Mon. Jun 15th, 2026

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറയുടെ ഭര്‍ത്താവ് പി എ നിഷാദിനെ മുസ്ലിം ലീഗ് ക്വാട്ടയില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ലീഗ് പ്രവര്‍ത്തകര്‍. എം എസ് എഫ് നേതാക്കളും നജ്മ തബ്ഷീറയും നിഷാദുമടക്കം നിരവധി പേര്‍ അംഗങ്ങളായ ‘എം എസ് എഫ് ഇന്ത്യ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ പരിഹാസവും വിമര്‍ശനങ്ങളും അധിക്ഷേപവും തുടരുകയാണ്.

സീനിയറായ നിരവധി പേരെ മറികടന്ന് നിഷാദിനെ നിയമിച്ചതില്‍ ലീഗ് അഭിഭാഷക സംഘടനയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയില്‍ ഇനി 54 നിയമനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. എല്ലാ സ്വാധീനവും ഉപയോഗിച്ച് പദവികള്‍ കയ്യടക്കാനുള്ള മത്സരമാണ് അഭിഭാഷക സംഘടനയില്‍ നടക്കുന്നത്.

വക്കാണം കൂടിയും പാര്‍ട്ടിയെ ഒറ്റിയും ബാര്‍ഗയിന്‍ പൊളിറ്റിക്സിലൂടെ ഇന്നലെ കയറിവന്ന അധികാരി കുടുംബത്തിന് ദുനിയാവില്‍ ആശ്രിതന നിയമനവുമെന്ന് ഒരാള്‍ പരിഹസിച്ചു. കെ ടി ജലീലിനെ ബന്ധു നിയമനത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് എന്ത് പറയാനുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തു. മരുമോനിസത്തിന് ശേഷം പുയ്യാപ്ലയിസം വന്നു എന്നാണ് സഖാക്കള്‍ പറയുന്നത്. മറുപടി കൊടുക്കാന്‍, ഈ വക്കീല്‍ പാര്‍ട്ടിക്ക് വേണ്ടി കോട്ടിട്ട ഒരു കേസ് പോലുമില്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയായ നജ്മ തബ്ഷീറ നിലവില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ്. നജ്മക്ക് പുറമേ ഭര്‍ത്താവ് നിഷാദിന് വന്‍ തുക മാസ ശമ്പളമുള്ള ഗവ.പ്ലീഡര്‍ പദവി നല്‍കിയതാണ് വിമര്‍ശകരില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.

ജലീലിന്റെ കൊച്ചാപ്പയുടെ മകന്‍ അദീബിനുള്ളതിനേക്കാള്‍ എന്ത് യോഗ്യതയാണ് ഭര്‍ത്താവുദ്യോഗമല്ലാതെ പരിമിത സീറ്റിലും തിരുകിക്കയറ്റിയ അഡ്വ. മുകുന്ദനുണ്ണിക്കുള്ളത്? ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ പദവി മാറ്റിവെച്ചാല്‍ മര്യാദക്കൊരു കേസ് നടത്തി വിജയിപ്പിച്ച കഥയെങ്കിലും ആപ്പീസില്‍ എടുക്കാന്‍ ഉണ്ടാകുമോ?’ ചെറുപ്പം മുതല്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത് നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് ആഖിറത്തില്‍ അര്‍ശിന്റെ തണല്‍-ഇങ്ങനെ പോകുന്നു കമന്റുകള്‍.

സംഘടനാ പ്രവര്‍ത്തകര്‍ തന്നെ പ്രതികരണവുമായി രംഗത്തുവന്നതോടെ നിയമനം ലിഗിനകത്ത് വലിയ ചര്‍ച്ചയാവുകയാണ്. നിഷാദ് നിലവില്‍ പാര്‍ട്ടി ഘടകങ്ങളിലൊന്നുമില്ല. ഹൈക്കോടതിയിലെ ലീഗ് അഭിഭാഷക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് തബ്ഷിറയെ പിന്തുണക്കുന്നവര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *