Sat. Jun 13th, 2026

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെ പാർട്ടി പൂർണ്ണമായി സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ലെന്നും ആവശ്യമായ എല്ലാ നിയമപരമായ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. എസ്എച്ച്ഒയ്ക്കും ആഭ്യന്തര മന്ത്രിക്കും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും, പാർട്ടി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ശൈലികളെയും അദ്ദേഹം വിമർശിച്ചു. അന്വേഷണ ഏജൻസികൾ വരുമ്പോൾ വാഹനങ്ങൾ തല്ലിത്തകർക്കുന്നതാണ് സിപിഐഎം ശൈലിയെന്നും, നരേന്ദ്ര മോദിക്കെതിരെയുള്ള കോൺഗ്രസിന്റെ മുൻകാല നിലപാടുകളും സമാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപി അത്തരം അക്രമങ്ങൾക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്തുവർഷത്തെ ഇടതുപക്ഷ ഭരണവും ഇപ്പോഴത്തെ കോൺഗ്രസ് ഭരണവും കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് അറിഞ്ഞിട്ടും ജനങ്ങളെ കബളിപ്പിക്കാനായി കെഎസ്ആർടിസി സൗജന്യ യാത്ര പോലുള്ള അപ്രായോഗിക വാഗ്ദാനങ്ങൾ യുഡിഎഫ് നൽകുകയാണെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. മോദി സർക്കാരിനു കീഴിൽ രാജ്യം വികസനത്തിന്റെ പാതയിലാണെന്നും, കഴിഞ്ഞ പന്ത്രണ്ട് വർഷമായി രാജ്യം വലിയ മാറ്റങ്ങളാണ് കൈവരിച്ചതെന്നും പ്രധാനമന്ത്രിയുടെ കഠിനാധ്വാനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *