Tue. Apr 7th, 2026

✍️ ലിബി.സി എസ്

കേരളത്തില്‍ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിപ്പിച്ച് സവര്‍ണ മേധാവിത്വത്തിനെതിരേ ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്ന കണ്ണൻ തേവൻ താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന പൂത്തോട്ട ക്ഷേത്രത്തിൽ ബലമായി കയറി ദർശനം നടത്തിയ ഈ സമരത്തെ പൂത്തോട്ട കേസ് എന്നറിയപ്പെടുന്നു. ഈ സമരമായിരുന്നു വൈക്കം സത്യാഗ്രഹത്തിന്‍റെ തുടക്കം എന്നു പറയാം. ഇതിന്‍റെ പേരിൽ അറസ്റ്റിലായ തേവൻ ജയിൽ മോചിതനായപ്പോൾ നേരേ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പെട്ട വേമ്പനാട്ടു കായലിലെ പെരുമ്പളം ദ്വീപാണ്‌ ആമചാടി തേവന്റെ ജന്മസ്ഥലം. 1967 വരെ ജീവിച്ചിരുന്ന തേവന്റെ ജനന തിയതിയെപ്പറ്റി വ്യക്തമായ രേഖകളില്ല. പെരുമ്പളത്തുനിന്നും വേമ്പനാട്ടു കായലിലൂടെ ബോട്ടില്‍ 15 മിനിട്ടു യാത്ര ചെയ്‌താല്‍ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പൂത്തോട്ടയിലെത്താം. ഇപ്പോൾ കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം നിർമ്മിച്ചിട്ടുള്ളത് പെരുമ്പളത്തേയ്ക്കാണ്. മറ്റൊരു പ്രത്യേകതയും പൂത്തോട്ടക്കുണ്ട്‌. അത്‌ എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളുടെ സംഗമസ്ഥാനം എന്നുള്ളതാണ്‌. പെരുമ്പളത്തുകാര്‍ വൈക്കത്തേക്കും എറണാകുളത്തേക്കും യാത്രചെയ്യുന്ന പ്രധാന മാര്‍ഗ്ഗവും ഇതു തന്നെയാണ്‌. തേവന്റെ കാലത്ത്‌ സര്‍വീസ്‌ ബോട്ടുകള്‍ ഉണ്ടായിരുന്നില്ല. വള്ളമായിരുന്നു ഏക ആശ്രയം.

നാലാംവയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട തേവന്‍, തന്റെ മാതാപിതാക്കള്‍ കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്ന കണ്ണേത്ത് വീട്ടിലെ അച്ചുക്കുട്ടിയമ്മയുടെ കാരുണ്യത്തിലാണ് ബാല്യകൌമാരങ്ങള്‍ പിന്നിട്ടത്. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ അരങ്ങുവാണ കാലത്ത് ഒരു പുലയക്കിടാവിനെ തന്റെ മക്കള്‍ക്കൊപ്പം വളര്‍ത്താനും വിദ്യാഭ്യാസം നല്‍കാനും തയ്യാറായ അച്ചുക്കുട്ടിയമ്മയാകും തേവന്‍ ആദ്യമായി നേരില്‍ക്കണ്ട സാമൂഹ്യപരിഷ്കര്‍ത്താവ്.

എഴുത്തും വായനയും പഠിച്ച തേവന്‍ ജാതിചിന്തയുടെ ദുര്‍ഗന്ധപൂരിതമായ സമൂഹത്തിലേക്ക്‌ ഇറങ്ങി നടന്നു. ഈ കാലത്താണ്‌ വായനയില്‍ കമ്പമുണ്ടായിരുന്ന തേവന്‍ പല പുസ്‌തകങ്ങളിലേക്കും കണ്ണെറിഞ്ഞത്‌. അത്‌, നെറികേടു കള്‍ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള അറിവും ഊര്‍ജ്ജവുമായി തേവനില്‍ നിറഞ്ഞു.

അങ്ങനെയാണ്‌ തേവന്‍ തൊട്ടടുത്തുള്ള ആമചാടി തുരുത്തില്‍ എത്തുന്നത്‌. അവിടെ ഒരു കുടില്‍ കെട്ടി താമസം തുടങ്ങി. ഈ കാലത്താണ്‌ തേവന്റെ വിവാഹം നടന്നത്‌. ഭാര്യയുടെ പേര്‌ കാളി എന്നായിരുന്നു. ഒരാണും മൂന്നു പെണ്ണും അവര്‍ക്കു പിറന്നു. ആ ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. കാളി മരിച്ചു. തേവന്‍ രണ്ടാമത്‌ പൊന്നാച്ചിയെ വിവാഹം കഴിച്ചു. അതില്‍ എട്ട്‌ മക്കള്‍ പിറന്നു.

പൂത്തോട്ടക്കും പെരുമ്പളത്തിനും ഇടക്കുള്ള ആറേഴു തുരുത്തുകളില്‍ പ്രധാനപ്പെട്ടതാണ്‌ ആമചാടി തുരുത്ത്‌. ഊരും പേരുമില്ലാത്ത ശവങ്ങള്‍ മറവുചെയ്യപ്പെടുന്നത്‌ ഇവിടെയാ യിരുന്നു. ആമകള്‍ കായലിലേക്ക്‌ ചാടിയിറങ്ങുന്നതും കരയിലേക്ക്‌ ചാടിക്കയറുന്നതും ഇവിടത്തെ ഒരു പതിവു കാഴ്‌ചയായിരുന്നു. ആമചാടി തുരുത്ത്‌ എന്ന്‌ പേരു ലഭിച്ചത്‌ ഈ കൗതുക കാഴ്‌ചയില്‍ നിന്നുമാകാം.

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠക്കുശേഷം ഒരിക്കല്‍ ശ്രീനാരായണഗുരു വീണ്ടും ഇവിടെ എത്തുകയുണ്ടായി. അന്ന്‌, വളരെ ദൂരെ മാറി നിന്ന തേവനെ തന്റെ സന്നിധിയിൽ വിളിച്ചുവരുത്തി നീ തേവനല്ല ‘ദേവനാണ് ‘എന്ന് പറഞ്ഞ് അനുഗ്രഹിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ അദ്ദേഹത്തിന്‌ വഴിമാറി ചിന്തിക്കാനുള്ള കരുത്തായി നലകൊണ്ടു. വൈക്കം സത്യഗ്രഹ സമരത്തിന്റെ ഭാഗമായി പുറപ്പെട്ട ആദ്യ ജാഥയിൽ ടികെ മാധവനൊപ്പം കൊടിപിടിച്ചു മുന്നിൽ നിന്നു നയിച്ച കറുപ്പിന്റെ കരുത്തായിരുന്നു ആമചാടി തേവൻ.

വെള്ള വസ്‌ത്രധാരിയായ തേവനോടും തേവന്റെ പ്രവര്‍ത്തനങ്ങളോടും അമര്‍ഷമുണ്ടായിരുന്ന ഒരു കൂട്ടം മേലാളന്മാര്‍ പിന്‍പടി ചവിട്ടി വരുന്നത്‌ അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരു ദിവസം പൂത്തോട്ട കടവില്‍ നിന്നും കടത്തു വഞ്ചിയിലേക്കു കയറുമ്പോള്‍ ചില സവര്‍ണര്‍ കരുതിക്കൂട്ടി വെച്ചിരുന്ന ചെളി തേവന്റെ വസ്‌ത്രങ്ങളിലേക്ക്‌ വലിച്ചറിഞ്ഞു. അതുകൊണ്ടോന്നും തേവന്‍ ഭയന്നില്ല. അദ്ദേഹം ഒറ്റയാള്‍ പിപ്ലവകാരിയെ പോലെ നിഷേധത്തിന്റെയും തിരസ്‌കാരത്തിന്റെയും ഉള്‍ക്കരുത്തോടെ സവര്‍ണ മേധാവിത്വത്തിനെതിരേ ശ്രേഷ്‌ഠമായി കലഹിച്ചു. ലൊട്ടുലൊടുക്കു വേലകള്‍ കൊണ്ടോന്നും തേവനെ തളക്കാനാവില്ല എന്നു മനസ്സിലാക്കിയ മേലാളര്‍ മറ്റേതെങ്കിലും വിധത്തില്‍ കുടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

അങ്ങിനെ ഏതോ മേലാളക്കഴുകന്മാര്‍ തേവനെതിരേ ഒരു കള്ളക്കേസു കൊടുത്തു. പൊലീസുകാര്‍ ആമചാടി തുരുത്തില്‍ എത്തി. തലേദിവസത്തെ കാലവര്‍ഷത്തിമിര്‍പ്പില്‍ കുടിലിലേക്ക്‌ ചോര്‍ന്നൊലിച്ച വെള്ളക്കെട്ടില്‍ കുതിര്‍ന്നുപോയ പുസ്‌തകശേഖരം ഒരു കീറത്തഴപ്പായില്‍ വെയിലത്തിട്ടുണക്കുകയായിരുന്നു തേവനപ്പോള്‍. ഈറന്‍ വിട്ടുമാറാത്ത, മെഴുകിയ ചാണകം അടര്‍ന്നുപോയ ഇറയത്ത്‌ ഒരു പായവിരിച്ചിട്ട്‌ തേവന്‍ വിനയത്തോടെ പൊലീസുകാരനോട്‌ ഇരിക്കുവാന്‍ പറഞ്ഞു.

വായനയില്‍ കമ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ മുറ്റത്തു നിരത്തിയിട്ടിരുന്ന നനഞ്ഞ പുസ്‌തകങ്ങളിലേക്ക്‌ കണ്ണോടിച്ചു. അക്കാലത്ത്‌ പലര്‍ക്കും കേട്ടറി വുപോലുമില്ലാത്ത വിലപ്പെട്ട കൃതികള്‍ ഒരു കീഴാളന്റെ വീട്ടുമുറ്റത്ത്‌ വെയിലേറ്റു കിടക്കുന്ന ആ കാഴ്‌ച പൊലീസ്‌ ഇന്‍സ്‌പെക്ടറെ വിസ്‌മയിപ്പിച്ചു എന്നതാണ്‌ സത്യം.

“താങ്കളുടെ പേരില്‍ ഒരു കേസുണ്ട്‌. വിളിച്ചുകൊണ്ടു പോകാനാണ്‌ ഞങ്ങള്‍ വ്‌ന്നത്‌. ഈ പരാതിയില്‍ പറയുന്ന കുറ്റം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല എന്നെനിക്ക്‌ പൂര്‍ണബോധ്യ മുണ്ട്‌. ഞങ്ങള്‍ പോകുന്നു. തേവന്‍, ഞാനൊന്ന്‌ അന്വേഷി ക്കട്ടെ”. ഇന്‍സ്‌പെക്ടര്‍ പറഞ്ഞു നിര്‍ത്തി. തേവന്‍ നിശബ്ദനായി നിന്നതേയുള്ളൂ.

മടങ്ങിയ പൊലീസുകാര്‍ക്കൊപ്പം തേവനും വള്ളക്കടവുവരെ അവരെ അനുഗമിച്ചു. വഞ്ചി തീരം വിട്ടപ്പോള്‍ ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തിനു നേരേ നോക്കി ചിരിച്ചു. തേവന്‌ ആശ്വാസമായി. മേലാളരുടെ കയ്യാങ്കളിയുടെ കാപട്യങ്ങള്‍ കായലിലേക്ക്‌ വലിച്ചറിഞ്ഞ്‌ കീഴാളക്കരുത്തോടെ തേവന്‍ ജന്മത്തിന്റെ പടവുകളിലൂടെ മുന്നോട്ടു നടന്നു.

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നവോത്ഥാന പ്രതിഭകളുടെ അശ്രാന്ത പരിശ്രമങ്ങള്‍ മൂലം മേലാളരുടെ അഹങ്കാരത്തിന്‌ ഉശിരു നഷ്ടപ്പെട്ടു കൊണ്ടിരുന്ന കാലം. കോൺഗ്രസിൻറെ അയിത്തോച്ചാടന സമരപ്രഖ്യാപനങ്ങളുടെ അലയടികള്‍ തിരുവിതാംകൂറിലേക്കും പടര്‍ന്നുതുടങ്ങി. വൈക്കം സത്യാഗ്രഹത്തിനുള്ള ഒരുക്കു കൂട്ടല്‍ ആരംഭിക്കുന്നതേയുള്ളൂ. അങ്ങനെ പൂത്തോട്ടയിലെത്തിയ ടി കെ മാധവന്‍ ആമചാടി തേവനെ പരിചയപ്പെട്ടു. തേവനെന്ന കറുപ്പിന്റെ കരുത്തിനെ ടി കെ മാധവന്‍ നെഞ്ചോടു ചേര്‍ത്തു. അത്‌ മറ്റൊരു സമര സന്നാഹത്തിന്റെ തമരിന്‌ തീകൊളുത്തി.

ഒരു ദിവസം പൂത്തോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദീപാരാധനക്ക്‌ കൈകൂപ്പിനിന്ന അമ്പലവാസികള്‍ക്കിടയിലൂടെ തേവന്റെ കൈപിടിച്ച്‌ ടി കെ മാധവന്‍ ശ്രീകോവിലിന്റെ മുന്നിലേക്ക്‌ നടന്നു കയറി. നേരിയ ഇരുളിന്റെ മറവില്‍ പെട്ടെന്ന്‌ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഒരു നിമിഷം, എല്ലാം കലങ്ങി മറിഞ്ഞു. അശുദ്ധം, അശുദ്ധം എന്നു പറഞ്ഞുകൊണ്ട്‌ അവിടെയുണ്ടായിരുന്നവര്‍ നാലുപാടും ഒഴിഞ്ഞു മാറി. ആരേയും കൂസാതെ ക്ഷേത്രത്തില്‍ കയറിയ ഇവരെ എതിര്‍ക്കാന്‍ അവിടെയുണ്ടായിരുന്നവര്‍ക്ക്‌ കരുത്തുണ്ടായിരുന്നില്ല. അവർ രണ്ട് അവർണ്ണരിൽ നിന്നും ദൈവത്തെ രക്ഷിക്കാൻ ശ്രീകൃഷ്ണ വിഗ്രഹവും ഇളക്കിയെടുത്ത് ഓടി. അതുവരെ തീരുമാനത്തിലെത്താത്ത വൈക്കം പോരാട്ടത്തിൻറെ “ട്രയല്‍ റണ്‍” ആയിരുന്നു അവിടെ നടന്നത് എന്നാണ് വിലയിരുത്തുന്നത്. അതിനർത്ഥം അവിടെ റിലേ നിരാഹാരമല്ല ആദ്യം ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തം. തീണ്ടൽ പലക എടുത്തുകളഞ്ഞിട്ട് വിലക്കപ്പെട്ട വഴിയിലൂടെ നടക്കാൻ പുലയരും ഈഴവരും വൈക്കത്ത് സംഘടിച്ചതുമാണ്. പിന്നീട് ചില ജാതിവാലന്മാരയ ഇപ്പോൾ കൊണ്ടാടപ്പെടുന്ന വൈക്കം സത്യാഗ്രഹ നേതാക്കളാണ് അതിനെ രണ്ടുവർഷം നീണ്ടുനിന്ന റിലേ സത്യാഗ്രഹമാക്കി മാറ്റിയതും, അവസാനം പ്രധാനവഴിയിലൂടെ അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും നടക്കുന്ന വഴിയിലൂടെ നടക്കാം എന്ന ഔദാര്യത്തിൽ സമരം അവസാനിപ്പിച്ചതും.

പൂത്തോട്ട ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ വിഷയത്തിൽ സവര്‍ണര്‍ അടങ്ങിയിരുന്നില്ല. ടി കെ മാധവനും തേവനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളം രണ്ടുപേരും കോട്ടയം ജയിലില്‍ ശിക്ഷിതരായി കഴിഞ്ഞു. നീചാചാരങ്ങളുടെ നടവരമ്പില്‍ യാത്ര മുറിക്കപ്പെട്ടെത്തിയ സവര്‍ണാധിപത്യ ത്തിന്റെ നെറുകയില്‍ അഗ്നിയായി കത്തിപ്പടരാനുള്ള ആവേശവുമായാണ്‌ അവര്‍ ജയില്‍ വിമോചിതരായത്‌. അങ്ങനെ വൈക്കം സമരഭടന്മാര്‍ക്കൊപ്പം തേവന്‍ ചേര്‍ന്നു.

