Wed. Jun 10th, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻറെ സെക്രട്ടറിയായി രത്തൻ കേൽക്കറെ നിയമിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. പശ്ചിമ ബംഗാളിൽ സമാനമായ സാഹചര്യത്തിലുണ്ടായ നിയമനത്തിന് സമാനമാണിതെന്നും, ഇത് മുഖ്യമന്ത്രി മാത്രം അറിഞ്ഞു നടത്തിയ തീരുമാനമാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ നിയമനത്തിന് പിന്നിൽ മറ്റ് ഇടപാടുകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട എം.വി. ഗോവിന്ദൻ, ഇതിൽ വ്യക്തമായ ‘ഡീൽ’ ഉണ്ടെന്നും വൈകാതെ അത് പുറത്തുവരുമെന്നും പറഞ്ഞു. പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനെയാണ് ഈ പദവിയിലേക്ക് കൊണ്ടുവന്നതെന്നും, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കോ കെ.സി. വേണുഗോപാലിനോ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലിന് കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കോൺഗ്രസിനുള്ളിൽ തന്നെ വലിയ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നിയമനം ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വലിയ വിമർശനമാണ് ഉന്നയിച്ചിരുന്നത്. അന്ന് ആ നിയമനത്തെ ശക്തമായി എതിർത്ത രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും, കേരളത്തിൽ സമാനമായ സംഭവം നടന്നപ്പോൾ മൗനം പാലിക്കുന്നത് ബിജെപിയും ആയുധമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ ഒത്തുകളിയുണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്ന കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ് ഇപ്പോൾ കേരളത്തിലുണ്ടായിരിക്കുന്ന ഈ നിയമനം. ഇതേത്തുടർന്ന് കോൺഗ്രസിനെ ദേശീയതലത്തിൽ കടന്നാക്രമിക്കുകയാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *