ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായ മാർക്കോ റൂബിയോ ഡൽഹിയിലെത്തി. വെറുമൊരു സാധാരണ സന്ദർശനമല്ലിത്. ഡൽഹിയിലെ ‘സേവാ തീർത്ഥിൽ’ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റൂബിയോ നടത്തിയ കൂടിക്കാഴ്ചയിൽ പുറത്തുവന്നത് ആഗോള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന തന്ത്രപരമായ അച്ചുതണ്ടുകളുടെ കഥയാണ്. റഷ്യൻ എണ്ണ ഇറക്കുമതി മുതൽ ചൈനയെ പൂട്ടാനുള്ള ക്വാഡ് സഖ്യം വരെ മേശപ്പുറത്ത് ചർച്ചയാകുമ്പോൾ, ട്രംപിന്റെ പ്രത്യേക ക്ഷണം മോദിക്ക് കൈമാറിക്കൊണ്ട് അമേരിക്ക വ്യക്തമാക്കുന്നു “ഇന്ത്യയില്ലാതെ അമേരിക്കയ്ക്ക് നിലനിൽപ്പില്ല” എന്താണ്.
മെയ് 23 രാവിലെ കൊൽക്കത്തയിലാണ് മാർക്കോ റൂബിയോയും ഭാര്യ ജീനറ്റും അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും അടങ്ങുന്ന ഉന്നതതല സംഘം വിമാനമിറങ്ങിയത്. ഒരു പതിറ്റാണ്ടിനിടെ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. മദർ തെരേസയുടെ മദർ ഹൗസ് സന്ദർശിച്ച് മാനവികതയുടെ സന്ദേശത്തോടെ തുടങ്ങിയ യാത്ര, ഉച്ചയ്ക്ക് ശേഷം നേരെ ഡൽഹിയിലെത്തിയതോടെ കടുത്ത തന്ത്രപരമായ നയതന്ത്രത്തിലേക്ക് വഴിമാറി.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച കേവലം ചർച്ചകളിൽ ഒതുങ്ങിയില്ല. ട്രംപിന് വേണ്ടി വൈറ്റ് ഹൗസിലേക്ക് മോദിയെ ക്ഷണിച്ചുകൊണ്ടാണ് റൂബിയോ തങ്ങളുടെ താല്പര്യം പരസ്യമാക്കിയത്. “സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തവും പ്രാദേശിക-ആഗോള സമാധാനവും ചർച്ച ചെയ്തു” എന്ന് മോദി എക്സിൽ കുറിച്ചപ്പോൾ, “ഇന്ത്യ അമേരിക്കയുടെ അവിഭാജ്യ പങ്കാളിയാണ്” എന്നാണ് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്. ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് നൽകുന്ന അമിത പ്രാധാന്യത്തിന്റെ തെളിവാണിത്.
ഈ സന്ദർശനത്തിൽ ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ അജണ്ട ‘ഊർജ്ജ സുരക്ഷ’ തന്നെയാണ്. യുക്രെയിൻ പ്രതിസന്ധിയും ആഗോള ഉപരോധങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുകയാണ്. ഇതിൽ അമേരിക്കയ്ക്ക് നേരിയ അതൃപ്തിയുണ്ടെങ്കിലും, ഇന്ത്യയെ പിണക്കാൻ അവർ തയ്യാറല്ല. പകരം, അമേരിക്കയുടെ പക്കലുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസും ക്രൂഡ് ഓയിലും ഇന്ത്യയ്ക്ക് വൻതോതിൽ വിൽക്കാനാണ് റൂബിയോയുടെ നീക്കം.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പ് മിയാമിയിൽ വെച്ച് റൂബിയോ മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ് “ഇന്ത്യ എത്ര വാങ്ങാൻ തയ്യാറാണോ, അത്രയും ഊർജ്ജം നൽകാൻ അമേരിക്ക സന്നദ്ധമാണ്.” വെനസ്വേലൻ ക്രൂഡ് ഓയിൽ വിതരണത്തിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള സാധ്യതകളും അമേരിക്ക മുന്നോട്ട് വെക്കുന്നുണ്ട്. അതായത്, റഷ്യൻ എണ്ണയെ പൂർണ്ണമായി തള്ളാതെ തന്നെ, അമേരിക്കൻ ഊർജ്ജ വിപണി ഇന്ത്യയ്ക്ക് മുന്നിൽ തുറന്നിട്ട് നയതന്ത്ര വിജയം നേടാനാണ് റൂബിയോയുടെ ശ്രമം.
മേയ് 26-ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഈ സന്ദർശനത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി എന്നിവർക്കൊപ്പം റൂബിയോയും ഈ യോഗത്തിൽ പങ്കെടുക്കും. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ ഏകപക്ഷീയമായ കടന്നുകയറ്റങ്ങളെ തടയുക എന്നതാണ് ക്വാഡിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച്, അർദ്ധചാലകങ്ങളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിതരണ ശൃംഖലയിൽ ചൈനയ്ക്കുള്ള ആധിപത്യം തകർക്കാൻ അമേരിക്ക രൂപീകരിച്ച ‘പാക് സിലിക്ക’ സഖ്യത്തിൽ ഇന്ത്യ ഇതിനകം പങ്കാളിയാണ്. ചൈനയെ പ്രതിരോധിക്കാൻ തന്ത്രപ്രധാനമായ ധാതുക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന വമ്പൻ കരാറുകൾ ഈ ദിവസങ്ങളിൽ ഒപ്പുവെക്കപ്പെടും.
ഞായറാഴ്ച ഹൈദരാബാദ് ഹൗസിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റൂബിയോ വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. നിയമപരമായ വശങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്ന് അമേരിക്കൻ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ടെക്നോളജി കൈമാറ്റം, പ്രതിരോധ സാമഗ്രികളുടെ സംയുക്ത നിർമ്മാണം എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. ഡൽഹിക്ക് പുറമെ ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങൾ കൂടി സന്ദർശിക്കുന്ന റൂബിയോ, ഇന്ത്യയുടെ സാംസ്കാരിക പൈതൃകം നേരിട്ടറിയാനും ഈ യാത്ര ഉപയോഗപ്പെടുത്തുന്നുണ്ട്.
വ്യാപാര തർക്കങ്ങളും ഉപരോധ ഭീഷണികളും നിലനിൽക്കുമ്പോഴും, അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ ഈ നാല് ദിവസത്തെ സുദീർഘമായ ഇന്ത്യൻ സന്ദർശനം ഒരു കാര്യം ഉറപ്പിച്ചു പറയുന്നു ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ ഇന്ന് ആർക്കും അവഗണിക്കാൻ കഴിയാത്ത വിധം വളർന്നു കഴിഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം ഒരിക്കലും ‘അമേരിക്ക എലോൺ’ (അമേരിക്ക ഒറ്റയ്ക്ക്) എന്നല്ലെന്നും, ഇന്ത്യയെപ്പോലെയുള്ള വിശ്വസ്ത പങ്കാളികൾ അവർക്ക് അനിവാര്യമാണെന്നും അമേരിക്കൻ അംബാസഡർ വ്യക്തമാക്കിയത് വെറുതെയല്ല. വരും ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് പുറത്തുവരുന്ന പ്രഖ്യാപനങ്ങൾ ഏഷ്യയുടെയും ലോകത്തിന്റെയും ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ മാറ്റിമറിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

