ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും സംബന്ധിച്ച വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. എൻ.ടി.എ പുനഃസംഘടിപ്പിക്കണമെന്നോ പിരിച്ചുവിടണമെന്നോ ആവശ്യപ്പെട്ട് മെഡിക്കൽ അസോസിയേഷനുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. കേസിൽ എൻടിഎ കൗണ്ടർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മെഡിക്കൽ വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെയും സംഘടനകളായ എഫ്.എം.എ.ഐ.എ, യു.ഡി.എഫ് എന്നിവർ നൽകിയ ഹർജിയിൽ മെയ് 29 വെള്ളിയാഴ്ച കോടതി വീണ്ടും വാദം കേൾക്കും. നിലവിലെ എൻ.ടി.എ സംവിധാനം പരാജയപ്പെട്ട സാഹചര്യത്തിൽ, കൂടുതൽ സുരക്ഷിതവും അത്യാധുനികവുമായ ഒരു സ്വയംഭരണ പരീക്ഷാ ബോർഡ് രൂപീകരിക്കണം. വിരമിച്ച സുപ്രീം കോടതി ജഡ്ജി, സൈബർ വിദഗ്ധർ എന്നിവരടങ്ങുന്ന സമിതിയുടെ മേൽനോട്ടത്തിൽ പരീക്ഷകൾ വീണ്ടും നടത്തണം.
ചോദ്യപ്പേപ്പർ ചോർച്ച തടയാൻ ഡിജിറ്റൽ ലോക്കിങ് സംവിധാനം കൊണ്ടുവരികയും പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത മോഡലിലേക്ക് മാറ്റുകയും ചെയ്യുക. മുൻപ് പരീക്ഷാ പരിഷ്കരണത്തിനായി നിയോഗിച്ച കെ. രാധാകൃഷ്ണൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണം എന്നിങ്ങനെയാണ് ഹർജിക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഈ മാസം ആദ്യവാരമാണ് നീറ്റ് യുജി പരീക്ഷ നടത്തിയത്. എന്നാൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ചോദ്യപ്പേപ്പർ ചോർന്നതായുള്ള ആരോപണങ്ങൾ ഉയർന്നുവരികയും രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾക്ക് കാരണമാവുകയുമായിരുന്നു.

