Mon. Apr 6th, 2026

ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളം താത്കാലികമായി അടച്ചു. ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതോടെ കേരളത്തിൽ നിന്നുള്ള വ്യോമഗതാഗതം താറുമാറായി. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തുനിന്നും പുലർച്ചെ ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനങ്ങൾ യാത്ര മധ്യേ തിരിച്ചുവിട്ടു. തിരുവനന്തപുരത്ത് നിന്ന് 353 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അവിടെത്തന്നെ തിരിച്ചിറക്കി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനവും മണിക്കൂറുകൾക്ക് ശേഷം മടങ്ങിയെത്തി. ആദ്യം വിമാനത്തിനുള്ളിൽ കാത്തിരിക്കാൻ യാത്രക്കാരോട് നിർദ്ദേശിച്ചെങ്കിലും സാഹചര്യം മോശമായതോടെ യാത്ര റദ്ദാക്കി എല്ലാവരോടും വീടുകളിലേക്ക് മടങ്ങാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ദുബായ് വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകളിൽ തീപിടിത്തമുണ്ടായി. എന്നാൽ തീ നിയന്ത്രണവിധേയമാണെന്നും ആളപായമില്ലെന്നും ദുബായ് ഭരണകൂടം അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും വ്യാപകമായ രീതിയിൽ ഡ്രോൺ ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 34 ഡ്രോണുകൾ സൗദി ലക്ഷ്യമാക്കി എത്തിയതായാണ് വിവരം.

അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ചയ്ക്കോ കരാറിനോ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. വെടിനിർത്തലിനായി ഇറാൻ ആഗ്രഹിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പൂർണ്ണമായും തള്ളി. യുദ്ധം അമേരിക്കയുടെയും ഇസ്രയേലിന്റെയും തീരുമാനമാണെന്നും തങ്ങൾ അതിന് തയ്യാറാണെന്നുമാണ് ഇറാന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *