തൃശൂർ: എം.ജി സർവ്വകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് ബി.ജെ.പി – ആർ.എസ്.എസ് പശ്ചാത്തലമുള്ളവരെ നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശനെതിരെ കടുത്ത വിമർശനവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. മുൻ സർക്കാരാണ് ഗവർണർക്ക് പാനൽ നൽകിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആർ. ബിന്ദു വ്യക്തമാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അങ്ങനെയൊരു പാനലും സമർപ്പിച്ചിട്ടില്ലെന്നും ചാൻസലർ എന്ന നിലയിൽ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ നിയമനങ്ങളാണിതെന്നും ബിന്ദു ചൂണ്ടിക്കാട്ടി.
പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും ഈ കുറിപ്പടിയെക്കുറിച്ച് ഒരു അഭിപ്രായവ്യത്യാസം പോലും രേഖപ്പെടുത്താൻ തയ്യാറായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റികളിൽ കാവിവൽക്കരണം നടത്താൻ ഗവർണർ തുടക്കമിട്ട പദ്ധതികൾ പുതിയ യു.ഡി.എഫ് സർക്കാർ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് ആർ. ബിന്ദു ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. പുതിയ സർക്കാർ വന്നതിനുശേഷം നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മുൻ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ട.
അതേസമയം, തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സർവ്വകലാശാലകളിലെ പുതിയ നിയമനങ്ങളുടെ പഴി മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ എൽ.ഡി.എഫ് സർക്കാരിന് മേൽ ചാരുന്നത്. ഗവർണർ ആളുകളെ നിയമിക്കാൻ തുടങ്ങിയത് യു.ഡി.എഫ് സർക്കാർ വന്നതിനു ശേഷമല്ലെന്ന് സതീശൻ തിരിച്ചടിച്ചു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ തന്നെ ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നിരുന്നു. എം.ജി സെനറ്റിലേക്ക് പാനൽ നൽകേണ്ടിയിരുന്നത് കഴിഞ്ഞ സർക്കാരായിരുന്നുവെന്നും, തങ്ങൾ വന്ന ഉടൻ തന്നെ കാവിവൽക്കരണം തുടങ്ങി എന്ന് പറയുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. വിഷയം നിയമപരമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എം.ജി സർവ്വകലാശാലാ സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ പുറത്തിറക്കിയ 19 പേരുടെ നാമനിർദ്ദേശ പട്ടികയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ബിജെപി- ആർഎസ്എസ് പശ്ചാത്തലമുള്ളവരെയായിരുന്നു ഗവർണർ ആർലേക്കർ നാമനിർദ്ദേശം ചെയ്തത്. 30 അംഗ സെനറ്റിൽ 19 പേരുടെ പട്ടികയായിരുന്നു ഗവർണർ പുറത്തിറക്കിയിരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ശങ്കരരാമൻ, എബിവിപി പ്രവർത്തക എസ് മേഘ തുടങ്ങിയവരെയാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. ഇവർക്ക് പുറമെ നിരവധി ബി.ജെ.പി അധ്യാപക സംഘടനാ നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിനെതിരെ സി.പി.ഐ.എമ്മും എസ്.എഫ്.ഐയും കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
G

