തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാര്‍. പദ്ധതി പ്രായോഗികമല്ലാത്തതിനാല്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കി. സില്‍വര്‍ ലൈനിന് പകരം സ്പീഡ് കോറിഡോര്‍, അതിവേഗ ഇടനാഴി എന്നിവ പരിഗണനയിലുണ്ട്. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സില്‍വര്‍ ലൈനിനെതിരായ സമരവുമായി ബന്ധപ്പെട്ട പോലീസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശിപാര്‍ശ കോടതിയില്‍ സമര്‍പ്പിക്കും. പദ്ധതിക്കായി നാട്ടിയ മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് സബ് കമ്മിറ്റിയുടെ വിശദമായ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശന്‍ പറഞ്ഞു.
പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതായുള്ള പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. 2026 ആഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടും.
വിഷന്‍ 2031 നടപ്പിലാക്കും. 100 ദിവസത്തെ കര്‍മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കും. പദ്മ പുരസ്‌കാരം ശിപാര്‍ശ സമര്‍പ്പിക്കാന്‍ സമിതി നിര്‍മിക്കും. യു ഡി എഫ് പ്രകടന പത്രികയിലെ കാര്യങ്ങള്‍ വകുപ്പുകള്‍ക്ക് വിഭജിച്ച് നല്‍കി.
വന്ദേമാതരം മുഴുവന്‍ പാടിയത് ലോക്ഭവന്‍ നിര്‍ദേശ പ്രകാരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്ന കാര്യം വേദിയില്‍ വെച്ചാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

