Tue. Apr 7th, 2026

✍️ ലിബി. സി.എസ്

സഹോദരൻ അയ്യപ്പൻ പങ്കെടുത്ത അവസാന പൊതു പരിപാടിയിലെ അദ്ധ്യക്ഷൻ ഇ എം സ് നമ്പൂതിരിപ്പാട് ആയിരുന്നു, 1967 ഡിസംബർ 30 ന് ആയിരുന്നു അത്. ആ അദ്ധ്യക്ഷ പ്രസംഗം ഇ എംഎസ് ൻറെ സമ്പൂർണ്ണ കൃതികളിലും ഉണ്ട്. ഇ എം എസ് ൻറെ ശിവഗിരി പ്രസംഗം എന്ന തലക്കെട്ടിൽ.

യുക്തിവാദികളിൽ പ്യൂരിറ്റൻമാർ പണ്ടേ ഉണ്ടായിരുന്നു. അവർ യുക്തിയുടെ പ്യൂരിറ്റി അളന്ന് സർട്ടിഫിക്കറ്റ് നൽകും, ഒട്ടുമേ ‘പ്യൂരിറ്റ’ അല്ലാത്ത എനിക്ക് അത് കാണുമ്പോൾ കോമഡി തോന്നാറുമുണ്ട്.

ആ പരിപാടിയുടെ പേരിൽ അന്നത്തെ യുക്തിവാദികൾ സഹോദരനെ കൊന്ന് കൊലവിളിച്ചിരുന്നു, ഒരു കണ്ണിന് കാഴ്ചയും രണ്ട് ഹാർട്ട് അറ്റാക്കും കഴിഞ്ഞിരുന്ന സഹോദരനെയാണവർ ഇതിൻറെ പേരിൽ നിർത്തി പൊരിച്ചത്. എന്തായാലും രണ്ട് മാസവും ഒരാഴ്ചയും കൂടിയേ സഹോദരൻ പിന്നെ ജീവിച്ചിരുന്നുള്ളൂ.1968 മാർച്ച് 6 ന് മൂന്നാമത്തെ അറ്റാക്കിൽ അദ്ദേഹം ഓർമ്മയായി.

ശിവഗിരിയിലെ സമാധി മന്ദിരത്തിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള മാർബിൾ പ്രതിമയുടെ അനാച്ഛാദന ചടങ്ങ് ആയിരുന്നു അത്. ആ പ്രതിമ അനാച്ഛാദനം ചെയ്തത് അന്നത്തെ പ്രസിഡന്റ് ഡോ. സക്കീർ ഹുസൈൻ ഉം ആ ചടങ്ങിലെ അദ്ധ്യക്ഷൻ അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് ഉം ആയിരുന്നു.

അന്നത്തെ യുക്തിവാദികൾ ശ്രീനാരയണഗുരു മരിച്ചതിന് ശേഷം 40 വർഷം കഴിഞ്ഞു കുഴിമാടത്തിന് മുകളിൽ ഇങ്ങനെ ഒരു പ്രതിമ സ്ഥാപിക്കുന്നതിന് എതിരെ രംഗത്തുവന്നിരുന്നു. ഇത് മറ്റ് സ്ഥലത്തുള്ള പ്രതിമകൾ പോലെ അല്ല. പഴയ ചാവ് പൂജയും വീരക്കല്ലും ഒക്കെ പോലുള്ള ഏർപ്പാട് ആണെന്നും അന്ധവിശ്വാസത്തെ വളർത്തുമെന്നും ഭാവിയിൽ ഇത് വലിയൊരു അന്ധവിശ്വാസ കേന്ദ്രമായി മാറുമെന്നും ആയിരുന്നു വികെ പവിത്രൻ അടക്കമുള്ള മറ്റു യുക്തിവാദികളുടെ വാദം. എന്നാൽ പ്രതിമ സ്ഥാപിക്കുന്നത് ഗുരുവിനോടുള്ള ബഹുമാനം കൊണ്ടും അദ്ദേഹത്തിൻറെ ഓർമ്മ നിലനിർത്താനും ആണെന്നും ദൈവവും പ്രാർത്ഥനയും കൂടിയേ കഴിയൂ എന്നുള്ളവർ അങ്ങിനെ ചെയ്താലും കുഴപ്പമില്ല, ഹിന്ദുക്കളുടെ മറ്റ് വൃത്തികെട്ട ദൈവങ്ങളുടെ പുറകെ പോകുന്നതിലും ഭേദമല്ലേ? ഇങ്ങനെയാണ് എല്ലാ ദൈവങ്ങളും ഉണ്ടായത് എന്നും ഉള്ള നിലപാട് ആയിരുന്നു സഹോദരന്. കേരള കൗമുദിയിൽ സഹോദരൻ എഴുതിക്കൊണ്ടിരുന്ന ആഴ്ച്ച കുറിപ്പിൽ ഇതിനെ ന്യായീകരിച്ചുകൊണ്ട് ഒരു ലേഖനവും എഴുതിയിരുന്നു, എന്നാൽ സഹോദരൻ പ്രതിമാ സഥാപന കമ്മറ്റിയുടെ ആരും അല്ലായിരുന്നു, അദ്ദേഹം അദ്ദേഹത്തിൻറെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞത്.

എങ്കിലും അന്ന് യുക്തിവാദികൾ പറഞ്ഞതായിരുന്നു ശരി എന്നും സഹോദരന് അക്കാര്യത്തിൽ തെറ്റ് പറ്റി എന്നുമാണ് കാലം തെളിയിക്കുന്നത്. അവിടെ സംഘിക്കുട്ടന്മാരായ ആനന്ദൻമാർ കയറിക്കൂടുമെന്നും അവന്മാർ ശ്രീനാരയണഗുരുവിനെ പിടിച്ചു മഹാവിഷ്ണുവിൻറെ 12 ആമത്തെ അവതാരം ആക്കിക്കളയുമെന്നും സഹോദരൻ ചിന്തിച്ചുകാണില്ല. അത് മനസിലാക്കാനുള്ള ദീർഘ വീക്ഷണം സഹോദരൻ കാണിച്ചില്ല. ഈ അപകടം ഗുരു മരിച്ചതിന്റെ പിറ്റേന്നു തന്നെ മനസിലാക്കിയ സഹോദരൻ അതേക്കുറിച്ച് സഹോദരൻ പത്രത്തിൽ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം വിചാരിച്ചത് ചെമ്പഴന്തിയിലെ നാണു ആശാനായിരുന്ന ശ്രീനാരായണഗുരുവിനെ ഇനി ഏതെങ്കിലും അന്ധവിശ്വാസി പൊട്ടന്മാരായ ഭക്തശിരോമണികൾ ആരാധിക്കുന്നെങ്കിൽ ആരാധിച്ചോട്ടെ എന്തായാലും തന്ത്രി ഡോ. സക്കീർ ഹുസൈൻ അല്ലേ എന്നുമായിരുന്നു. എന്നാൽ നാണു ആശാനെ ആസാമിമാർ മറ്റേ നാരായണൻ ആക്കി “ഓം നമോ നാരായണായഃ” വിളിപ്പിച്ചു ഭാവിയിൽ നാണു ആശാനെ നാണം കെടുത്തുമെന്ന് സഹോദരൻ ചിന്തിച്ചില്ല.

എന്തായാലും പ്രതിമ സഥാപിക്കപ്പെട്ടും പിന്നീട് പൂജയും തുടങ്ങി. യുക്തിവാദികൾ ശങ്കിച്ചതുപോലൊക്കെ സംഭവിക്കുകയും ചെയ്തു. ആ ചടങ്ങിൽ സഹോദരൻ പങ്കെടുക്കുക കൂടി ചെയ്തതോടെ യുക്തിവാദികൾ സഹോദരനെതിരെ പരസ്യമായി രംഗത്തുവരികയും ലേഖനങ്ങളുടെ പെരുമഴയുമായിരുന്നു.

വാസ്തവത്തിൽ എന്താണ് 1967 ഡിസംബർ 30 ന് സംഭവിച്ചത്?

സഹോദരൻ ആ ചടങ്ങിൽ ക്ഷണിക്കപ്പെട്ട ഒരു അതിഥി ആയിരുന്നില്ല. അന്നത്തെ യോഗനേതൃത്വത്തിനോ ശിവഗിരി മഠത്തിനോ സഹോദരൻ അഭിമതൻ ആയിരുന്നില്ല. അതുകൊണ്ട് തന്നെ സമുദായ പ്രമാണിമാരും ആസാമിമാരുമൊക്കെ ആയിരുന്നു വേദിയിൽ.

സഹോദരൻ ഇന്നത്തെപ്പോലെ പിന്നീട് വീഡിയോ കാണാനുള്ള സംവിധാനം ഇല്ലതിരുന്നതുകൊണ്ട് വെറുതെ ആ പരിപാടിയിൽ സക്കീർഹുസൈന്റെ പ്രസംഗം കേൾക്കാൻ പോയതാണ്. ശിവഗിരി തീർത്ഥാടന പന്തലിൽ പോയി മറ്റു തീർത്ഥാടകർക്കൊപ്പം ഇരിക്കുകയായിരുന്നു, സംഘാടകർ ആരും തിരക്കിനിടയിൽ അദ്ദേഹത്തെ തിരിച്ചറിഞ്ഞുമില്ല സ്വീകരിച്ചുമില്ല.

എന്നാൽ ശിവഗിരി തീർത്ഥാടനത്തിൻറെ ഉദ്‌ഘാടന സമ്മേളനം ആരംഭിച്ചപ്പോൾ വേദിയിൽ ഇരുന്ന ഇ എം എസ് സദസിൽ ഇരിക്കുന്ന അയ്യപ്പൻമാഷിനെ കണ്ടു. ശിവഗിരി സ്വാമിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം അദ്ധ്യക്ഷ പ്രസംഗത്തിന് എഴുന്നേറ്റ മുഖ്യമന്ത്രി കൂടിയായ ഇ എം എസ്. തൻറെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത് പ്രോട്ടോകോൾ അനുസരിച്ച് ആദ്യം അഭിസംബോധന ചെയ്യേണ്ട രാഷ്ട്രപതിയ അഭിസംബോധന ചെയ്തുകൊണ്ടല്ല. ഓഡിയൻസിൽ ഉണ്ടായിരുന്ന അയ്യപ്പൻ മാഷിനെ അഭിസംബോധന ചെയ്തുകൊണ്ടാണ്. ” ഒരായുസുകൊണ്ട് നാലുജന്മം ജീവിച്ചു തീർത്ത. വെറും കെ അയ്യപ്പനായി… അയ്യപ്പൻ മാഷായി…പിന്നീട് പുലയൻ അയ്യപ്പനായി… അവസാനം മലയാളിയുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട നിഷേധി സഹോദരൻ അയ്യപ്പനാണ് ആധുനീക കേരളത്തിൻറെ സൃഷ്ടാവ് എന്ന് അയ്യപ്പൻമാഷിന് നേരെ കൈചൂണ്ടി പറഞ്ഞുകൊണ്ട് ആണ് പ്രസംഗം ആരംഭിച്ചത്. അതോടെ അവിടെയുള്ളവരെല്ലാം അയ്യപ്പൻ മാഷിൻറെ നേരെ തിരിഞ്ഞതോടെ സംഘടകർക്ക് ഗത്യന്തരമില്ലാതെ സഹോദരൻ അയ്യപ്പനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി ഇരുത്തേണ്ടി വരികയും നോട്ടീസിൽ പേരില്ലാതിരുന്നിട്ടും ആ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ ആയി മാറുകയും ചെയ്തതാണ്.

അവിടെനിന്നും അദ്ദേഹം അവസാനമായി പ്രസംഗിച്ചതും ശ്രീനാരയണീയരുടെ അന്ധവിശ്വാസത്തെ കുറിച്ചായിരുന്നു എങ്കിലും യുക്തിവാദികൾ വെറുതെ വിട്ടില്ല എന്നതാണ് വാസ്തവം.

ഇ എം എസ് ന് വ്യക്തിപരമായി വലിയ ബഹുമാനമുള്ള ആളായിരുന്നു സഹോദരൻ. താൻ മാർക്സിസത്തക്കുറിച്ചും ലെനിനിനക്കുറിച്ചും റഷ്യൻ വിപ്ലവത്തെക്കുറിച്ചുമൊക്കെ ആദ്യമായി വായിക്കുന്നത് സഹോദരൻ പത്രത്തിൽ കമ്യൂണിസ്റ്റ്കാരൻ അല്ലാതിരുന്ന സഹോദരൻ അയ്യപ്പൻ എഴുതിയിരുന്ന ലേഖനങ്ങളിൽ നിന്നാണ് എന്ന് ഇ എം എസ് തന്നെ അദ്ദേഹത്തിൻറെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. എങ്കിലും പിന്നീട് അവർ തമ്മിൽ ആശയപരമായി പല വിയോജിപ്പികളും ഉണ്ടായിരുന്നുവെങ്കിലും അവസാന നാളിലെ കേരള ചരിത്രത്തിലെ സുപ്രധാനവും വിപ്ലവകരവുമായ മുഖ്യമന്ത്രിയുടെ ഈ പ്രോട്ടോകോൾ ലംഘനം വ്യക്തിപരമായി ഇ എം എസ് ൻറെ മനസിൽ സഹോദരന് ഉണ്ടായിരുന്ന സ്ഥാനം എന്തെന്ന് വെളിവാക്കുന്നതാണ്. എന്നാൽ ഇ എംഎസ് സൃഷ്ടിക്കാൻ ശ്രമിച്ച നവകേരളം അവിടുന്നൊക്കെ യു ടേൺ അടിച്ചു അയ്യപ്പ സംഗമത്തിലും കുംഭമേളയിലുമൊക്കെ എത്തിനിൽക്കുകയാണ് എന്നത് വേറെ കാര്യം!

ഇ എം എസ് മാത്രമല്ല സി. അച്യുത മേനോനും സഹോദരൻ പറയുന്നതാണ് ശരി എന്ന് തനിക്ക് പിന്നീട് തോന്നിയിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.

ഇന്ന് മാർച്ച് 19: നവകേരളത്തിന്റെ ശില്പി, ഇ. എം. എസ്‌. ഓർമ്മ ദിനം ആണ്. ഈ ദിനത്തിൽ മുൻ കേരളാ മുഖ്യമന്ത്രിയുടെ ഈ പ്രോട്ടോകാൾ ലംഘനമാണ് കുറിക്കാൻ തോന്നിയത്.

“വ്യക്തികളായ നേതാക്കന്മാർ നേതാക്കന്മാരായി വന്നത് അവരീ രാജ്യത്തെ ജനങ്ങളെ സേവിച്ചത് കൊണ്ടാണ്. ജനങ്ങളെ സേവിക്കാമെന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാൻ എപ്പോൾ ഏത് നേതാക്കൾ തുടങ്ങിയാലും ആ നേതാവിനെ ജനങ്ങൾ പിന്തള്ളും”ഇ. എം. എസ്‌.

Leave a Reply

Your email address will not be published. Required fields are marked *