ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചർച്ചാ വാദങ്ങളെ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കെതിരായ സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചതായും ഉന്നത ഇറാൻ നേതൃത്വവുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം സമയം നേടാനുള്ള തന്ത്രം മാത്രമാണെന്ന് ഇറാൻ ആരോപിച്ചു. സംഘർഷത്തെത്തുടർന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനും കൂടുതൽ സൈനിക നീക്കങ്ങൾക്കായി തയ്യാറെടുക്കാനുമാണ് അമേരിക്ക ഈ ‘സമാധാന നാടകം’ കളിക്കുന്നതെന്ന് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളല്ല യുദ്ധം തുടങ്ങിയതെന്നും അതിനാൽ സമാധാനത്തിനായുള്ള ഏത് അഭ്യർത്ഥനയും അമേരിക്കയ്ക്കാണ് പോകേണ്ടതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരും ഫാർസ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയിൽ നിന്ന് ട്രംപ് പിന്മാറിയത് ഇറാന്റെ ശക്തമായ തിരിച്ചടി ഭയന്നാണെന്നും അവർ അവകാശപ്പെട്ടു. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുമായല്ല ചർച്ചയെന്നും എന്നാൽ ഇറാന്റെ നേതൃനിരയിൽ അവശേഷിക്കുന്ന ബഹുമാന്യനായ ഒരു വ്യക്തിയുമായി ഫലപ്രദമായ സംഭാഷണം നടന്നുവെന്നുമായിരുന്നു ട്രംപിന്റെ വാദം. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുൻ നിലപാടിൽ നിന്നുള്ള അയവാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവനകളിൽ നിഴലിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവിനെ അമേരിക്കയും ഇസ്രയേലും ചേർന്ന് വധിച്ചതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഇതിന് പ്രതികാരമായി ഇസ്രയേൽ, അമേരിക്ക സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക സ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മേഖലയിലെ ഇതര രാജ്യങ്ങൾ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ഇറാൻ ഇപ്പോഴും തുടരുന്നത്.