1924 മാര്‍ച്ച്‌ 30 ന്‌ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം മുതല്‍ തന്നെ തേവന്‍ സജീവമായി പങ്കെടുത്തു. കെ പി കേശവമേനോന്‌ തേവനോട്‌ ഒരു പ്രത്യേക താല്‍പ്പര്യമു ണ്ടായിരുന്നു. അതുകൊണ്ടാ യിരിക്കാം അദ്ദേഹം മഹാത്മജിക്ക്‌ തേവനെ പരിചയപ്പെടുത്തിക്കൊടുത്തത്‌. മദ്യപിക്കരുതെന്നും ഹരിജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കണമെന്നും വൃത്തിയുള്ള വസ്‌ത്രം ധരിക്കാന്‍ അവരെ ബോധ്യപ്പെടുത്തണമെന്നും ഓലകൊണ്ടുള്ള ആഭരണങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കണമെന്നും ഗാന്ധിജി തേവനെ അടുത്തു വിളിച്ച്‌ ഉപദേശിച്ചു എന്നുള്ളത്‌ ഒരു കൊച്ചു കാര്യമല്ല. അതൊക്കെ ചരിത്രകാരന്മാര്‍ മറന്നത്‌ തേവന്‍ ഒരു കീഴാളനായതിനാലാണ്‌.

വൈക്കത്ത്‌ തീണ്ടല്‍ പലകയുടെ അതിര്‍ത്തി ലംഘിച്ചു നടന്ന ആദ്യ സത്യാഗ്രഹികളായ കുഞ്ഞപ്പിയേയും ബാഹുലേയനേയും ഗോവിന്ദപ്പണിക്കരേയും അറസ്റ്റ്‌ ചെയ്‌തപ്പോള്‍ മഹാത്മാഗാന്ധിക്ക്‌ ജയ്‌ വിളിച്ചുകൊണ്ട്‌ നിന്ന സമരക്കാരില്‍ ഒരാള്‍ തേവനായിരുന്നു. വൈക്കം സത്യാഗ്രഹത്തിനിടയില്‍ കാസചികിത്സക്കായി തിരുവനന്തപുര ത്തേക്ക്‌ പോയ ടി കെ മാധവന്‌ കത്ത്‌ മുഖാന്തിരം വിവരങ്ങളൊക്കെ കൈമാറിയത്‌ ആമചാടി തേവനായിരുന്നു വെന്ന്‌ കോട്ടുകോയിക്കല്‍ വേലായുധന്‌ ടി കെ മാധവന്‍ കൊല്ലത്തുനിന്നും അയച്ച കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (മഹാത്മാഗാന്ധി സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗത്തിന്റെ “വൈക്കം സത്യാഗ്രഹ രേഖകള്‍” എന്ന പുസ്‌തകം. പേജ്‌ 243 )

ഒരുദിവസം സത്യാഗ്രഹ പന്തലില്‍ നിന്നും വൈകിട്ട്‌ മടങ്ങിയ ആമചാടി തേവന്റേയും രാമനിളയതിന്റേയും കണ്ണിലേക്ക്‌ ഇണ്ടംതുരുത്തി നമ്പൂതിരിയുടെ ഗുണ്ടകള്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം കൊലഞ്ഞിലില്‍ മുക്കി ചിതറിച്ചൊഴിച്ചു. ചുണ്ണാമ്പിനൊപ്പം കമ്മട്ടിപ്പാലും ഉണ്ടായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടത്‌ കേസരിയുടെ ലേഖനത്തില്‍ നിന്നുമാണ്‌.

വൈക്കം സത്യാഗ്രഹ സമര നേതാക്കള്‍ക്കൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ട തേവനേയും കോട്ടയം സബ്‌ജയിലിലേക്ക്‌ കൊണ്ടുപോയി. ജയിലിലെ ക്രൂരമര്‍ദ്ദനവും കാഴ്‌ച മങ്ങലും കൂടിയായപ്പോള്‍ തേവന്‍ ആരോഗ്യപരമായി തളര്‍ന്നു. ഇക്കാലമത്രയും തേവന്റെ ഭാര്യയും കുട്ടികളും വൈക്കം ആശ്രമത്തിലാണ്‌ താമസിച്ചത്‌. ജയിലില്‍ നിന്നും തിരിച്ചെത്തിയ തേവന്‌ ആമചാടി തുരുത്തില്‍ കാണാനായത്‌, തന്റെ കൊച്ചു കുടിലിന്റെ തറ മാത്രമായിരുന്നു. ഓലയും തൂണും വാരിയുമൊക്കെ ഏതോ മേലാളക്കഴുകന്മാര്‍ കൊത്തിവലിച്ച്‌ കായലില്‍ താഴ്‌ത്തിക്കളഞ്ഞു.

വിവരമറിഞ്ഞെത്തിയ ടി കെ മാധവന്റെ ശ്രമഫലമായി തേവന്‌ ഒരേക്കര്‍ സ്ഥലം പതിച്ചു കിട്ടി. അതില്‍ അവശേഷിക്കുന്ന സ്ഥലത്ത്‌ ഇപ്പോള്‍ തേവന്റെ വീടും സ്‌മൃതിമണ്ഡപവും മാത്രം ഏതാണ്ട്‌ അനാഥമായിക്കൊണ്ടിരിക്കുന്ന ഈ സ്ഥലത്തേക്ക്‌ ഹൈടെക്‌ സംസ്‌കാരത്തിന്റെ കാലനക്കം ഉണ്ടാകാതെയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. കാലം അങ്ങനെയാണ്‌. പക്ഷെ, ഇന്നത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി വിയര്‍ത്ത്‌ ഒരു പാവം മനുഷ്യന്റെ മനസിന്റെ സ്‌പന്ദനങ്ങള്‍ ഈ അസ്‌തിമാടത്തില്‍ നിന്നും നിങ്ങള്‍ക്കു കേള്‍ക്കാം; മൗനപ്പെട്ടു പോയെങ്കിലും.

മഹാത്മാഗാന്ധി ദില്ലിയില്‍നിന്നും തേവന്‌ കണ്ണിലൊഴിക്കാന്‍ ഹോമിയോ മരുന്ന്‌ അയച്ചുകൊടുത്തിരുന്നു. കാഴ്‌ചയില്‍ സാമാന്യം മാറ്റങ്ങളുണ്ടായെങ്കിലും അതിനേക്കാളേറെ തെളിമയായി തേവനില്‍ നിലകൊണ്ടത്‌ മഹാത്മജി ഒരു സാധു മനുഷ്യനെ മറന്നില്ലല്ലോ എന്നുള്ളതാണ്‌.

സഹനത്തിന്റെ വേദന ഉള്ളിലൊതുക്കി ആരോടും പരിഭവമില്ലാതെ ജീവിതാനുഭവങ്ങളെ ഗുണിച്ചും ഹരിച്ചും മരണം വരെ ശുഭപ്രതീക്ഷകളുമായി കാഴ്‌ചക്കപ്പുറത്തേക്ക്‌ മനസുചേര്‍ത്തുവെച്ചു കാതോര്‍ത്ത ഈ രാജ്യസ്‌നേഹിയെ സമൂഹം ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക്‌ വലിച്ചെറിഞ്ഞതില്‍ പുതിയ ലോകത്തിന്‌ വലിയ പ്രശ്‌നമായി തോന്നില്ല. കാരണം പഴയ കാലത്തേക്കാള്‍ ഗുരുതരമായ മതചിന്ത പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു.

തേവന്റെ കൂട്ടുകാരി പൊന്നാച്ചിയുടെ ചരമവാര്‍ത്തയറിഞ്ഞ്‌ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പോലും ആ വഴിക്ക്‌ ചെന്നിട്ടില്ലെന്ന്‌ തേവന്റെ മക്കള്‍ പറയുന്നു. സവര്‍ണ നെറികേടിന്റെ തമ്പ്രാക്കന്മാരുടെ നെഞ്ചിലേക്ക്‌ തേവന്‍ വലിച്ചെറിഞ്ഞ അമര്‍ഷപ്പന്തങ്ങളിലൊന്ന്‌ പുതിയ തലമുറയുടെ നേരെയും വരുന്നുണ്ട്‌ എന്നുള്ളത്‌ മറ്റൊരു വാസ്‌തവം.”കറുപ്പിന്റെ കരുത്ത്‌ ഈ തുരുത്തില്‍ അവസാനിക്കുന്നില്ല മക്കളേ….”

കടപ്പാട്: ദളിത് ബന്ധു എൻ .കെ ജോസ് / ഡോ. ഹരികു മാർ വിജയലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *