Sun. Jun 21st, 2026

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെ പിന്തുണച്ച് കോൺഗ്രസ് എം പി ശശി തരൂർ രംഗത്തെത്തി. ഫ്രാൻസിലെ എവിയാനിൽ നടന്ന ജി7 ഉച്ചകോടിയുടെ വേദിയിൽ വെച്ചായിരുന്നു 16 മാസങ്ങൾക്ക് ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച നടന്നത്.

യുദ്ധസമയങ്ങളിൽ വാണിജ്യ കപ്പലുകളിലെ സിവിലിയൻ നാവികർ ആക്രമിക്കപ്പെടരുത് എന്ന ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായും രഹസ്യമായും ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി ശശി തരൂർ വ്യക്തമാക്കി. സിവിലിയൻ നാവികർ സൈനികരല്ലെന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും തരൂർ ഓർമ്മിപ്പിച്ചു. ബ്ലോക്കേഡുകൾ ലംഘിക്കുന്നുണ്ടെങ്കിൽ അതിന് മറ്റു വഴികൾ തേടണമെന്നും ആളുകളെ കൊല്ലരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് ഓഫ് ഒമാനിൽ യു എസ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചുവെന്ന് കോൺഗ്രസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ വാഷിംഗ്ടണിനോട് ഖേദപ്രകടനമോ മാപ്പോ ചോദിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടയിലാണ് തരൂരിന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്.

ശശി തരൂരിന്റെ പ്രസ്താവനയെ ബി ജെ പി പൂർണ്ണമായി സ്വാഗതം ചെയ്തു. ശശി തരൂരിന്റെ വാക്കുകൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തുറന്നുകാട്ടുന്നതാണെന്ന് ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. രാജ്യതാത്പര്യം സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രിയാണ് മുൻപന്തിയിലെന്നും എന്നാൽ രാജ്യതാത്പര്യത്തിനെതിരെ സംസാരിക്കുന്നതിൽ രാഹുൽ ഗാന്ധിയാണ് മുന്നിലെന്നും അദ്ദേഹം ആരോപിച്ചു. കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ മികച്ച വ്യക്തിത്വമുള്ളയാളെന്നും കർക്കശക്കാരനായ ചർച്ചക്കാരനെന്നും ട്രംപ് വിശേഷിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *