Wed. Jun 10th, 2026

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചതിനെ തുടർന്ന് ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾ കൂട്ടത്തോടെ ദിശമാറ്റി ഇന്ത്യയിലേക്ക് നീങ്ങുന്നു. ഏഴോളം കപ്പലുകളാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ.

ജനുവരി അവസാനം ബാൾട്ടിക് കടൽ തുറമുഖത്ത് നിന്നും യുറാൽസ് ക്രൂഡുമായി പുറപ്പെട്ട അക്വാ ടൈറ്റൻ എന്ന കപ്പൽ തെക്കൻ ചൈനാക്കടലിൽ വെച്ച് യാത്ര അവസാനിപ്പിച്ചു ഇന്ത്യയിലേക്ക് വരുന്നുണ്ട്. കപ്പൽ ട്രാക്കിങ് വിവരങ്ങൾ പ്രകാരം മാർച്ച് 21ന് കപ്പൽ നവമംഗലാപുരത്ത് എത്തും. ചൈനയിലെ റിഷാവോ തുറമുഖത്തേക്ക് പോകാനായിരുന്നു ഈ കപ്പൽ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി താൽക്കാലികമായി വർധിപ്പിക്കാൻ അമേരിക്ക ഇന്ത്യക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് കപ്പൽ യാത്രയിൽ മാറ്റം വരുത്തിയത്. ഇറാൻ യുദ്ധത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഏതാണ്ട് 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ ഇതിനോടകം സ്വന്തമാക്കിയത്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ കൂടുതൽ രാജ്യങ്ങൾക്ക് അനുമതി ലഭിച്ചതോടെ ചൈനയിലേക്ക് പോകേണ്ട കപ്പലുകൾ വ്യാപകമായി ഇന്ത്യയിലേക്ക് തിരിച്ചുവിടുകയാണ്. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനയിലേക്ക് പോകുകയായിരുന്ന കുറഞ്ഞത് ഏഴ് കപ്പലുകളെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

ഇതിന് പുറമെ കസാഖ്സ്ഥാൻ സി പി സി ബ്ലെൻഡ് ക്രൂഡുമായി ചൈനയിലേക്ക് പോയിരുന്ന സുയസ്മാക്സ് സൗസൗ എൻ എന്ന കപ്പലും ദിശ മാറ്റി ഇന്ത്യയിലേക്ക് വരികയാണ്. മാർച്ച് 25ന് ഈ കപ്പൽ സിക്കയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ റിഫൈനറികളെല്ലാം ഇപ്പോൾ റഷ്യൻ ക്രൂഡ് ഓയിൽ വിപണിയിൽ സജീവമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *