Sun. Jun 14th, 2026

കൊച്ചി: മലയിടംതുരുത്ത് പര്യത്തുകാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപെടലിലൂടെ രമ്യമായ പരിഹാരമാകുന്നു. പര്യത്തുകാവ് നിവാസികള്‍ക്ക് അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിനടതുത്ത് തന്നെ അഞ്ച് സെന്റ് സ്ഥലവും അതിലേക്ക് ആവശ്യമുള്ള റോഡ് സൗകര്യവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി റോജി എം ജോണ്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ ചേംബറില്‍ ഭൂമിയില്‍ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം. കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഭൂമിയില്‍ പുതിയ വീട് വച്ച് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിന് ഇവര്‍ക്ക് അവസരം നല്‍കും.

പുതിയ വീടിന്റെ പണി തീരുന്നതുവരെ നിലവിലെ വീടുകളില്‍ തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇരുവിഭാഗങ്ങളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിടും. ഈ കരാര്‍ അഡ്വക്കേറ്റ് ജനറല്‍ മുഖേന 16ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

വീട് പണി പൂര്‍ത്തിയാകുന്നതു വരെയുള്ള നടപടിക്രമങ്ങള്‍ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആര്‍ഡിഒ, ഡിവൈഎസ്പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *