ പങ്കെടുത്ത ഈഴവരെയെല്ലാം ‘പുല ചോകോന്മാർ’ ആക്കി സമുദായ ഭ്രഷ്ട്ട് കൽപ്പിച്ച് ചെറായിയിലെ വിജ്ഞാനവർദ്ധിനി സഭ പുറത്താക്കി. കുമാരൻ ആശാൻ ഉൾപ്പെടെ അയ്യപ്പനെതിരെ വിവേകോദയത്തിൽ എഡിറ്റോറിയൽ എഴുതി. 10 വർഷത്തിന് ശേഷമാണ് സമുദായ ഭ്രഷ്ട്ട് മാറ്റിയത്. ശാരീരികമായി വരെ അയ്യപ്പൻ ആക്രമിക്കപ്പെട്ടു. ഗുരു മാത്രമേ അയ്യപ്പൻറെ കൂടെ നിന്നുള്ളൂ.
സ്വസമുദായക്കാരാൽ ആക്രമിക്കപ്പെട്ട സഹോദരൻറെ നീരുവന്ന് മുറിവേറ്റ ശരീരത്തിൽ തലോടിക്കൊണ്ട് ഗുരു അയ്യപ്പനോട് പറഞ്ഞത് “ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം” എന്നാണ്. ഒരു ഹിന്ദുദൈവത്തെയും പോലെ എന്ന് പറഞ്ഞില്ല. അങ്ങനെ പറയാൻപറ്റിയ ഒരുദൈവവും ഹിന്ദുക്കൾക്കില്ലല്ലോ?
‘ജാതി നാശത്തുക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്തുക്ക് ജയ്’ എന്ന മുദ്രാവാക്യവുമായി പ്രവർത്തിച്ച ഈ സഹോദരസംഘമാണ് പിന്നീട് യുക്തിവാദി സംഘം ആയി മാറിയത്.
യുക്തിവാദിയുടെ ആദ്യ ലക്കത്തിലെ പ്രസ്താവനയിൽ സഹോദരൻ അയ്യപ്പൻ ഇങ്ങനെ എഴുതി: “യുക്തിവാദം ഒരു മതമല്ല. അത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ്. ഈ മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനായിരിക്കും ‘യുക്തിവാദി’ യുടെ ശ്രമം. അതിനു യുക്തിവിരുദ്ധമായ വിശ്വാസങ്ങളെ ഖണ്ഡിക്കുകയും യുക്തിയുക്തമായ അറിവിനെ പരത്തുകയും വേണം. പരിപൂർണ ജ്ഞാനത്തിലും അഭേദ്യ ജ്ഞാനത്തിലും യുക്തിവാദിക്ക് വിശ്വാസമില്ല. അതുകൊണ്ട് യുക്തിക്കനുസരിച്ച് ശരിയെന്നു കണ്ട് ഒരിക്കൽ പറയുന്നത് പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി തെറ്റെന്നു കണ്ടാൽ തെറ്റെന്നും മുൻപ് തെറ്റെന്നു കണ്ടത് അപ്രകാരം പിന്നെ ശരിയെന്നു കണ്ടാൽ ശരിയെന്നും സമ്മതിക്കുവാൻ യുക്തിവാദിക്ക് വിരോധമില്ല. അങ്ങനെ സമ്മതിക്കേണ്ടത് യുക്തിവാദിയുടെ മുറയുമാണ്. അറിവ് യുക്തിയുക്തമായിരിക്കണമെന്നതിൽ മാത്രമാണ് യുക്തിവാദി സ്ഥിരത എടുക്കുന്നത്.”
അതവിടെ സദ്യ ഉണ്ട് തീരുകയായിരുന്നില്ല. മിശ്രഭോജനത്തെ തുടർന്ന് നാരായണ ഗുരു പേരെഴുതി ഒപ്പിട്ട് ഇറക്കിയ മഹാ സന്ദേശം എല്ലാവർക്കും അറിയാമല്ലോ?
“മനുഷ്യരുടെ മതം, വേഷം, ഭാഷ വസ്ത്രധാരണരീതി മുതലായവ എങ്ങിനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല എന്ന് നാരായണഗുരു(ഒപ്പ്)”
അതിൽ ഭക്ഷണം കഴിക്കാൻ മാത്രമല്ല പറഞ്ഞത്. പരസ്പരം വിവാഹം കഴിക്കാനും പറയുന്നുണ്ട്. അതിൻറെ തുടർച്ചയായി മിശ്രവിവാഹ സംഘം രൂപംകൊള്ളുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോൾനിലവിലുള്ള Special Marriage Act, 1954 നിലവിൽ വരുന്നതിന് മുൻപേതന്നെ സഹോദരൻ കൊച്ചി നിയമസഭയിൽ മിശ്രവിവാഹിതർക്കായി നിയമം അവതരിപ്പിച്ച് പാസാക്കുകയും ചെയ്തിരുന്നു.
സർവ്വമത സമ്മേളനത്തിനൊക്കെ മുൻപ് തന്നെ സഹോദര സംഘം 1921 ൽ ആലുവയിൽ ‘സാഹോദര്യം പുലരാൻ വർണ്ണാശ്രമ ധർമ്മം വലിച്ചെറിയുക’ എന്ന മുദ്രാവാക്യവുമായി “സമസ്ത കേരള സഹോദര സമ്മേളനം” സംഘടിപ്പിച്ചിരുന്നു. പക്ഷേ ആ സമ്മേളനം ജാതിക്കും മതത്തിനും ദൈവത്തിനും എതിരെ ആയിരുന്നു എന്നതുകൊണ്ട് സർവമത സമ്മേളനത്തെക്കുറിച്ച് വാചാലരാകുന്നവർ ഈ സമ്മേളനത്തെ കുറിച്ച് ബോധപൂർവം തന്നെ മൗനം പാലിക്കാറാണ് പതിവ്. സമ്മേളന പന്തലിന്റെ കവാടത്തിൽ ”സാഹോദര്യം സർവത്ര” എന്നൊരു സൂക്തം എഴുതിവെച്ചിരുന്നു. അത് ഗുരു പറഞ്ഞുകൊടുത്ത സൂക്തമാണ്.
ഗുരു പറഞ്ഞത് പോലെ അയ്യപ്പൻ ഇതെല്ലം ക്രിസ്തുവിനെപ്പോലെ ക്ഷമിക്കുക മാത്രമല്ല.ഇതെല്ലാം കോമഡിയായി കാണുകയും ചെയ്തു. അദ്ദേഹം ഇതെല്ലം ഉൾക്കൊള്ളിച്ചുകൊണ്ട് “സംഘചരിതം” എന്നപേരിൽ ഒരു ഓട്ടൻതുള്ളൽ ഉണ്ടാക്കി.
ഗുരു പറഞ്ഞതുകേട്ട് കാര്യമായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ സംഭവവികാസങ്ങളെ പരിഹസിച്ചുകൊണ്ട് സഹോദരൻ അയ്യപ്പൻ തന്നെ ഏഴുതിയ ‘സംഘചരിതം ഓട്ടൻതുള്ളലിൽ’ ഇങ്ങനെയാണ് വിവരിക്കുന്നത്-
“ഇളകി മറിഞ്ഞിതു പിറ്റേദിവസം
ജനതയശേഷം ബഹളം, ബഹളം
പുലയരോട് ഈഴവർ ഒരുമിച്ചുണ്ടത്
ശരിയല്ലെന്ന് ശഠിച്ചു ജനങ്ങൾ
ചന്തകൾ, ബോട്ടുകൾ, അടിയന്ത്രങ്ങൾ
വണ്ടികളെന്നിവ യീവാദത്തിൻ
രംഗമതായതു രണ്ടാളൊക്കിൽ
ചൊല്ലാനുള്ളൊരു വർത്തയതായി
കെട്ടിയണിഞ്ഞഥ ചെത്താൻ കയറും
കുട്ടിച്ചേട്ടൻ പാതി തെങ്ങിൽ
ഇഴജന്തുപ്പടി താഴേ നോക്കി
പഴിപറയുന്നു’പുലച്ചോന്മാരെ’!.. “
എന്തായാലും ഗുരുവിന് ഇവരെ നന്നായി അറിയാമായിരുന്നു. നാരായണ ഗുരു ‘നീ, എടാ’ എന്നൊക്കെ വിളിച്ച് ഔപചാരികതകളില്ലാതെ സംസാരിച്ചിരുന്ന ഏക ശിഷ്യൻ അയ്യപ്പൻമാഷ് ആണെന്ന് ഗുരുവൈഖരി വായിച്ചാൽ മനസിലാകും. ഔട്ട് സൈഡർ ഫീലിംഗ്‌സ് ഇല്ലാത്തവരോടാണല്ലോ നാം ഔപചാരികത പാലിക്കാതിരിക്കുക? ‘ഇതെല്ലാം ഗുരു കല്പിച്ചാൽ തീയരാവുന്നതയുള്ളൂ’ എന്ന് സഹോദരൻ പറയുമ്പോൾ ഗുരു നൽകിയ മറുപടി ഇന്നും പ്രസക്തമാണ്. “നിനക്ക് അവരെ അറിഞ്ഞു കൂട. നാം കല്പിച്ചാൽ അവർ കേൾക്കില്ല. അവർ കേൾക്കണമെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് കൽപ്പിക്കണം.” എന്നായിരുന്നു ഗുരുവിൻറെ മറുപടി.
“മനുഷ്യസമുദായം പുതിയ പുതിയ പ്രശ്നങ്ങൾ ഉദിച്ചും പുതിയ പുതിയ തീരുമാനങ്ങൾ കണ്ടും എന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നന്നേക്കു മാത്രം എല്ലാറ്റിനുമായും ഉള്ള ഒറ്റമൂലി തീരുമാനം മനുഷ്യ പുരോഗതിയിൽ ഇല്ല. വിപ്ലവകരമായ മാറ്റങ്ങളാൽ പൊതുവേ മനുഷ്യസമുദായ ഗതിയിലോ പ്രത്യേക ജനങ്ങളുടെ ഗതിയിലോ പുതിയ മറ്റു വഴികൾ വെട്ടി തുറക്കുന്ന പല മഹാന്മാരെയും വെച്ച് അവർ തുറന്ന മാർഗങ്ങൾ തന്നെ അവരുടെ അനുയായികളുടെ ഭക്തി പാരവശ്യം അടച്ചു കളഞ്ഞിട്ടുണ്ട്. ശ്രീനാരായണൻ തുറന്ന മാർഗം ശ്രീനാരായണനെ വെച്ച് അടയ്ക്കാൻ ഇട വരാതിരിക്കട്ടെ”- സഹോദരൻ അയ്യപ്പൻ

