മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 330 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. തിയേറ്റർ കളക്ഷന് പുറമേ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ കൂടി ചേർത്താണ് ചിത്രം ഈ വമ്പൻ നേട്ടം കൈവരിച്ചത്. റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകൾക്കുള്ളിൽ 100 കോടി കടന്ന ചിത്രം, ഏഴ് ദിവസം കൊണ്ട് 200 കോടിയും പിന്നിട്ടിരുന്നു. റിലീസിന്റെ 30-ാം ദിവസം തികയുമ്പോഴാണ് ചിത്രം 330 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടത്.
ചരിത്രനേട്ടത്തിൽ സന്തോഷം പങ്കുവെച്ച് മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പും പോസ്റ്ററും പങ്കുവെച്ചു. “അതിരുകൾ താണ്ടിയ നാഴികക്കല്ല്”, “മലയാള സിനിമയുടെ ചരിത്രം” എന്നിങ്ങനെയാണ് പോസ്റ്ററിൽ നേട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. “കേരളത്തിൽ നിന്ന് തുടങ്ങിയ കഥ ഭാഷകളും അതിരുകളും കടന്ന് ലക്ഷക്കണക്കിന് ഹൃദയങ്ങളിലേക്ക് സഞ്ചരിച്ചു. 13 വർഷങ്ങൾക്കും മൂന്ന് അധ്യായങ്ങൾക്കും അപ്പുറം ചരിത്രം സൃഷ്ടിച്ച് യാത്ര തുടരുന്നു. ഈ സിനിമയെ സ്വന്തമായി ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി,” എന്ന് മോഹൻലാൽ കുറിച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫും ലാലിനൊപ്പമുള്ള പോസ്റ്ററാണ് പുറത്തുവന്നത്.
തിയേറ്ററിൽ എത്തും മുൻപേ തന്നെ ‘ദൃശ്യം 3’യുടെ ആഗോള തിയേറ്ററിക്കൽ റൈറ്റ്സും മറ്റ് അവകാശങ്ങളും വൻ തുകയ്ക്ക് വിറ്റുപോയിരുന്നു. പെൻ സ്റ്റുഡിയോസുമായി ചേർന്ന് പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ അവകാശങ്ങൾ സ്വന്തമാക്കിയത്. ദൃശ്യം ഹിന്ദി പരമ്പര നിർമ്മിച്ചതും പനോരമയായിരുന്നു.
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ചിത്രം ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോ വഴി ഒടിടിയിൽ എത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടിയിൽ ലഭ്യമാകും. മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗവും പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നൽകിയെന്നത് തിയേറ്ററുകളിൽ നിന്നുള്ള മികച്ച പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

