Wed. Jun 10th, 2026

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് കേസ് കേൾക്കുക. ഭൂമിയുടെ അവകാശം തങ്ങൾക്കാണെന്ന് കാണിച്ച് പെരുമ്പാവൂർ മുൻസിഫ് കോടതി നൽകിയ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലയിടംതുരുത്ത് സ്വദേശികളായ സുഭദ്ര, അംബിക എന്നിവർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഈ വർഷം മാർച്ച് 19-ന് മുൻസിഫ് കോടതി ഉത്തരവ് നടപ്പിലാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കലിനായി അധികൃതർ എത്തിയെങ്കിലും വലിയ സംഘർഷമാണ് ഉണ്ടായത്. തുടർന്ന് സർക്കാർ ഇടപെടുകയും കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കാര്യങ്ങൾ ഇവിടം വരെ എത്തിയത്. മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ സബ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകിയെങ്കിലും എല്ലാം തള്ളുകയായിരുന്നു. 2023 ഫെബ്രുവരിയിൽ സുപ്രീം കോടതിയും വിധി ശരിവെച്ചു. ഒരു കോടതി വിധി വെറും കടലാസ് കഷ്ണമാകാൻ അനുവദിക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കാൻ ജസ്റ്റിസ് ടി.ആർ. രവി നേരത്തെ നിർദ്ദേശിച്ചത്.

പ്രശ്നം പരിഹരിക്കാൻ മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ താമസക്കാരുമായി ചർച്ചകൾ നടന്നിരുന്നു. സർക്കാർ ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ലഭിച്ചില്ലെങ്കിൽ, കുടിയിറക്കപ്പെടുന്ന കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *