Wed. Jun 10th, 2026

പത്തനംതിട്ട: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭര്‍ത്താവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതില്‍ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജനങ്ങള്‍ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാന്‍ ആയിരുന്നില്ല എന്നാണ് കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. ബന്ധു നിയമനം പ്രതിഷേധാര്‍ഹം എന്ന് യാക്കോബായ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികള്‍. നടപടി ഉടന്‍ പിന്‍വലിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫിനെ പരസ്യമായി പിന്തുണച്ചയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. നിലവിലെ ഭരണത്തില്‍ മാറ്റം വേണമെന്നുള്ള അദ്ദേഹത്തിന്റെ തുറന്ന പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സഹോദരി ഭര്‍ത്താവിനെ പേഴ്‌സണല്‍ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിട്ടും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നില്ല. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദം.

Leave a Reply

Your email address will not be published. Required fields are marked *